ADVERTISEMENT

“നമുക്ക് കാണാവുന്നത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ പൊതുമേഖല ബാങ്കുകളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ എത്രയുണ്ട്? അതുമായിട്ട് താരതമ്യപ്പെടുത്തുമ്പോൾ ഇത് വല്ലതും അങ്ങനെ ഒരു വലിയ പ്രശ്നമാണോ” മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്ക് മുമ്പ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്. പതിനായിരക്കണക്കിന് കോടി രൂപ പല ബാങ്കുകളിൽ നിന്നും കൊള്ളയടിച്ചത്, ബാങ്കുകൾ തകർന്നത്,  കൊള്ളയടിച്ചവർ രാജ്യംവിട്ട് വിദേശത്തേക്ക് കടന്നത് - ഇവയെക്കുറിച്ചും പിന്നീടദ്ദേഹം പറയുന്നു. 

അടുത്ത മാസം മുതൽ വായ്പയ്ക്ക് ചെലവേറുമോ? Read more...

പൊതുമേഖല ബാങ്ക് ആയ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും നീരവ് മോദി എന്ന ഡയമണ്ട് വ്യവസായി 11,400 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നതാണ് ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിൽ നടന്നതിൽ വച്ചേറ്റവും വലിയ തട്ടിപ്പ്. കരുവന്നൂർ ബാങ്ക് തിരിമറിയിൽ 126 കോടി രൂപ തിരിച്ചു പിടിക്കാനാണ് സഹകരണ വകുപ്പ് ഉത്തരവിട്ടത്. തട്ടിപ്പ് തുക 126 കോടിയല്ല; 300 കോടിയാണെന്ന് ആരോപണമുണ്ട്. ഉറപ്പില്ലാത്തതുകൊണ്ട് തൽക്കാലം 126 കോടിയായി കരുതാം. അങ്ങനെയെങ്കിൽ മന്ത്രി പറയുന്നത് തികച്ചും ന്യായമല്ലേ? 

കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുമ്പോൾ അകത്ത് സായുധ കാവൽ നിൽക്കുന്ന സിആർപിഎഫ് ഭടൻ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുമ്പോൾ അകത്ത് സായുധ കാവൽ നിൽക്കുന്ന സിആർപിഎഫ് ഭടൻ. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

പക്ഷേ കരുവന്നൂർ ബാങ്കിലെ നിക്ഷേപം 300 കോടി രൂപയാണ്. അതിൽ നിന്നാണ് 126 കോടി വെട്ടിപ്പ് നടന്നത്. അതായത് നിക്ഷേപത്തിന്റെ 42%  തട്ടിച്ചു. അതേസമയം നീരവ് മോദി തട്ടിപ്പ് നടത്തുമ്പോൾ പഞ്ചാബ് നാഷണൽ ബാങ്കിലെ നിക്ഷേപം 6.75 ലക്ഷം കോടി രൂപയായിരുന്നു. തട്ടിച്ചുകൊണ്ട് പോയ 11,400 കോടി രൂപ ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 1.75% മാത്രം. കരുവന്നൂർ ബാങ്കിൽ തട്ടിച്ചതിന്റെ  90 ഇരട്ടിയാണ് നീരവ് മോദി തട്ടിച്ചതെങ്കിൽ, കരുവന്നൂർ ബാങ്കിന്റെ 917 മടങ്ങ് ആയിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിലെ നിക്ഷേപം എന്നത് കാണാതെ പോകരുത്. ഇതുകൊണ്ടാണ് മന്ത്രി നടത്തിയ താരതമ്യം യുക്തിഹീനമാകുന്നത്. 

ഇനി മന്ത്രി നടത്താതെ പോയൊരു താരതമ്യം കൂടി നോക്കാം. ആർബിഐ നിയന്ത്രണത്തിലുള്ള പൊതുമേഖല/സ്വകാര്യ ബാങ്കുകളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നപ്പോഴും നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടുമുണ്ടായില്ല. പക്ഷേ തട്ടിപ്പ് നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും കരുവന്നൂരിലെ നിക്ഷേപകർക്ക് കിട്ടിയത് അവർ നിക്ഷേപിച്ചതിന്റെ ഒരംശം മാത്രമാണ്. 

കരുവന്നൂർ സഹകരണ ബാങ്ക് നൂറാം വാർഷിക സ്മാരകമാക്കാൻ നിർമാണമാരംഭിച്ച ബഹുനിലക്കെട്ടിടം. ചിത്രം: മനോരമ
കരുവന്നൂർ സഹകരണ ബാങ്ക് നൂറാം വാർഷിക സ്മാരകമാക്കാൻ നിർമാണമാരംഭിച്ച ബഹുനിലക്കെട്ടിടം. ചിത്രം: മനോരമ

തട്ടിപ്പ് നിക്ഷേപത്തിന്റെ 1.75% ആകുമ്പോൾ അത് നിലനിൽപ്പിനെ ബാധിക്കില്ല. പക്ഷേ 42% തട്ടിപ്പ് നടക്കുന്നത് ബാങ്കിന്റെ നിലനിൽപ്പിനെ വല്ലാതെ ബാധിക്കുമെന്നതിൽ സംശയമില്ല. നീരവ് മോദി തട്ടിപ്പിന് ശേഷവും പഞ്ചാബ് നാഷണൽ ബാങ്കിന് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാൻ സാധിച്ചു; പുതിയ നിക്ഷേപകരെത്തി; പുതിയ വായ്പകൾ കൊടുക്കാനും ബാങ്കിന്  കഴിഞ്ഞു. എന്നാൽ ഈ മൂന്ന് കാര്യങ്ങളും കരുവന്നൂർ ബാങ്കിൽ സംഭവിച്ചില്ല: അവർക്കതിന് കഴിഞ്ഞില്ല.

തട്ടിപ്പ് നടത്തിയത്  ഭരണസമിതി

നീരവ് മോദി തട്ടിപ്പ് നടത്താൻ കൂട്ടുനിന്നത് പിഎൻബിയിലെ ഒരു ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെങ്കിൽ ഭരണസമിതി നടത്തിയ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. ഇതുമായി താരതമ്യം ചെയ്യാവുന്നത് സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്കിൽ നടന്ന തട്ടിപ്പാണ്. യെസ് ബാങ്കിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തത്‌ എംഡിയും സിഇഒയും ആയ റാണ കപൂർ ആണ്. 2020 മാർച്ചിൽ യെസ് ബാങ്ക് ഡയറക്ടർ ബോർഡിനെ അസാധുവാക്കി ആർബിഐ നിയന്ത്രണം ഏറ്റെടുത്തശേഷം നടത്തിയ ഓഡിറ്റിലാണ് ബാങ്കിലെ കിട്ടാക്കടത്തിന്റെയും തട്ടിപ്പിന്റെയും യഥാർത്ഥ ചിത്രം പുറത്തുവന്നത്. 32,877 കോടിയായിരുന്നു മൊത്തം കിട്ടാക്കടം. അവരുടെ മൊത്തം വായ്പയുടെ 19.17%. പക്ഷേ ഇത് മുഴുവനും തട്ടിപ്പിലൂടെയുള്ള കിട്ടാക്കടമല്ല, അല്ലാതെയുള്ള തുമുണ്ട്. ഇനി മൊത്തം തട്ടിപ്പിലൂടെയുള്ള കിട്ടാക്കടമാണെന്ന് കരുതിയാലും കരുവന്നൂർ ബാങ്ക് കൊള്ളയുടെ പകുതിയിൽ താഴെ മാത്രമാണ് യെസ് ബാങ്കിൽ നടന്ന കൊള്ള. അഥവാ റാണ കപൂറിനെ ബഹുദൂരം പിന്നിലാക്കി കരുവന്നൂർ ബാങ്ക് ഭരണസമിതി!

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാനായി ബാങ്കിന്റെ കവാടത്തിനു മുന്നിൽ കാത്തുനിൽക്കുന്നവർ. (ഫയൽ ചിത്രം :  മനോരമ)
തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കാനായി ബാങ്കിന്റെ കവാടത്തിനു മുന്നിൽ കാത്തുനിൽക്കുന്നവർ. (ഫയൽ ചിത്രം : മനോരമ)

ഐഡിബിഐ ബാങ്കാണ് കിട്ടാക്കടത്തിൽ ഏറ്റവും മുന്നിൽനിന്ന പൊതുമേഖല ബാങ്ക്. 2018 സെപ്റ്റംബറിൽ 60,875 കോടി ആയിരുന്നു കിട്ടാക്കടം. അതായത് മൊത്തം വായ്പയുടെ 31.78%. ഐഡിബിഐ ബാങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ വലിയ വായ്പാ തട്ടിപ്പു നടന്നിരുന്നു. എന്നാൽ ഇത്രയും ഭീമമായ കിട്ടാക്കടത്തിന്റെ കാരണം തട്ടിപ്പുകൾ മാത്രമായിരുന്നില്ല. ഇവർ കൊടുത്ത കോർപ്പറേറ്റ് വായ്പകൾ പലതും പിന്നീട് മാന്ദ്യം നേരിട്ട മേഖലകളിലായിരുന്നു. അങ്ങനെ യഥാർത്ഥ ബിസിനസ് പരാജയം കാരണവും ബാങ്കിനു വലിയ തോതിൽ കിട്ടാക്കടമുണ്ടായി. ഇങ്ങനെയുള്ള വായ്പ 10% എന്ന് കണക്കാക്കിയാൽ തട്ടിപ്പ് വഴിയുള്ള കിട്ടാക്കടം 22 ശതമാനത്തിലെത്തുന്നു. ഇവിടെയും കരുവന്നൂർ ബാങ്ക് ഭരണസമിതി ബഹുദൂരം മുന്നിലാണ്!

സംശയം ന്യായമാണ്

ഈ താരതമ്യങ്ങളെല്ലാം കരുവന്നൂരിലെ തട്ടിപ്പ് 126 കോടി മാത്രമാണെന്ന അനുമാനത്തിലാണ്. തട്ടിപ്പ് 200 കോടിയാണെന്നും 300 കോടിയുടെ അടുത്തു വരുമെന്നും  പറയുന്നവരുണ്ട്. 126 കോടിയാണ് തട്ടിപ്പ് നടത്തിയതെങ്കിൽ ബാക്കി 175 കോടിയിൽ മറ്റ് ആസ്തികൾക്ക് ശേഷമുള്ള തുകയുടെ മുഖ്യപങ്ക് നല്ല വായ്പകളായിരിക്കില്ലേ? ഇതിന്റെ തിരിച്ചടവിലൂടെ പണം നിക്ഷേപകർക്ക് തിരിച്ചു കൊടുത്തുകൂടെ? 

karuvannur-bjp

പക്ഷേ അങ്ങനെ ഇതുവരെ കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തട്ടിപ്പു 126 കോടിയിലധികമാണെന്ന് ന്യായമായും സംശയിക്കണം. അഥവാ കരുവന്നൂർ ബാങ്ക് ഭരണസമിതി മേൽപ്പറഞ്ഞ ബാങ്ക് തട്ടിപ്പുകാരെ ഒന്നുകൂടി നിഷ്‌പ്രഭരാക്കുന്നു! കരുവന്നൂർ ബാങ്ക് ഭരണസമിതിയെ യെസ് ബാങ്കിനെയോ ഐഡിബിഐ ബാങ്കിനെയോ ഏൽപ്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?  ഇനി പറയൂ “അത് ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ ഇത് വല്ലതും അങ്ങനെ ഒരു വലിയ പ്രശ്നമാണോ”

ശതമാന കണക്കിൽ ചെറുതായതുകൊണ്ട് നീരവ് മോദി കൊള്ളയടിച്ച 11,400 കോടി  നിസ്സാരമാണ് എന്നാണോ പറഞ്ഞുവരുന്നത്? ഒരിക്കലുമല്ല, ബാങ്ക് തട്ടിപ്പു ഒരു രൂപയുടേതായാലും തട്ടിപ്പുകാരെ ശിക്ഷിക്കണം, പണം തിരിച്ചുപിടിക്കണം. ഇനി ഈ തട്ടിപ്പുകാരെ സംരക്ഷിക്കാൻ കേന്ദ്രമോ സംസ്ഥാനമോ ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾ കൂട്ടുനിന്നെങ്കിൽ അവരും ശിക്ഷർഹരാണ്.

കരുവന്നൂരിനെ കടത്തിവെട്ടിയ തട്ടിപ്പ്

കരുവന്നൂർ ബാങ്ക് വായ്പ സഹകരണ സംഘം മാത്രമാണ്; ആർബിഐ അവരെ ബാങ്ക് ആയി കണക്കാക്കുന്നില്ല.  ആർബിഐയുടെ നിയന്ത്രണമോ സംരക്ഷണമോ ഈ ബാങ്കുകൾക്കോ ഇതിലെ നിക്ഷേപങ്ങൾക്കോ ഇല്ല. ആർബിഐ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ സംസ്ഥാന/ജില്ലാ ബാങ്കുകളും അർബൻ ബാങ്കുകളുമാണ്. ഇനി കരുവന്നൂരിനെ കടത്തിവെട്ടിയ ബഹു സംസ്ഥാന അർബൻ ബാങ്ക് തട്ടിപ്പിലേക്ക്. 

2019ൽ ആണ് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിന് (പിഎംസി) ആർബിഐ നിയന്ത്രണമേർപ്പെടുത്തിയത്. മൊത്തം നിക്ഷേപത്തിന്റെ 73% തുകയും എച്ച്ഡിഐഎൽ എന്ന ഒരു കമ്പനിക്ക് മരിച്ചുപോയവരുടെയും കടലാസ് കമ്പനികളുടെയും പേരിൽ നൂറു കണക്കിന് വായ്പകളിലൂടെ കൊടുക്കുകയാണ് ബാങ്ക് ചെയ്തത്. ഈ ബാങ്കിനെ 2022ൽ യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്ക് എന്ന പുതിയ ബാങ്കിനെ കൊണ്ട് ആർബിഐ ഏറ്റെടുപ്പിച്ചു. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ ഉടൻ തിരിച്ചുകൊടുത്തു. 5 ലക്ഷത്തിനു മേലുള്ളതിൽ  ബാക്കി തുക അഞ്ചു മുതൽ 10 വർഷം കൊണ്ടേ തിരിച്ചു കിട്ടു.

പക്ഷെ 2020ൽ കിട്ടാക്കടം/തട്ടിപ്പ് എന്നിവകൊണ്ട് പ്രതിസന്ധിയിലായ യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവരെ ഒരു മാസം പോലും എടുക്കാതെയാണ് ആർബിഐ രക്ഷിച്ചെടുത്തത്. കാരണം പിഎംസി ബാങ്ക് ആർബിഐ നിയന്ത്രണത്തിലുള്ളതാണെങ്കിലും സഹകരണ ബാങ്കായതിനാൽ ഭാഗികമായ അധികാരമേ ആർബിഐക്ക് ഉള്ളു. ബാക്കി അധികാരം കേന്ദ്ര/സംസ്ഥാന സഹകരണ റജിസ്ട്രാർക്ക് ആണ്.

 ആർബിഐയുടെ നിയന്ത്രണം പ്രധാനം

എങ്കിൽ എവിടെയാണ് പ്രശ്നം? കേന്ദ്ര സഹകരണ നിയമത്തിനോ സംസ്ഥാന സഹകരണ നിയമത്തിനോ കീഴിലാണോ എന്നതല്ല പ്രശ്നം. ആർബിഐയുടെ നിയന്ത്രണം ഉണ്ടോ എന്നതാണ് പ്രധാനം. ആർബിഐയുടെ പൂർണ നിയന്ത്രണത്തിലല്ലെങ്കിൽ തട്ടിപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. ബാങ്കുകൾ തകരാതിരിക്കുന്നതിന് വിപുലമായ അധികാരങ്ങൾ ആർബിഐക്കുണ്ട്. പ്രതിസന്ധിയിൽ ആകാതിരിക്കാനും ആയാൽ രക്ഷിച്ചെടുക്കാനുമുള്ള പ്രാപ്തിയുമുണ്ട്. ബാങ്കിങ് ലൈസൻസിന് എന്തൊക്കെ യോഗ്യതകൾ വേണം, ബാങ്ക് ഡയറക്ടർമാർ, സിഇഒ തുടങ്ങിയവർക്ക് എന്തൊക്കെ യോഗ്യത വേണം, എന്തൊക്കെ ന്യൂനതകൾ ഇല്ലാതിരിക്കണം എന്നിവ വളരെ  പ്രധാനമാണ്.  മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരല്ലാത്തവർക്ക് ബാങ്കിങ് ലൈസൻസോ ബാങ്കിലെ ഉന്നത സ്ഥാനങ്ങളോ ലഭിക്കില്ല 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ചിനു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ ചെറുത്തു നിൽക്കുന്നവർ.      ചിത്രം: മനോരമ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ചിനു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ ചെറുത്തു നിൽക്കുന്നവർ. ചിത്രം: മനോരമ

താഴെക്കിടയിലുള്ള ബാങ്ക് ഉദ്യോഗസ്ഥനു നടത്താവുന്ന  തട്ടിപ്പുകൾക്ക് പരിധിയുണ്ട്. അതുപോലെയല്ല തലപ്പത്തുള്ള ഭരണസമിതി/ഡയറക്ടർ ബോർഡ്, സിഇഒ തുടങ്ങിയവരുടേത്. ബാങ്കിനെ മൊത്തം പ്രതിസന്ധിയിലാക്കാൻ തലപ്പത്തെ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. വാണിജ്യ ബാങ്കുകളിലെ ഉന്നതസ്ഥാനീയരായി ബാങ്ക് തെരഞ്ഞെടുക്കുന്നവരെ അംഗീകരിക്കുന്നതിൽ ആർബിഐക്ക് അധികാരങ്ങൾ ഉണ്ടായിട്ടുപോലും യെസ് ബാങ്കിലേതുപോലുള്ള അഴിമതികൾ നടന്നു. അപ്പോൾ ഇത്തരം ഭാഗിക നിയന്ത്രണം മാത്രമുള്ള/ ഇല്ലാത്ത സഹകരണ ബാങ്കുകളുടെ സ്ഥിതി എന്തായിരിക്കും?  

ഒരേയൊരു പരിഹാരം

ബാങ്കുകളെ ആർബിഐയുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുകയാകും പരിഹാരം. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾക്കും രാഷ്ട്രീയ പോരുകൾക്കുമപ്പുറം നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷയാണ് പ്രധാനം. എപ്പോൾ വേണമെങ്കിലും തിരിച്ചുകിട്ടുമെന്ന വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് ബാങ്കുകളിലേക്ക് നിക്ഷേപം വരുന്നത്. ബാങ്കുകൾക്ക് നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കാൻ കഴിയുന്നത് ആർബിഐ നിയന്ത്രണത്തിലും മേൽനോട്ടത്തിലും തിരിച്ചുകിട്ടാവുന്ന വായ്പകൾ കൊടുക്കുമ്പോൾ മാത്രമാണ്. വായ്പകൾ വഴിയാണ് സമ്പദ് വ്യവസ്ഥ വളരുന്നത്. സമ്പദ് വ്യവസ്ഥ വളരുമ്പോൾ മാത്രമാണ് നമ്മളേവരുടെയും ജീവിത നിലവാരം ഉയരുന്നത്.

ഇന്ന് നമ്മൾ ജീവിക്കുന്നത് വായ്പാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലാണ്. വായ്പകൾ ലഭ്യമല്ലെങ്കിൽ നമ്മളിലെത്രപേർക്ക് വീട് വയ്ക്കാനാകും; എത്രപേർക്ക് കാറും ബൈക്കും വാങ്ങാനാവും? വായ്പയില്ലാതെ എത്ര ബിസിനസ്സുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയും? നമ്മളേവരും പ്രത്യക്ഷമായോ പരോക്ഷമായോ ബാങ്ക് വായ്പകളുടെ ഗുണഭോക്താക്കളാണ്. ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ആർബിഐയുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരുക. അതിനുവേണ്ടിയുള്ള ഘടനാപരമായ മാറ്റങ്ങൾ നടപ്പിൽ വരുത്താൻ കരുവന്നൂർ, കണ്ടല, പുൽപ്പള്ളി തുടങ്ങിയ ബാങ്ക് പ്രതിസന്ധികൾ പ്രേരകമാകുമെന്ന് പ്രതീക്ഷിക്കാം.

English Summary: Karuvannur Bank Scam; Why It's Big Deal Compared To PSU Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com