എസ് ബി ഐ ഇടപാടുകാരനാണോ? യു പി ഐ പണിമുടക്കിയേക്കാം
Mail This Article
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് യു പി ഐ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണെങ്കിലും, ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് ചില ഇടപാടുകാര്‍ക്ക് യു പി ഐ ഉപയോഗിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഈ തകരാര്‍ പരിഹരിക്കാന്‍ എസ്ബിഐ പരിശ്രമിക്കുന്നുണ്ടെങ്കിലും, ഉപയോക്താക്കള്‍ മറ്റ് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കാന്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബാങ്ക് അധികൃതര്‍ ഔദ്യോഗിക ട്വീറ്റിലൂടെ വ്യക്തമാക്കി.
എന്താണ് പരിഹാരം
യു പി ഐ ഇടപാടുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍, ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കാവുന്നതാണ്. ഫോണ്‍പേ, ഗൂഗിള്‍ പേ, പേ ടി എം എന്നിവയുടെ മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിച്ചും പേയ്മെന്റുകള്‍ നടത്താം.
സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാം
യുപിഐ ഇടപാടുകളും നെറ്റ്ബാങ്കിങ് അക്കൗണ്ടുകളും സുരക്ഷിതമായി ഉപയോഗിക്കുമ്പോള്‍ ശക്തമായ പാസ് വേർഡ് ഉപയോഗിക്കണം. മാത്രമല്ല നിശ്ചിത ഇടവേളകളില്‍ അത് മാറ്റുകയും വേണം. ഇവ ഏതു സാഹചര്യത്തിലായാലും ആര്‍ക്കും കൈമാറാനും പാടില്ല. പബ്ലിക് വൈഫൈ നെറ്റ്‌വര്‍ക്കുകകളിൽ യു പി ഐ ഇടപാടുകളോ നെറ്റ്ബാങ്കിങ് സേവനങ്ങളോ ഉപയോഗിക്കരുത്. ഔദ്യോഗിക യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് മാത്രമേ യുപിഐ ഇടപാടുകള്‍ നടത്താവൂ. നെറ്റ് ബാങ്കിങ്
സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നെറ്റ് ബാങ്കിങ് ആപ്പിലോ മാത്രം ലോഗിന്‍ ചെയ്യുക.
ബാങ്കിനെ അറിയിക്കണം
ഏതെങ്കിലും സാഹചര്യത്തില്‍ ഇടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ട്വിറ്ററിലോ ബാങ്കിന് സന്ദേശം അയ്ക്കുകയോ ചെയ്യാം.