ADVERTISEMENT

നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ പണം പിന്‍വലിക്കുന്നുണ്ടോ. ബാങ്കുകള്‍ അങ്ങനെ ചെയ്യുമോയെന്ന് ചോദിക്കാനൊക്കെ വരട്ടെ. ദേശീയതലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പൈന്‍ നടക്കുന്നുണ്ട്. #StopBankLoot എന്ന പേരിലാണ് ബാങ്കുകള്‍ക്കതിരേ പ്രചാരണം നടക്കുന്നത്. ഹാഷ് ടാഗില്‍ സൂചിപ്പിക്കുന്നതു പോലെ ഇടപാടുകാര്‍ അറിയാതെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് എതിരേയാണ് രാജ്യവ്യാപകമായി ഈ ക്യാമ്പൈന്‍ നടക്കുന്നത്.

എന്തിനാണ് പണം പിന്‍വലിക്കുന്നത്

2015 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY),  പ്രധാനമന്ത്രി സുരക്ഷ ബിമാ യോജന (PMSBY) എന്നിങ്ങനെ രണ്ടു ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കു വേണ്ടിയാണ് മിക്ക ബാങ്കുകളും ഇടപാടുകാര്‍ അറിയാതെ പണം പിന്‍വലിക്കുന്നത്. ആദ്യത്തെ പദ്ധതിക്ക് 330 രൂപയും രണ്ടാമത്തെ പദ്ധതിക്ക് 12 രൂപയുമാണ് വാര്‍ഷിക പ്രീമിയം. മരണം സംഭവിച്ചാല്‍ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലൂടെ അപകട മരണത്തിനും വൈകല്യത്തിനും ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു. ഒരു വര്‍ഷത്തേക്ക് വീണ്ടും പുതുക്കാവുന്ന നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, ഗ്രൂപ്പ് ടേം ഇന്‍ഷുറന്‍സ് പ്ലാനാണിത്.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ച് പൊതു - സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

bank-ac1

പല ഇടപാടുകാരും അക്കൗണ്ടുകളില്‍ നിന്ന് ഈ പദ്ധതികളിലേക്ക് പണം പിന്‍വലിക്കുന്ന കാര്യം അറിയാറില്ല. അതുകൊണ്ടു തന്നെ മരണമോ വൈകല്യമോ സംഭവിച്ചാലും ക്ലയിം ചെയ്യാന്‍ കഴിയാറുമില്ല. ബാങ്കുകളും പണം പിന്‍വലിക്കുന്നതിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബാങ്കുകള്‍ നല്‍കുന്ന സ്റ്റേറ്റ്‌മെന്റുകളിലൂടെയാണ് അനുവാദമില്ലാതെ പണം പിന്‍വലിക്കുന്നതിനെ കുറിച്ച് പലരും അറിയുന്നതു തന്നെ.

ഏതൊക്കെ ബാങ്കുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കനറാ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ബാങ്കുകള്‍ക്കെതിരേ വ്യാപമായി പരാതി ഉയര്‍ന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പണം പിന്‍വലിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. #StopBankLoot ക്യാമ്പൈന്‍ വന്നപ്പോഴാണ് പലരും അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തുടങ്ങിയത്. 2015 മുതല്‍ അനുമതിയില്ലാതെ ബാങ്കുകള്‍ പണം പിന്‍വലിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ പുറത്തു വന്നത്. ഇടപാടുകാര്‍ അറിയാതെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ബാങ്കിങ് നിയമങ്ങള്‍ക്കും ഇടപാടുകാരുടെ സംരക്ഷണ നിയമങ്ങള്‍ക്കും എതിരാണ്. എസ്ബിഐയും കനറാ ബാങ്കും ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. ഇടപാടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കായി പണം പിന്‍വലിക്കാറില്ലെന്നാണ് ഇവരുടെ  അവകാശവാദം.

എന്താണ് പരിഹാരം

bank-ac

ഇടപാടുകാര്‍ അവരവരുടെ വാര്‍ഷിക ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച്, ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്ക് ഉള്‍പ്പടെ ഓട്ടോ ഡെബിറ്റ് ചെയ്യുന്ന പേയ്‌മെന്റുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തണം. ഇത്തരം പേയ്‌മെന്റുകളില്‍ അനുവാദം നല്‍കാത്തവയുണ്ടോയെന്ന് പരിശോധിക്കുകയും വേണം. അനുവാദമില്ലാതെ പണം പിന്‍വലിക്കുന്നുണ്ടെങ്കില്‍ അതത് ബാങ്കുകള്‍ക്ക് രേഖാമൂലം പരാതി നല്‍കണം. പരാതി നല്‍കിയ ശേഷം നടപടികള്‍  ഉണ്ടാകുന്നില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. ബാങ്കുകള്‍ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടി വരും. ഇങ്ങനെ നല്‍കുന്ന പരാതികള്‍ക്ക് സാധാരണയായി രണ്ടാഴ്ചയ്ക്കകം നടപടി  ഉണ്ടാവും. പണം പിന്‍വലിക്കുന്നതിന് അനുവാദം നല്‍കിയ ഇടപാടുകാരുടെ രേഖകള്‍ ബാങ്കിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്‍വലിക്കപ്പെട്ട പണം എത്രയായാലും തിരികെ ലഭിക്കുകയും ചെയ്യും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (IRDAI) ഇതു സംബന്ധിച്ച പരാതികള്‍ നല്‍കാനാവും. ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ഉള്‍പ്പെടെ ചേര്‍ക്കുന്നതിന് മുമ്പ് ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് വ്യക്തമായ സമ്മതം തേടണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വാസ്യത തകരും

അനുമതിയില്ലാതെ പണം പിന്‍വലിക്കുന്നതില്‍ ഇടപാടുകാര്‍ക്ക് ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് പരാതി നല്‍കിയാലും അനുമതി ലഭിച്ചിട്ടുണ്ടെന്ന മറുപടിയാണ് ആദ്യം ലഭിക്കുക. ഓണ്‍ലൈനായി അനുമതി ലഭിച്ചെന്ന വാദം ഇടപാടുകാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കും. മാത്രമല്ല, ബാങ്കുകളുടെ വിശ്വാസ്യത സംബന്ധിച്ചു സംശയങ്ങള്‍ ഉയരുകയും ചെയ്യും.

English Summary:

Cross Check Your Bank Statemen Regularly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com