ADVERTISEMENT

ഉടന്‍ ഉപയോഗിക്കാവുന്ന വിധത്തിൽ തേങ്ങാ പീര വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിച്ചാണ് തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി രാജ് സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ആ പ്രതീക്ഷകൾ വിഫലമായില്ല, അഞ്ചു വർഷത്തിനിപ്പുറം 60 ലക്ഷത്തിലധികം രൂപയുടെ വാർഷിക വിറ്റുവരവുമായി പുതിയ ലക്ഷ്യങ്ങൾ തേടുകയാണ് ലക്ഷ്മി ഇപ്പോൾ. 

ഈസി ആന്റ് ഫ്രഷ് ഗ്രേറ്റഡ് കോക്കനട്ട് എന്ന ബ്രാൻറിലാണ് ലക്ഷമിയുടെ തേങ്ങാ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. ഫ്രഷായും ഫ്രോസണായും ചിരകിയ തേങ്ങ ലഭ്യമാണ്.

തിരുവനന്തപുരം പട്ടത്തിനടുത്ത് ആനയറയിലാണ് ഈസി ആൻറ് ഫ്രഷ് ഗ്രേറ്റഡ് കോക്കനട്ട് ഫാക്ടറി. ആധുനിക മെഷിനറികളുടെ സഹായത്തോടെ തേങ്ങ ചിരകി പാക്കറ്റുകളിലാക്കി വിൽപനക്കെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടക്കത്തിൽ ചിരകിയ തേങ്ങ മാത്രമായിരുന്നു തയാറാക്കിയിരുന്നത്. തിരുവനന്തപുരത്തെ വീട്ടമ്മമാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തേങ്ങയുടെ തന്നെ മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഏഴ് വ്യത്യസ്ത തേങ്ങാ ഉൽപന്നങ്ങൾ ഇവിടുന്ന് വിപണിയിലെത്തുന്നുണ്ട്‌. ഗ്രേറ്റഡ് കോക്കനട്ട് കൂടാതെ സാദാ തേങ്ങാ ചമ്മന്തിപൊടി , ചെമ്മീൻ തേങ്ങാ ചമ്മന്തിപ്പൊടി , തേങ്ങാ അച്ചാർ, വെർജിൻ കോക്കനട്ട് ഓയിൽ, റോസ്റ്റഡ് തേങ്ങാ ചിക്കൻ മസാല എന്നീ ഉൽപന്നങ്ങൾ ഈ ബ്രാൻ്റിൽ കിട്ടും. തേങ്ങാവെള്ളം കൊണ്ട് സ്ക്വാഷ് , വിനാഗിരി എന്നിവയും ഇറക്കാൻ പ്ലാനുണ്ട്. 

ഐഡിയ വന്ന വഴി

ഭർത്താവ് അജിനൊപ്പം കുടുംബസമേതം അബുദാബിയിലായിരുന്നു ലക്ഷ്മി. അവിടെ റെഡി ടു യൂസ് തേങ്ങാ പീരയും തേങ്ങാ പാലും കിട്ടും. അതു കൊണ്ട് പാചകം എളുപ്പമായിരുന്നു. പെട്ടെന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്‌. നാട്ടിലെത്തിയപ്പോൾ അടുക്കളയിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു തേങ്ങ പൊതിച്ച് വെട്ടി ചിരകുന്നത്. അബുദാബിയിലാണെങ്കിൽ റെഡി ടു യൂസ് കിട്ടും. ദിവസം ചെല്ലുംതോറും മനസ് മടുത്തു തുടങ്ങി. ഇതേ ബുദ്ധിമുട്ട് മറ്റുള്ളവർക്കും ഉണ്ടാകില്ലേ എന്നു ചിന്തിച്ചു. എന്തായാലും ഒരു ബിസിനസ് തുടങ്ങണം എന്നാൽ പിന്നെ അത് ഗ്രേറ്റഡ് കോക്കനട്ട് ആയി കൂടെ എന്നു തോന്നി.

സഹായഹസ്തം നീട്ടി കേര വികസന ബോർഡ്

കേര വികസന ബോർഡിൽ നിന്ന് പരിശീലനം നേടി. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി. മെഷിനറി സപ്ലയർമാരെ കണ്ടെത്താനും ബോർഡ് സഹായിച്ചു.

ഉൽപാദനം

അഞ്ചു ഘട്ടങ്ങളായാണ് ഉൽപാദന പ്രക്രിയ. നല്ല വിളഞ്ഞതേങ്ങയാണ് വേണ്ടത്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണെടുക്കുന്നത്. ഡീഷെല്ലിംഗ് മെഷിനിൽ തേങ്ങ പൊട്ടിച്ച് കാമ്പ് വേർതിരിക്കുന്നതാണ് ആദ്യ പ്രക്രിയ. കഴുകിയെടുത്ത തേങ്ങ നല്ല തിളച്ച വെള്ളത്തിൽ അഞ്ചു സെക്കൻ്റ് മുക്കി വയ്ക്കും. അതിനു ശേഷം എടുത്ത് റൂം ടെംമ്പറേച്ചറിൽ തണുപ്പിക്കും. അതിനു ശേഷം അരിഞ്ഞു പൊടിയായി വരുന്ന മെഷിനിൽ ഇടുന്നു. പിന്നീട് പാക്ക് ചെയ്ത് നേരെ വിപണിയിലേക്ക്. 

വിപണനം

തിരുവനന്തപുരം, എറണാകുളം എന്നീ രണ്ടു ജില്ലകളിലാണ് ഇപ്പോൾ വിപണനം. റീട്ടെയിൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണ് വിപണനം. ഓൺലൈനായും വിപണി പിടിച്ചു വരുന്നു. ചിരകിയ തേങ്ങ ഫ്രഷ് വിഭവം തിരുവനന്തപുരത്തു മാത്രമാണ് ഇപ്പോൾ ലഭിക്കുക. 

വെല്ലുവിളി

ചിരകിയ തേങ്ങ എളുപ്പം കേടുവരും. അതു കൊണ്ട് മാർക്കറ്റിൽ നിന്ന് റിട്ടേൺ വരും. അത് പുനരുപയോഗത്തിനു സാധ്യവുമല്ല. ഈ ഇനത്തിലെ നഷ്ടം കണക്കുകൂട്ടി തന്നെയാണ് ബിസിനസ്സിലേക്കിറങ്ങിയത്‌. അതേ സമയം ഫ്രോസൻ തേങ്ങാ പീരയ്ക്ക് ഡിമാൻ്റ് കൂടുന്നുമുണ്ട്. തേങ്ങയ്ക്ക് വില കൂടുന്നതും പ്രശ്നമാണ്. തുടങ്ങുന്ന സമയത്ത് കിലോയ്ക്ക് 18 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 50 രൂപയിലും മേലെയാണ്. 

സംരംഭം തുടങ്ങാൻ പറ്റിയ സമയം

മുമ്പത്തെ പോലെയല്ല ഇപ്പോൾ എല്ലാം ഓൺലൈനിലാണ്. ലൈസൻസുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കോർപറേഷനിലോ പഞ്ചായത്തിലോ കയറിയിറങ്ങി സമയം കളയേണ്ട. സ്ത്രീ സംരംഭകർക്ക് കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റുകൾ വലിയ പിന്തുണയാണ് നൽകുന്നത്.

English Summary: Success Story of a Women Entrepreneur Who helps House Wives

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com