ADVERTISEMENT

പക്ഷേ എനിക്കിവിടെ നിങ്ങളെയൊക്കെ നിഷേധിച്ചേ പറ്റൂ. ഒരു മനോരോഗ വിദഗ്ധനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാന്‍ സഞ്ചരിച്ചെന്നു വരും. അയാം ഗോയിങ് ടു ബ്രേക്ക് ഓള്‍ കണ്‍വെന്‍ഷനല്‍ കോണ്‍സപ്റ്റ്‌സ് ഓഫ് സൈക്യാട്രി...അതാണ് ലൈന്‍. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷമുള്ള ഇലോണ്‍ മസ്‌ക്കിന്റെ മാനേജ്‌മെന്റ് രീതികളില്‍ പകച്ചുനില്‍ക്കുകയാണ് മാനേജ്‌മെന്റ് വിദഗ്ധര്‍. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് മസ്‌ക്കിന്റെ സഞ്ചാരം. അതങ്ങനെയായിരുന്നു താനും.

മാനേജ്‌മെന്റിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്...എന്നാല്‍ ഇതുപോലൊക്കെ ആകാമോയെന്നാണ് പരമ്പരാഗതചിന്തകരുടെയും ആധുനിക ചിന്തകരുടെയും ഒരുപോലുള്ള ചോദ്യം. മസ്‌ക്കിന്റെ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ ട്വിറ്ററിന്റെ കിളി പറത്തുമോ ട്വിറ്ററെന്ന കിളിയെ ഉയരത്തില്‍ പറക്കാന്‍ പ്രാപ്തമാക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്. 

ഒരു മയമൊക്കെ വേണ്ടെ മാഷേ...

44 ബില്യണ്‍ ഡോളര്‍ എന്ന മോഹവിലയ്ക്കാണ് ഇലോണ്‍ മസ്‌ക്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഡീല്‍ പൂര്‍ത്തിയായ ഉടന്‍ മസ്‌ക്ക് കളി തുടങ്ങുകയും ചെയ്തു. അസാധാരണമായിരുന്നു അത്, സാമാന്യയുക്തിയില്‍ തൊഴിലാളി വിരുദ്ധവും കോര്‍പ്പറേറ്റ് വിരുദ്ധവുമെന്ന് വേണേല്‍ പറയാം. സാധാരണ നിലയില്‍ തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ തന്ത്രങ്ങള്‍ ഒരേ സമയം നടക്കാന്‍ പാടില്ലാത്തതാണ്. പണ്ട് ഇന്നവേഷന്‍ ഭ്രാന്തനെന്ന വിശേഷണം കൂടി ചാര്‍ത്തി കിട്ടിയതിനാലാവണം ട്വിറ്ററിന്റെ മസ്‌ക് യുഗത്തില്‍ അതും സംഭവിക്കുകയാണ്. 

ട്വിറ്ററിന്റെ പ്രധാനപ്പെട്ട മുതിര്‍ന്ന ജീവനക്കാരെയെല്ലാം മസ്‌ക്ക് പിരിച്ചുവിട്ടു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറുമെല്ലാം അതില്‍ പെടും. 7,400ഓളം വരുന്ന ജീവനക്കാരില്‍ പകുതിപേര്‍ക്കും പണിപോയി. ഒരു സുപ്രഭാതത്തില്‍ ട്വിറ്ററിന്റെ ബിസിനസ് മോഡലില്‍ വരെ മാറ്റം വരുമെന്ന തരത്തില്‍ പ്രഖ്യാപനങ്ങളുണ്ടായി. 

ട്വിറ്ററിന്റെ അധിപനായി മാറി വെറും പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഇക്കണ്ട മാറ്റങ്ങള്‍. തൊഴില്‍, തീരുമാനമെടുക്കല്‍, തന്ത്രങ്ങളിലെ പൊളിച്ചെഴുത്ത് തുടങ്ങിയ കാര്യങ്ങളിലെല്ലാം അടിമുടി മാറ്റം. അസംഭവ്യമെന്ന് കരുതുന്നതെല്ലാം സംഭവിക്കുന്നു. ഒരു പുതിയ സിഇഒ ചുമതലയേറ്റ് പൊടുന്നനെ പകുതിയോളം ജീവനക്കാര്‍ക്ക് തൊഴില്‍ പോകുന്ന കഥ അത്ര കേട്ടുകള്‍വിയില്ലാത്തതാണ്. പ്രധാന വരുമാനമാര്‍ഗമായ പരസ്യങ്ങളില്‍ നിന്ന് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെയും വരുമാനമുണ്ടാക്കണമെന്ന ബിസിനസ് മോഡലിലെ മാറ്റവും പലരെയും അമ്പരപ്പിച്ചു. 

twitter-collage

ഒരു പുതിയ സിഇഒ അല്ലെങ്കില്‍ മാനേജ്‌മെന്റ് ഒരു കമ്പനിയില്‍ അധികാരമേറ്റാല്‍ ആദ്യ 90 ദിവസങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ല. നിലവിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനും സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചര്‍ച്ചകള്‍ക്കുമെല്ലാമാകും ആദ്യ മൂന്ന് മാസം ശ്രമിക്കുക. അതുംകഴിഞ്ഞ് മാത്രമേ വലിയ മാറ്റങ്ങള്‍ പ്രകടമാകൂ. ഇവിടെ മൂന്ന് മാസത്തെ ശമ്പളം കൊടുത്ത് പൊടുന്നനെ ജീവനക്കാരെ പിരിച്ചുവിടുന്ന ശൈലിയാണ് മസ്‌ക്ക് പിന്തുടര്‍ന്നത്. ജീവനക്കാരുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ പോലും അദ്ദേഹം മെനക്കെട്ടില്ല. 

കിളി പറക്കുമോ ഉയരത്തില്‍

ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങി മസ്‌ക്ക് നേതൃത്വം നല്‍കുന്ന മറ്റ് കമ്പനികളില്‍ പയറ്റിതെളിഞ്ഞ മാനേജ്‌മെന്റ് ശൈലിയാണ് ട്വിറ്ററിലും അദ്ദേഹം പുറത്തിറക്കുന്നത്. ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ വളരെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നതാണ് അതില്‍ പ്രധാനം. ജീവനക്കാരോട് അത്ര അനുകമ്പയുള്ള നയങ്ങളല്ല മസ്‌ക്കിന്റേതെന്ന വിമര്‍ശനങ്ങളുണ്ടെങ്കിലും ടെസ്ല ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്‍ കമ്പനിയായി മാറി. സ്‌പേസ്എക്‌സ് ലോകത്തെ ഏറ്റവും തെരക്കുള്ള റോക്കറ്റ് ലോഞ്ച് ഓപ്പറേറ്ററും. വര്‍ക്ക് ഫ്രം ഹോം മാതൃക സജീവമായ കാലത്ത് പോലും ജീവനക്കാരോട് ഓഫീസില്‍ വന്ന് ആഴ്ച്ചയില്‍ 40 മണിക്കൂറെങ്കിലും ജോലിയെടുക്കണമെന്ന് പറഞ്ഞ ബിസിനസ് നേതാവാണ് അയാള്‍. നിലവിലെ മസ്‌ക്കിന്റെ തലതിരിഞ്ഞ തന്ത്രങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ ഏറ്റവും മൂല്യമുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായി മാറുമെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. 

ട്വിറ്ററിനൊരു രക്ഷകന്‍

ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്ന ഭൂകമ്പത്തിനെതിരെ വിമര്‍ശനങ്ങള്‍ നോണ്‍സ്‌റ്റോപ്പായി വരുന്നുണ്ട്. ബുദ്ധിജീവികളും സംരംഭകരുമെല്ലാം മസ്‌ക്കിനെതിരെ രംഗത്തുണ്ട്. എന്നാല്‍ ട്വിറ്ററിന് ഒരു രക്ഷകനെ വേണമെന്നതും വസ്തുതയാണ്. 2006ലാണ് ട്വിറ്റര്‍ എന്ന മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം നിലവില്‍ വന്നത്. എന്നാല്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ട്വിറ്ററിന്റെ വളര്‍ച്ച അത്ര ഗംഭീരമൊന്നുമല്ലായിരുന്നു. ഉപയോക്താക്കളുടെ അടിസ്ഥാനത്തിലും വരുമാനത്തിന്റെ കണക്കിലുമെല്ലാം ഏറെ പിന്നിലായിരുന്നു ട്വിറ്റര്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 221.4 മില്യണ്‍ ഡോളറായിരുന്നു ട്വിറ്ററിന്റെ നഷ്ടം. വാര്‍ഷിക വരുമാനമാകട്ടെ 5.1 ബില്യണ്‍ ഡോളറും. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ ഫേസ്ബുക്കിന്റെ വരുമാനം 117,929 മില്യണ്‍ ഡോളറായിരുന്നു. സാമ്പത്തിക നഷ്ടക്കണക്കുകള്‍ക്ക് പുറമെയാണ് ട്വിറ്ററിനെതിരെയുള്ള വലതുപക്ഷവാദികളുടെ വിമര്‍ശനങ്ങള്‍. സ്വതന്ത്ര പ്ലാറ്റ്‌ഫോമാണെന്ന് പറയുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലും ട്വിറ്റര്‍ വലതുപക്ഷ ട്വീറ്റുകള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്ന വാദങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റെടുക്കലിന് ശേഷം ട്വിറ്റര്‍ ഇനി ഒരു സ്വതന്ത്ര പക്ഷിയാണെന്ന് മസ്‌ക് പറഞ്ഞത്. 

twitter

തുറന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പാരമ്യത്തിലേക്ക് ട്വിറ്ററിനെ എത്തിക്കുമെന്നാണ് മസ്‌ക്കിന്റെ അവകാശവാദം. എന്നാല്‍ ഇന്ന് പ്രതിദിനം ട്വിറ്ററിന്റെ നഷ്ടം 4 മില്യണ്‍ ഡോളറാണെന്നും അസാധാരണമായ തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയെ രക്ഷിക്കാന്‍ സാധിക്കൂവെന്നും മസ്‌ക് കരുതുന്നു. ട്വിറ്റര്‍ കൂടി ഏറ്റെടുത്തതോടെ ആഴ്ച്ചയില്‍ 120 മണിക്കൂറോളം താന്‍ ജോലി ചെയ്യുന്നുവെന്ന് മസ്‌ക് പറയുന്നു. പക്ഷേ അദ്ദേഹത്തിന്റെ പുതിയ തീരുമാനങ്ങളുടെ പ്രത്യാഘാതമെന്നോണം വന്‍കിട ബ്രാന്‍ഡുകള്‍ താല്‍ക്കാലികമായി ട്വിറ്ററിലെ പരസ്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് സ്ഥാപനത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. പരസ്യങ്ങള്‍ക്ക് പുറമെ ഡാറ്റ ലൈസന്‍സിങ്ങാണ് ട്വിറ്ററിന്റെ പ്രധാന വരുമാന സ്രോതസ്. വരുമാനത്തിന്റെ 90 ശതമാനത്തോളം പരസ്യങ്ങളില്‍ നിന്നും ശേഷിക്കുന്നത് ഡാറ്റ ലൈസന്‍സിങ്, മറ്റ് ചെറിയ സേവനങ്ങള്‍ എന്നിവയില്‍ നിന്നുമാണ്. ഇതിനോടൊപ്പം ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിന് പ്രതിമാസം 8 ഡോളര്‍ ഏര്‍പ്പെടുത്താനാണ് മസ്‌ക്കിന്റെ നീക്കം. 

ജീവനക്കാരുടെ പിരിച്ചുവിടലിലൂടെയും സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധന സേവനങ്ങളിലൂടെയുമെല്ലാം ട്വിറ്ററിനെ ലാഭക്ഷമതയുള്ള സംരംഭമാക്കി മാറ്റാന്‍ മസ്‌ക്കിന് സാധിച്ചാല്‍ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ അതൊരു പുതിയ നാഴികക്കല്ലായി മാറും.

English Summary: What is Happening in Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com