ADVERTISEMENT

മുറ്റത്തെമുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചൊല്ല് കുടുംബശ്രീ വനിതകൾ അംഗീകരിക്കാൻ വഴിയില്ല. കാരണം ഇവരിൽ പലരും മുറ്റത്തെമുല്ലയുടെ നറുമണം നുകർന്നവരാണ്. എന്താണ് ഈ മുറ്റത്തെമുല്ല എന്നാവും നിങ്ങളുടെ ചോദ്യം അല്ലേ?

ലഘുവായ്പ പദ്ധതി

കൊള്ളപ്പലിശക്കാരിൽ നിന്നും പാവപ്പെട്ട ഗ്രാമീണ ജനങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച കുറഞ്ഞ പലിശ നിരക്കിലുള്ള ലഘു വായ്പാ പദ്ധതിയാണ് 'മുറ്റത്തെമുല്ല'. സഹകരണ സംഘങ്ങളും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പേരുപോലെത്തന്നെ ആവശ്യക്കാരുടെ വീട്ടുമുറ്റത്ത് വായ്പത്തുക എത്തിച്ചു നൽകുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വീട്ടിൽ തുടങ്ങാവുന്ന ലഘു സംരംഭങ്ങൾക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം.

തുടക്കം പാലക്കാട്ട്

2018ൽ പാലക്കാട് ജില്ലയിലാണ് മുറ്റത്തെമുല്ലയ്ക്ക് തുടക്കം. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുടുംബശ്രീയും സഹകരണ മേഖലയും ചേർന്നാണ് പദ്ധതി ആരംഭിച്ചത്.ആശയം വൻ വിജയമായതോടെ സർക്കാർ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

women-entre1

പലിശ 12%

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ 9% പലിശ നിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പ അനുവദിക്കുന്നു. ഈ തുക 12% പലിശ നിരക്കിൽ പരമാവധി 50000 രൂപ വരെ മൈക്രോ ഫിനാൻസ് മാതൃകയിൽ വനിതകൾക്ക് വായ്പയായി നൽകുന്നു. തിരിച്ചടവ് ആഴ്ചതോറും നടത്താം. ഒരു വർഷം കൊണ്ട് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. കുടുംബശ്രീ യൂണിറ്റുകാർ ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവു സംഖ്യ സ്വീകരിക്കും. വട്ടിപ്പലിശക്കാരിൽ നിന്ന് ബ്ലേഡ് പലിശയ്ക്ക് എടുത്തിരിക്കുന്ന വായ്പ ഒറ്റത്തവണയായി അടച്ചു തീർക്കുന്നതിനും വായ്പ അനുവദിക്കും. കൂടുതൽ വിവരങ്ങൾ തൊട്ടടുത്ത പ്രാഥമിക സഹകരണ ബാങ്കിൽ നിന്നു ലഭിക്കും.

woman-worker

20 ലക്ഷം വരെ

പത്തു പേർ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റിന് 20 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കും. ഓരോ തദ്ദേശ സ്ഥാപന വാർഡിൽ നിന്നും യോഗ്യമായ രണ്ടോ മൂന്നോ കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ വായ്പ നൽകും. പാവപ്പെട്ട ഗ്രാമീണ ജനതയെ സാമ്പത്തിക ഉൾച്ചേർക്കലിലേക്ക് നയിക്കുക, അവരിൽ സാമ്പത്തിക സാക്ഷരത വളർത്തുക, സ്ത്രീ ശാക്തീകരണം പരിപോഷിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

English Summary : 'Muttathe Mulla", Micro Finance Loan Scheme for Kudumbasree Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com