പശുവിനെ വിറ്റ പണം വരെ ഇറക്കി; നാട്യയിലൂടെ ക്ലാസിക്കല്‍ ആര്‍ട്‌സിന് പുതുമാനം
Mail This Article
ക്ലാസിക്കല്‍ ഡാന്‍സിനോട് താല്‍പ്പര്യമുണ്ടോ? എങ്കിൽ പഠിക്കാന്‍ കിടിലന്‍ പരിഹാരമുണ്ട്. ക്ലാസിലൊന്നും പോകണ്ട. പരിഹാരം നാട്യ ലേണിങ് ആപ്പാണ്. തിരക്കൊഴിഞ്ഞ്, രാവിലെ ആറ് മണിക്കും രാത്രി എട്ട് മണിക്കുമെല്ലാം നിങ്ങള്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കാം നാട്യയിലൂടെ. ഇന്ത്യന്‍ ക്ലാസിക്കല്‍ ആര്‍ട്‌സിനായുള്ള ആദ്യത്തെ സമഗ്ര ഇലേണിങ് പ്ലാറ്റ്‌ഫോമാണ് നാട്യയെന്ന് സ്ഥാപകനും സിഇഒയുമായ കലാമണ്ഡലം ശിവപ്രസാദ് അവകാശപ്പെടുന്നു. ഭാര്യ കലാക്ഷേത്ര അഞ്ജലിയാണ് ഈ സംരംഭത്തിന്റെ സഹസ്ഥാപക.
തുടക്കം
ഡിഗ്രി കഴിഞ്ഞപ്പോള്‍ തൊട്ട് എന്റെ മനസിലുള്ള ചിന്തയാണ് നാട്യ. 2020 സെപ്റ്റംബറിലാണ് തുടങ്ങുന്നത്. ടെക്‌നോളജി സൈഡിനെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. ആദ്യമൊരു രൂപം ഉണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ക്ലാസ്‌റൂം എങ്ങനെയൊക്കെ വേണ്ടതെന്നതിനെ കുറിച്ചാണ് ചിന്തിച്ചത്. പഠിക്കാന്‍ പറ്റാത്തവര്‍ക്ക് എങ്ങനെയൊക്കെ വന്നാല്‍ പഠിക്കാന്‍ പറ്റുമെന്നെല്ലാമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ലൈവ് ക്ലാസും റെക്കോഡഡ് ക്ലാസും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നാട്യയുടെ കോഴ്‌സുകള്‍, അതും സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍. ശിവപ്രസാദിന്റെ ഭാര്യ കലാക്ഷേത്ര അഞ്ജലിയും സംരംഭത്തിന്റെ സഹസ്ഥാപകയാണ്. സുഹൃത്തുക്കളായ സുഹാസ് കൃഷ്ണന്‍ സിഒഒയും അഭിലാഷ് സിടിഒയുമാണ്. തുടക്കം മുതലേ ഇവര്‍ കൂടെയുണ്ട്. 22 ടീച്ചര്‍മാര്‍ ചേര്‍ന്നാണ് നാട്യയുടെ കോഴ്‌സുകള്‍ തയാറാക്കുന്നത്. കൂടാതെ 78 ഓഫീസ് സ്റ്റാഫുമുണ്ട്.
പ്രചോദനം
എട്ടാം ക്ലാസ് മുതല്‍ കലാമണ്ഡലത്തിലാണ് ശിവപ്രസാദ് പഠിച്ചത്. ഡിഗ്രിയും പിജിയുമെല്ലാം അവിടെനിന്നുതന്നെ. പുറത്ത് പരിപാടികള്‍ക്ക് പോകുമ്പോള്‍ പലരും നല്‍കിയ ഫീഡ്ബാക്കാണ് സംരംഭത്തിന് കാരണമായത്. ഡാന്‍സുമായി ബന്ധപ്പെട്ട് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ മൂന്ന് വിഷയങ്ങളിലാണ് കോഴ്‌സുകള്‍. കര്‍ണാടക സംഗീതവും യോഗയും സെമിക്ലാസിക്കലും കോഴ്‌സ് പട്ടികയിലുണ്ട്. പ്രധാനമായും ദക്ഷിണേന്ത്യയില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍. നോര്‍ത്ത് ഇന്ത്യയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഥകും ഒഡീസിയും അനൗണ്‍സ് ചെയ്യാനിരിക്കയാണ്. പഠിക്കാന്‍ വേണ്ടിയും പഠിക്കുന്നവര്‍ റഫറന്‍സിനായും നാട്യ ക്ലാസ് ഉപയോഗപ്പെടുത്തുന്നുണ്ട്. വേണ്ടത്ര ശ്രദ്ധ ലഭിക്കാന്‍ ഒരു ഗ്രൂപ്പില്‍ ആറ് പേര്‍ മാത്രമേ ലൈവ് ക്ലാസിന് ഉണ്ടാകാറുള്ളൂ. ഡാന്‍സ് ടീച്ചേഴ്‌സിനായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നല്‍കുന്നുണ്ട്. കലാക്ഷേത്ര സ്‌റ്റൈലിലാണ് ഭരതനാട്യം പോലുള്ളവ പഠിപ്പിക്കുന്നത്.
പ്രാരംഭ മൂലധനം
ശിവപ്രസാദും കുടുംബവും കുറേക്കാലം സ്വരുക്കൂട്ടിവെച്ച തുകയായിരുന്നു സംരംഭത്തിന്റെ പ്രാരംഭ മൂലധനം. പശുവിനെ വിറ്റ കാശ് വരെ നാട്യയിലേക്ക് ഇറക്കിയിട്ടുണ്ടെന്ന് അദ്ദേഹം. പിന്നീട് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗ്രാന്റ് കിട്ടി, 7 ലക്ഷം രൂപ. ഇപ്പോള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തനമെന്ന് ശിവപ്രസാദ് പറയുന്നു.
ഭാവി,പുതിയ നിക്ഷേപം
രാജ്യാന്തര തലത്തില്‍ നാട്യയുടെ സോഫ്റ്റ്‌ലോഞ്ച് കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നിക്ഷേപം സമാഹരിക്കാനുദ്ദേശിക്കുന്നു. ഏഴോളം രാജ്യങ്ങളില്‍ നിന്ന് 7080 പേര്‍ പഠിക്കുന്നുണ്ട്. ചെവി കേള്‍ക്കാന്‍ പറ്റാത്തവര്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ പഠിക്കാനുള്ള സാധ്യതകളും ആരായുന്നുണ്ട്. കോഴിക്കോടാണ് ഇപ്പോഴത്തെ ഓഫീസ്. ഇതിനോടകം നാട്യ ആപ്പ് 25,000 ഡൗണ്‍ലോഡ്‌സ് പിന്നിട്ടു. നാട്യയില്‍ പഠിച്ച് ഇറങ്ങുന്ന കുട്ടികള്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഒരുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി നാട്യ ഇവന്റ്‌സ് എന്ന വിഭാഗവും ഭാവിയിലുണ്ടാകും.
English Summary : Know more about Natya The E Learning Platform for Dance