ADVERTISEMENT

വ്യവസായം വിപുലമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക ഒരു വെബ്സൈറ്റ് തുടങ്ങി അതിലൂടെ കച്ചവടം വർധിപ്പിക്കാം എന്നതാകും. ഇക്കാര്യത്തിൽ വിദഗ്ധാഭിപ്രായം തേടി പലരും ബന്ധപ്പെടാറുമുണ്ട്. അവരോടു പറയാനുള്ളത് ഒറ്റക്കാര്യമാണ്, പുതിയ  വെബ്സൈറ്റ് തുടങ്ങി അതിലേക്ക് ഉപഭോക്താക്കളെ എത്തിച്ചു വിപണനം നടത്തുകയെന്നത് നിസ്സാരമായി തോന്നുമെങ്കിലും ഇതിനുള്ള ചെലവ് പല ലഘുസംരംഭകരുടെയും മൂലധനത്തിന്റെ ഇരട്ടി വരെയാകാം. എന്നാൽ, അതു വിജയിക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. 

പിന്നെന്താണു വഴി?

Representative image. Photo Credit: Deepak Sethi/istockphoto.com
Representative image. Photo Credit: Deepak Sethi/istockphoto.com

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ്  സൈറ്റുകൾക്കു വിപണിയിലുള്ള സ്വാധീനം കണ്ടില്ലെന്നു നടിക്കരുത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കണമെന്നു പറയും പോലെ ഈ സൈറ്റുകൾ മുഖാന്തരം നിങ്ങളുടെ ഉൽപന്നങ്ങളും വിറ്റഴിക്കുക എന്നതാണ് ഇവിടെ പ്രയോഗിക്കേണ്ട തന്ത്രം. 

നടപടിക്രമങ്ങൾ എന്തൊക്കെ?

ഇ-കൊമേഴ്‌സ് രംഗത്തെ മത്സരം ഏറുന്നതിനാൽ ഇപ്പോൾ ഓൺലൈൻ സെല്ലർ (Seller) ആകുവാനുള്ള നടപടിക്രമങ്ങൾ  ലളിതമാണ്. ഫ്ലിപ്കാർട്ടിലാണെങ്കിൽ, മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും വച്ച് ‘seller.flipkart.com’ എന്ന  സൈറ്റിൽ സെല്ലർ അക്കൗണ്ട് തുടങ്ങാം. ശേഷം ജിഎസ്ടി  നമ്പർ നൽകണം. അതില്ലെങ്കിലും  വിഷമിക്കേണ്ട. അതിനും ഫ്ലിപ്കാർട്ട് നിങ്ങളെ സഹായിക്കും.  അസാധുവാക്കിയ ചെക്ക് കൂടി നൽകുന്നതോടെ നടപടിക്രമങ്ങൾ കഴിയും.  ആമസോൺ (sell.amazon.in), അജിയോ (seller.ajio.com), ജിയോ മാർട്ട് (seller.jiomart.com), മിന്ത്ര (partners.myntrainfo.com) തുടങ്ങി ഏത് ഇ-കൊമേഴ്‌സ് സൈറ്റിലായാലും നടപടിക്രമങ്ങൾ സമാനവും ലളിതവുമാണ്.  

Read more ... ജൈവകൃഷിയിൽ അൽപ്പം മൂല്യവർധന, മാസം നേടുന്നത് 10 ലക്ഷം രൂപയുടെ വരുമാനം

സഹായം ലഭിക്കുമോ?

 

പല ഇ-കൊമേഴ്‌സ് സൈറ്റുകളും തങ്ങളുടെ പങ്കാളികളുടെ പ്രവർത്തനം മെച്ചപ്പെട്ടതാക്കാൻ കുറഞ്ഞ ചെലവിൽ ഒട്ടേറെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉൽപന്നത്തിന്റെ ആകർഷകമായ ചിത്രം തയാറാക്കൽ, മികച്ച പാക്കിങ്, കുറ്റമറ്റ ലോജിസ്റ്റിക് സംവിധാനം എന്നിവയെല്ലാം  ലഭ്യമാണ്. 

വ്യക്തികൾക്കു സാധിക്കുമോ?

കമ്പനിയായി റജിസ്റ്റർ ചെയ്യാതെ ഓൺലൈൻ സെല്ലർ ആകാൻ കഴിയുമോ എന്നതാണു പലരുടെയും സംശയം.  വ്യക്തികൾക്കും ഓൺലൈൻ സെല്ലർ ആകാൻ കഴിയും. നിലവിൽ പല ഇ-കൊമേഴ്‌സ് സൈറ്റുകളിലും കമ്പനികളെക്കാൾ കൂടുതൽ വ്യക്തികളാണു വിൽപനക്കാരായുള്ളത്. 

ഉൽപന്നം ഏതു വേണം?

Shopping-2-

വിൽപനക്കാർ കുറവുള്ളതും ആവശ്യക്കാർ ഭേദപ്പെട്ട നിലയിലുമുള്ള ഉൽപന്നം വേണം തിരഞ്ഞെടുക്കുവാൻ. ഇ-കൊമേഴ്‌സ് സൈറ്റിന്റെ പ്രതിഫലവും, മറ്റു ചെലവുകളും കഴിഞ്ഞ് ഭേദപ്പെട്ട ലാഭവും സംരംഭകനു ലഭിക്കും എന്നുറപ്പുള്ളവയേ വിപണനം ചെയ്യാവൂ. നിലവിൽ വിജയകരമായി സംരംഭങ്ങൾ നടത്തുന്നവരാണെങ്കിൽ അതേ ഉൽപന്നം തന്നെ ഓൺലൈനായും നൽകുകയാണ് അത്യുത്തമം. 

ലക്ഷ്യം എന്താകണം?

ഓരോ സെല്ലർക്കും അയാൾ വിൽക്കുന്ന  ഉൽപന്നങ്ങൾക്കും റേറ്റിങ് ഉള്ളതിനാൽ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുമായി ഇവിടങ്ങളിൽ പിടിച്ചു നിൽക്കാനാകില്ല.  അഞ്ചിൽ നാല് റേറ്റിങ് എങ്കിലും ഇല്ലെങ്കിൽ ഉപഭോക്താക്കൾ തിരിഞ്ഞുപോലും നോക്കാറില്ല. ഗുണനിലവാരമുള്ളവ ചെറിയ ലാഭത്തിൽ കൂടുതൽ എണ്ണം വിറ്റ് വലിയ ലാഭം നേടാം എന്നതാകണം ഓൺലൈൻ ലോകത്തേക്കു കാലെടുത്തു വയ്ക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യം.

English Summary : How to Make Profit from Online Selling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com