ADVERTISEMENT

ഹർലാൻഡ് സാൻഡേഴ്സ് എന്ന അമേരിക്കക്കാരൻ ഇന്ത്യാനയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ തന്റെ പ്രഷർ കുക്കറിൽ തുടങ്ങിയ ‘ഫ്രൈഡ് ചിക്കൻ’, പല നാഴികക്കല്ലുകൾ പിന്നിട്ട് ലോകമെമ്പാടും ആവശ്യക്കാരേറെയുള്ള കെഎഫ്സി ആയി വളർന്ന കഥ നാം പലയാവർത്തി കേട്ടതാണ്. ഇങ്ങ് കേരളത്തിൽ, ചെറിയ മുതൽമുടക്കിൽ സ്റ്റെബിലൈസറിൽ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ കഥയും അദ്ദേഹത്തിന്റെ ബ്രാൻഡുകളും നമുക്കു സുപരിചിതമാണ്. എം. എ. യൂസഫലി ഉൾപ്പെടെയുള്ളവർ സഹായങ്ങൾ നൽകുന്ന കഥകളും അതിലെ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽനിന്നു മാഞ്ഞു പോകാറില്ല. ജനമനസ്സിൽ ഒരു ബ്രാൻഡിനെ കുടിയിരുത്താൻ ഇത്തരം ‘കഥപറച്ചിലുകൾ’ ഏറെ സഹായിക്കും, മറ്റേത് ബ്രാൻഡിങ് തന്ത്രത്തെക്കാളും. 

കഥ എന്തിനു പറയണം?

കഥ പറച്ചിൽ കൊണ്ടു ബ്രാൻഡിന്, സംരംഭത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ട്. ഏറ്റവും പ്രധാനം ജനങ്ങൾക്കിടയിൽ അനുകൂല വികാരം ജനിപ്പിക്കാനാകുമെന്നതാണ്. സംരംഭത്തിന്റെയും സംരംഭകന്റെയും ലക്ഷ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാകും. കഥയ്ക്ക് പെട്ടെന്നു വലിയ പ്രചാരം ലഭിക്കുമെന്നതിനാൽ ബ്രാൻഡിനും സംരംഭത്തിനും എളുപ്പം പ്രസിദ്ധി കിട്ടും. 

സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങാന്‍ നിരവധി പദ്ധതികൾ  Read more.... 


എന്തൊക്കെ കഥകൾ പറയാം?

1. ചരിത്രം: സംരംഭം എങ്ങനെ തുടങ്ങി, എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടു, തിക്താനുഭവങ്ങൾ എന്തൊക്കെ, സംരംഭകനിലുണ്ടായ മാറ്റങ്ങൾ എന്നിങ്ങനെ ആകർഷകമായി സംരംഭത്തിന്റെ ചരിത്രം പറഞ്ഞു വയ്ക്കുന്നതാണ് ഒരു രീതി. തുടക്കത്തിൽ സൂചിപ്പിച്ച കെഎഫ്സിയുടേത് അത്തരത്തിലൊന്നാണ്. 

2. അനുഭവസാക്ഷ്യങ്ങൾ: സംതൃപ്തരായ ഉപഭോക്താക്കളുടെ അനുഭവങ്ങൾ അവരുടെ വാക്കുകളിൽ പറയാം. അസംതൃപ്തരായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും പറയാം. ഇത് സംരംഭത്തിൻ‌മേലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കും. 

3. ഒപ്പമുള്ളവരുടെ കഥ: സംരംഭത്തിനൊപ്പം നിന്നവരുടെ കഥകളും പങ്കുവയ്ക്കാം.  തൊഴിലാളികളുടെ അർപ്പണബോധം, സംരംഭം അവരിലുണ്ടാക്കിയ മാറ്റങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാൽ തൊഴിലാളികൾക്കു സംരംഭത്തോടുള്ള കൂറും വർധിക്കും. 

 4. സമൂഹത്തിനെന്തു ചെയ്തു? സംരംഭം നടത്തുന്ന സാമൂഹികസേവനങ്ങളും കഥകളായി പ്രചരിപ്പിക്കാം. ഇവിടെ സഹായം സ്വീകരിച്ചവരുടെ വിവരങ്ങൾ അനുവാദമില്ലാതെ പങ്കുവയ്ക്കരുത്.   

5. വിപണിയിലെന്തു നടക്കുന്നു? വിപണിയിലെ മാറ്റങ്ങളെ കഥകളാക്കാം. ഉദാഹരണത്തിന്, സംരംഭം തുടങ്ങിയപ്പോൾ ഇപ്പോഴുള്ള  പ്രത്യേക സാങ്കേതികവിദ്യ ഇല്ലായിരുന്നുവെന്നിരിക്കട്ടെ. എങ്കിൽ അത് എങ്ങനെയാണു സംരംഭത്തെ സഹായിച്ചതെന്ന് കഥാരൂപത്തിൽ പറയാം. വിപണിയെക്കുറിച്ചു മികച്ച അവബോധമുള്ളവരാണ് സംരംഭകരെന്ന തോന്നൽ. ഇത് ഉപഭോക്താക്കളിലുണ്ടാക്കും.  

എവിടെ കഥ പറയാം?

സാമൂഹിക മാധ്യമങ്ങളിലൂടെ കഥ പറയുന്നതാകും  ലഘുസംരംഭകർക്ക് അനുയോജ്യം. സംരംഭത്തിന് പ്രത്യേക സാമൂഹികമാധ്യമ അക്കൗണ്ടില്ലെങ്കിൽ  സംരംഭകന്റെ അക്കൗണ്ടിൽ കൂടി കഥ പങ്കുവയ്ക്കാം. ഇവിടെ സംരംഭകനു പ്രാധാന്യം നൽകാതെ സംരംഭത്തിനു മുൻ‌തൂക്കം നൽകുക. ഒഴുക്കുള്ള ഭാഷയിൽ രസകരമായി എഴുതി അവതരിപ്പിക്കണം. കാണുന്നതിനെക്കാളും കേൾക്കുന്നതിനെക്കാളും ഇവിടെ ഉപഭോക്താവിന്റെ മനസ്സിൽ കയറിക്കൂടാനെളുപ്പം എഴുത്തു തന്നെയാണ് 

ലേഖകൻ കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനും MSME കൺസൽറ്റന്റുമാണ്. Ph 9645060757

English Summary : Story Telling Is a Best way to Grow Your Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com