ADVERTISEMENT

ധാന്യപ്പൊടി നിർമാണത്തിൽനിന്നു ന്യൂഡിൽസ് നിർമാണത്തിലേക്കു ചേക്കേറി വിജയം കൊയ്ത കഥയാണ് സിം ജോൺസൺ ചാക്കോള എന്ന യുവസംരംഭകന്റേത്. പാലക്കാട് ജില്ലയിലെ കിണാശ്ശേരിക്കടുത്താണ് (മാമ്പറം) സിം കോൺ ഫുഡ് പ്രോഡക്ട്സ് എന്ന സംരംഭം പ്രവർത്തിക്കുന്നത്. 

എന്താണു ബിസിനസ്?

കേരളത്തിലെ സംരംഭകർ അപൂർവമായി കടന്നുചെല്ലുന്ന ബിസിനസാണ് വെർമിസെല്ലി അഥവാ ന്യൂഡിൽസിന്റെ ഉൽപാദനവും വിൽപനയും. ഈ രംഗത്തെ വമ്പന്മാരായ കുത്തകളോട് മൽസരിച്ച് ഗോതമ്പ്, റാഗി, മൈദ, ചെറു ധാന്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായാണ് ചാക്കോളാസ് സുപ്രീയം എന്ന പേരിൽ ന്യൂഡിൽസ് ഉണ്ടാക്കുന്നത്. ഗോതമ്പ് വെർമിസെല്ലിയാണ് ഏറ്റവും അധികം വിൽക്കുന്നത്. ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ളവയും നന്നായി ഉൽപാദിപ്പിക്കുന്നുണ്ട്. മൈദ ന്യൂഡിൽസ് വളരെ കുറഞ്ഞ തോതിലേ ഉണ്ടാക്കുന്നുള്ളൂ. 

എന്തുകൊണ്ട് വെർമിസെല്ലി?

ധാന്യപ്പൊടികളുടെ ബിസിനസ് നല്ല രീതിയിൽ നടത്തി വരികയായിരുന്നു. എന്നാൽ, മത്സരം കൂടി വന്നപ്പോൾ വ്യത്യസ്തമായ ഉൽപന്നങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു. വിപണിയിൽ നടത്തിയ അന്വേഷണത്തിൽ െവർമിസെല്ലി ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ നാട്ടിൽ തീരെ കുറവാണെന്നു തിരിച്ചറിഞ്ഞു. ആവശ്യക്കാർ കൂടിവരുന്നതായും കണ്ടു. മികച്ച ലാഭവിഹിതവും കിട്ടുമെന്നു മനസ്സിലാക്കി. അങ്ങനെ ധാന്യപ്പൊടികളിൽനിന്നു വ്യത്യസ്തവും മത്സരം കുറഞ്ഞതുമായ ഉൽപന്നം എന്ന നിലയിൽ െവർമിസെല്ലിയിലേക്കു കടന്നു. 

ver

ധാന്യപ്പൊടി തന്നെ അസംസ്കൃത വസ്തു

എല്ലാത്തരം ധാന്യപ്പൊടികളിൽനിന്നും വെർമിസെല്ലി നിർമിക്കാം. ധാന്യപ്പൊടി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുന്നു. ഈ മിക്സ് നൂൽപുട്ട് ഉണ്ടാക്കുന്നതുപോലെ അച്ചിലിട്ട് പ്രഷർ ചെയ്യിക്കുന്നു. പിന്നീട് പുഴുങ്ങിയെടുത്ത് (steaming) ഉണക്കി പാക്ക് ചെയ്തു വിൽക്കുന്നു. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും മുന്തിയ ഇനം (ബ്രാൻഡഡ്) ധാന്യപ്പൊടി വാങ്ങുന്നത്. ധാന്യപ്പൊടികൾ റോളർ ഫ്ലോർ മില്ലിൽനിന്നു ഫ്രഷ് ആയി നേരിട്ട് ഒരു സ്വകാര്യ സ്ഥാപനം വഴി വാങ്ങുന്നു. ചോദിച്ചാൽ കിട്ടുമെങ്കിലും വില കൂടുതൽ നൽകേണ്ടി വരുമെന്നതിനാൽ ക്രെഡിറ്റ് വാങ്ങാറില്ല. അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിച്ചു വരുന്നുണ്ട്. 

10 ലക്ഷം രൂപയുടെ മെഷിനറികൾ

ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറികളാണു സ്ഥാപിച്ചിരിക്കുന്നത്. ബ്ലെൻഡിങ് മെഷീൻ (Blending Machine), പ്രഷർ നൽകാനുള്ള സംവിധാനം, ൈഡ സെറ്റ്, സ്റ്റീമർ മെഷീൻ, ഡ്രയർ, പാക്കിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. മെഷിനറികൾക്ക് സർക്കാർ വായ്പയും സബ്സിഡിയും ലഭിച്ചു. 1000 ചതുരശ്ര അടിയുള്ള പഴയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 20 എച്ച്പിയുടെ വൈദ്യുതിയും ഉപയോഗിക്കുന്നു. പത്തു ജോലിക്കാരിൽ എട്ടുപേരും സ്ത്രീകളാണ്. ഉൽപാദനവും വിതരണവും എല്ലാം ശ്രദ്ധിക്കുന്നത് സിം ജോൺസൺ തന്നെയാണ്. അവിവാഹിതനായ ജോൺസന്റെ ബിസിനസിൽ പ്രധാന പങ്കാളി അമ്മ അന്നയാണ്. 

20 ലക്ഷം രൂപയുടെ വിൽപന

20 ലക്ഷം രൂപയുടെ പ്രതിമാസ വിൽപന നടക്കുന്നുണ്ട്. ജിഎസ്ടി, എഫ്എസ്എസ്എഐ, പാക്കർ തുടങ്ങി ആവശ്യമായ അനുമതികളെല്ലാം എടുത്തിട്ടുണ്ട്. 20% അറ്റാദായം ലഭിക്കുന്നുണ്ട്. വിതരണക്കാർ വഴിയാണ് പ്രധാനമായും വിൽപന. നേരത്തേ നടത്തിയിരുന്ന ധാന്യപ്പൊടികളുടെ വ്യാപാരം വിതരണക്കാരെ വേഗം ലഭിക്കുവാൻ കാരണമായി. അതുകൊണ്ടു വിൽപനയിൽ ഏറെ പ്രശ്നങ്ങൾ നേരിടുന്നില്ല. അത്യാവശ്യ‌ഘട്ടത്തിൽ ഒഴികെ ക്രെഡിറ്റ് കച്ചവടം ഇല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും വിതരണക്കാർ ഉണ്ട്. സൂപ്പർ മാർക്കറ്റുകളിലും ചാക്കോളാസ് ‘സുപ്രിയം’ എന്ന ബ്രാൻഡ് ലഭ്യമാണ്. 

േകരളത്തിനു പുറത്തുനിന്നുമാണ് ഇത്തരം ഉൽപന്നങ്ങൾ മിക്കവാറും എത്തുന്നത്. എങ്കിലും കാര്യമായ മത്സരം ഇല്ല എന്നു പറയാം. പാലക്കാട് സ്വന്തം നിലയിലാണ് വിതരണം നടത്തുന്നത്. എത്ര ഉണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്.

ver3

ഇൻസ്റ്റന്റ് ന്യൂഡിൽസ്, ജ്യൂസ്

ഒരു കോടി രൂപയോളം മുതൽ മുടക്കി സർക്കാർ സഹായത്തോടെ ബിസിനസ് വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഈ സംരംഭകൻ. പാലക്കാട് മന്നത്തുകാവിൽ പുതിയ പ്ലാന്റ് വരികയാണ്. നിലവിലെ യൂണിറ്റും അങ്ങോട്ടു മാറ്റാനും ഇൻസ്റ്റന്റ് ന്യൂഡിൽസിനു പുറമേ ലിച്ചി, മാംഗോ, ബനാന, പൈനാപ്പിൾ എന്നിവയുടെ ജ്യൂസുകളും ഉൽപാദിപ്പിക്കാനും ഉദ്ദേശിക്കുന്നു. 

പുതു സംരംഭകർക്ക്

വെർമിസെല്ലിപോലുള്ളവയ്ക്ക് ഇന്നത്തെ കാലത്ത് വലിയ സാധ്യതകൾ ഉണ്ട്. കാര്യമായ മത്സരം ഇല്ല. കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാനും പറ്റും. 10 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. 5 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് ഉണ്ടാക്കിയാൽ, ഒരു ലക്ഷമെങ്കിലും അറ്റാദായം ഉണ്ടാക്കാം. 5 പേർക്കു തൊഴിലും നൽകാം.  

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിലെ മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : Success Story of a Noodles Manufacturing Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com