ADVERTISEMENT

ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് 2007ൽ തുടങ്ങിയ ഫ്ലിപ്കാർട്ട്  ഇന്ത്യയെമ്പാടും ശൃംഖലകളുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി വളർന്നത് പെട്ടെന്നാണ്. ബിന്നിയും സച്ചിനുമാണ് മുന്നിൽനിന്നു നയിച്ചതെങ്കിലും ഓരോ ഘട്ടത്തിലും പലരിൽനിന്നു നിക്ഷേപവും തത്തുല്യ സേവനങ്ങളും സ്വീകരിച്ചുകൊണ്ടാണു ഫ്ലിപ്കാർട്ട് വളർന്നത്. 

ഒടുവിൽ, 2018 ൽ സച്ചിൻ ഫ്ലിപ്കാർട്ട് വിട്ടപ്പോൾ കയ്യിലെ 5.5% ഓഹരികൾക്ക് ഒരു ബില്യൺ യുഎസ് ഡോളറാണു കിട്ടിയത്. ഇന്നത്തെ നിരക്കിൽ ഏകദേശം 8,200 കോടിയോളം ഇന്ത്യൻ രൂപ!. റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ബിന്നി പടിയിറങ്ങിയപ്പോൾ ലഭിച്ചത് 650 മില്യണ്‍ ഡോളറാണ്. അതായത് 5,300 കോടിക്ക് മുകളില്‍. 2021ലും ബിന്നി ഓഹരികൾ വിറ്റിരുന്നു.  

മറ്റാരെയും കൂട്ടാതെ ഞങ്ങൾ രണ്ടു പേരും മാത്രം മതി എന്ന് അവർ ചിന്തിച്ചിരുന്നെങ്കിൽ ഇത്രയും വലിയ നേട്ടത്തിൻറെ സ്ഥാനത്ത് ഒരുപക്ഷേ 100 കോടി രൂപ പോലും ഇരുവർക്കും കിട്ടുമായിരുന്നില്ല. പങ്കാളികളോടൊപ്പം ചേർന്നു സംരംഭം വളർത്തിയെടുക്കുകയെന്നത് ലോകമെമ്പാടും കണ്ടു വരുന്ന ഒരു വിജയ തന്ത്രമാണ്. എന്നാൽ, പൊതുവേ മലയാളിക്ക് പങ്കാളിത്ത ബിസിനസുകളോടു വിമുഖതയാണ്. പങ്കു വയ്ക്കുമ്പോൾ ലാഭം കുറഞ്ഞുപോകും, നിയന്ത്രണം നഷ്ടപ്പെടും എന്ന ആകുലതകളാണു കാരണം. എന്നാൽ, ഒരു പരിധിയിൽ കവിഞ്ഞുള്ള വളർച്ചയ്ക്കു പങ്കാളികൾ അനിവാര്യമാണ്. പങ്കാളിത്ത ബിസിനസിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. സൗഹൃദവും ബന്ധങ്ങളും– ഒരുമിച്ചു പഠിച്ചവരോ ബന്ധുക്കളോ ആണ് പലപ്പോഴും ബിസിനസ് പങ്കാളികളാകുന്നത്. ഇതു തെറ്റാണെന്നല്ല. എന്നാൽ, സൗഹൃദവും സ്വന്തബന്ധങ്ങളും മാത്രം പരിഗണിച്ചു പങ്കാളികളെ തിരഞ്ഞെടുക്കരുത്.  ബിസിനസിലെ അറിവും മികവും, സംരംഭത്തിനായി എത്രത്തോളം പ്രയത്നിക്കും, എത്ര തുക നിക്ഷേപിക്കും എന്നിങ്ങനെ  എന്തൊക്കെ നേട്ടങ്ങളുണ്ടാകും എന്നു  നോക്കി വേണം പങ്കാളികളെ കണ്ടെത്താൻ.  

2. കാഴ്ചപ്പാടും, ലക്ഷ്യവും–സമാന കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ഉള്ളവരാണു പങ്കാളികളാകേണ്ടത്. അങ്ങനെയല്ലെങ്കിൽ ഒരുപക്ഷേ ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടായേക്കും. 

3. നീതിബോധം പ്രധാനം– മുകളിൽ പറഞ്ഞവയെക്കാൾ പ്രധാനമാണ് നീതിബോധം. ബിസിനസ് പാർട്ണർമാർ  പലപ്പോഴും വേർപിരിയുന്നതിന്റെ പ്രധാന കാരണം പങ്കാളികൾക്കിടയിലെ ചതിയും വിശ്വാസവഞ്ചനയുമാണ്. പങ്കാളികളുടെ നീതിബോധവും സംരംഭത്തെയും മറ്റു പങ്കാളികളെയും ചതിക്കില്ല എന്നതും ഉറപ്പാക്കണം. 

4. സഹിഷ്ണുതയും ബഹുമാനവും– പങ്കാളികൾ തമ്മിൽ പരസ്പര ബഹുമാനവും സഹിഷ്ണുതയും അത്യന്താപേക്ഷിതമാണ്. സ്ഥാപനത്തിൽ എല്ലാ പങ്കാളികളുടെയും അഭിപ്രായങ്ങൾക്കു പ്രാധാന്യമുണ്ട്. അതുകൊണ്ട്  പങ്കാളികളാകാൻ പോകുന്നവർക്ക് ഈ രണ്ടു ഗുണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.  

5. നിയമപരമായ കരാർ– തുടക്കത്തിൽത്തന്നെ നിയമസാധുതയുള്ള ഒരു പങ്കാളിത്ത കരാർ (Partnership deed) ഉണ്ടാക്കണം. ഓരോരുത്തരുടെയും നിക്ഷേപം, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഈ കരാറിൽ വ്യക്തമായി ഉൾപ്പെടുത്തണം. ഒരു നിയമവിദഗ്ധനെക്കൊണ്ട് കരാർ എഴുതി തയാറാക്കാം. അതിനുശേഷം സ്വന്തം അഭിഭാഷകനെക്കൊണ്ട് കരാറിന്റെ സുതാര്യതയും നിയമസാധുതയും ഉറപ്പു വരുത്താം.  

പങ്കാളിത്ത ബിസിനസിനു നേട്ടങ്ങളെപ്പോലെ തന്നെ അപകടസാധ്യതകളും ഉണ്ട്. എന്നാൽ, ബുദ്ധിപരമായി ഈ അപകടസാധ്യതകളെ നേരിട്ടാൽ സംരംഭം വൻനേട്ടങ്ങളിലേക്കു കുതിച്ചുയരും • 

ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.

English Summary: Find A Good Partner And Grow Like Flipkart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com