കണ്ണുരുട്ടുന്ന മുതലാളിമാർ അറിയാൻ ‘ഡോൺട് വേൾഡ്’ തിരിച്ചടിയാവും
Mail This Article
ബസ് യാത്രയ്ക്കിടയിലാണ് ആ കാഴ്ച കണ്ടത്. വേഗത്തിൽ കടന്നുപോയ ലോറിക്കു പിറകിൽ എഴുതിവച്ചിരിക്കുന്നു - ഡോൺട് ടച്ച് മൈ ട്രക്ക് (എന്റെ ട്രക്കിൽ തൊടരുത്). ഏത് നിരക്ഷരകുക്ഷിക്കും പിടികിട്ടട്ടെ എന്നു കരുതിയാകും, ആ വാചകപാതകത്തോടൊപ്പം ഒരാളെ കുനിച്ചുനിർത്തി ഇടിക്കുന്ന ചിത്രവും ഉണ്ട്. വീട്ടിൽ എന്തുപറഞ്ഞാലും ചെയ്താലും, ഡോൺട്... ഡോൺട്... എന്ന വിലക്കുകൾ മാത്രം കേട്ടു വളർന്ന കുട്ടിയോട് ആദ്യമായി സ്‌കൂളിൽ വന്ന ദിവസം ടീച്ചർ പേരു ചോദിച്ചു. ഡോൺട് എന്നായിരുന്നു പെട്ടെന്നുള്ള അവന്റെ മറുപടി. നല്ല ശീലം പഠിപ്പിക്കാനായി അരുതായ്മകളുടെയും അടിച്ചിരുത്തലുകളുടെയും ‘ഡോൺട് വേൾഡ്’ൽ വളർന്ന മകന്, അച്ഛനും അമ്മയും പേര് വിളിച്ച ഓർമപോലുമില്ലെങ്കിൽ അവനെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. അപ്പോൾപ്പിന്നെ, ടീച്ചറിന്റെ ചോദ്യത്തിന് അവന്‍ നൽകിയാതാണല്ലോ ശരിയായ ഉത്തരം.
സ്വന്തം സ്ഥാപനത്തിൽ ഇത്തരം വിലക്കുകളുടെ ലോകം തീർക്കുന്ന ഉടമസ്ഥൻമാരെ പലയിടത്തും കാണാം. ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കേണമേ എന്നു പ്രാർഥിക്കാനേ തരമുള്ളൂ. പിടിച്ചുവാങ്ങുന്ന അനുസരണയും അച്ചടക്കവുമാണ് വിജയത്തിന്റെ അടിത്തറയെന്നു തെറ്റിദ്ധരിക്കുന്നവരാണ് ഇക്കൂട്ടർ. മുകളിലും താഴെയും വശങ്ങളിലും ക്യാമറകൾ വച്ച് ജീവനക്കാരുടെ നീക്കങ്ങൾ കണ്ടുപിടിച്ചു കണ്ണുരുട്ടുന്നവർ. കണ്ണുരുട്ടുന്ന മുതലാളിയുടെ കണ്ണുവെട്ടിക്കാൻ തൊഴിലാളിയും പണിപ്പെടുന്നുണ്ട് എന്നത് ഇവർ തിരിച്ചറിയാറില്ലെന്നു മാത്രം. അരുതുകളുടെ ലോകത്ത് ആത്മാർഥത കുറയും എന്നൊരു ആപ്തവാക്യമുണ്ട്. അത് ആത്യന്തികമായി കടയുടെ ഷട്ടർ ഓരോന്നായി അടപ്പിച്ചു തുടങ്ങും.
എന്റെ ട്രക്കിൽ തൊട്ടാൽ കുനിച്ചുനിർത്തി ഇടിക്കും എന്ന മനോഭാവമുള്ളവർക്ക് ഒരിക്കലും ഉദ്ദേശിച്ച ഫലം കൊയ്യാനാകില്ല. ഇത്തരം ആലോചന പോലും, നൂറുമേനി വിജയിക്കേണ്ട സ്ഥാപനങ്ങളെ കാലം തികയാതെ കടുംവെട്ടു വെട്ടേണ്ട സ്ഥിതിയിലെത്തിക്കും. ആളുകളെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന വർത്തമാനങ്ങളും കുറിമാനങ്ങളും ഉടമസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോൾ ജീവനക്കാർ ഹൃദയംനീട്ടിയുള്ള പെരുമാറ്റത്തിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് ആകർഷിക്കും. അങ്ങനെ പരസ്പരമുള്ള വിദ്വേഷത്തെക്കാൾ വിശ്വാസം വളർത്താനുള്ള വിവേകമാണ് ഉടമസ്ഥർ ശീലിക്കേണ്ടത്.
യാത്രയ്ക്കിടയിൽ കണ്ട മറ്റൊരു വണ്ടിക്കഥയോടെ അവസാനിപ്പിക്കാം. ഓട്ടോറിക്ഷയുടെ പിറകിൽ എഴുതിയിരിക്കുന്നു - മുട്ടല്ലേ മുത്തേ, മൊത്തം മുത്തൂറ്റിലാ! അതിൽ എല്ലാമുണ്ട്. പിറകിൽ വരുന്നവർ വാഹനം സൂക്ഷിച്ചോടിക്കണം അപകടമുണ്ടാക്കരുത് എന്നൊരു പൊതുവായനയ്ക്ക് ഒപ്പം തന്റെ ജീവിതം മുഴുവൻ ലോണെടുത്തു വാങ്ങിയ ഈ വാഹനത്തിലാണ്. വന്നിടിച്ച് ജീവിതം വഴിമുട്ടിക്കല്ലേ എന്ന രസകരമായ ഓർമപ്പെടുത്തലുമുണ്ട്. പറയേണ്ടതു പറയേണ്ടവരോടു പറയേണ്ട സമയത്തു പറയേണ്ടതുപോലെ പറഞ്ഞാൽ പറയുന്നവർക്കും കേൾക്കുന്നവർക്കും ഗുണകരമായിരിക്കും.
അപ്പോൾ മറക്കണ്ട*: സ്‌മൈല്‍സ് ടു ഗോ ബിഫോർ യു ലീപ്പ്! •
മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കം "ചിരിയും ചന്തയും" പംക്തിയിൽ പ്രസിദ്ധീകരിച്ചത്
English Summary-How To Treat Your Employees And Customers