വിമാനക്കമ്പനികളുടെ സീറ്റ് കച്ചവടം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ വിമാനടിക്കറ്റ് എടുത്ത ശേഷം സീറ്റ് തിരഞ്ഞെടുക്കാൻ അധിക ചാർജ് ഈടാക്കുന്ന വിമാനക്കമ്പനികളുടെ രീതിക്കുമേൽ പിടിമുറുക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നവംബർ 8ന് വിമാനക്കമ്പനികൾ, ബുക്കിങ് പോർട്ടലുകൾ എന്നിവയുടെ യോഗം വിളിച്ചു. ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം റീഫണ്ട് നൽകാത്ത വിമാനക്കമ്പനികളുടെ രീതിയും യോഗത്തിൽ ചർച്ചയാകും.
സൗജന്യമായ 'വെബ് ചെക്ക് ഇൻ' എന്നു പറഞ്ഞശേഷം സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക ചാർജ് വാങ്ങുന്നത് ശരിയല്ലെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്. സീറ്റിന് പ്രത്യേക ചാർജ് ഉണ്ടെങ്കിൽ ടിക്കറ്റ് ബുക്കിങ് സമയത്തു തന്നെ അക്കാര്യം അറിയിക്കേണ്ട ബാധ്യത കമ്പനിക്കുണ്ട്.
സീറ്റുകൾക്ക് അധിക ചാർജ് നൽകാത്തതിനാൽ കുടുംബാംഗങ്ങൾക്കും മറ്റും അടുത്തടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്യാൻ കഴിയാറില്ല. കോവിഡ് കാലത്തിനു ശേഷമാണ് ബഹുഭൂരിപക്ഷം സീറ്റുകളും പെയ്ഡ് സീറ്റുകളാക്കിയത്. പെയ്ഡ് സീറ്റ് തിരഞ്ഞെടുത്തില്ലെങ്കിൽ കമ്പനി തന്നെ അലോട്ട് ചെയ്യുന്ന സീറ്റ് ആകും ലഭിക്കുക.
ടിക്കറ്റ് എടുക്കുമ്പോൾ കമ്പനികൾ യാത്ര ഇൻഷുറൻസ് ഓപ്ഷനും ഒപ്പം നൽകാറുണ്ട്. ഇൻഷുറൻസ് ഓപ്റ്റ് ചെയ്തില്ലെങ്കിൽ സ്വന്തം റിസ്കിൽ മുന്നോട്ടു പോകുക എന്നതു പോലെയുള്ള ഓപ്ഷനുകൾ ഉപഭോകൃത വിരുദ്ധമാണെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഒരു വർഷം, 10,000 പരാതികൾ
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 10,000 പരാതികളാണ് ഒരു വർഷത്തിൽ ഉപഭോക്തൃ മന്ത്രാലയത്തിന് ലഭിച്ചത്. റീഫണ്ട് കൃത്യമായി ലഭിക്കാത്തതു സംബന്ധിച്ചാണ് 40.8% പരാതികളും. വാഗ്ദാനം ചെയ്ത സേവനം നൽകാത്തതു സംബന്ധിച്ച് 14.6% പരാതികളുമുണ്ട്. ലഗേജിന് കേടുപാടുണ്ടാകുന്നതും നഷ്ടപ്പെടുന്നതും സംബന്ധിച്ചാണ് 14.4% പരാതികൾ.
‘‘മൂന്നുപേരുള്ള കുടുംബം സീറ്റിന് അധികപണം നൽകിയില്ലെങ്കിൽ മൂന്ന് വ്യത്യസ്ത നിരകളിൽ മിഡിൽ സീറ്റുകളിൽ ഇരിക്കേണ്ട സാഹചര്യമുണ്ട്. ഇതൊരിക്കലും നല്ലൊരു യാത്രാനുഭവമല്ല. വിമാനക്കമ്പനികൾ സൗജന്യ വെബ് ചെക്കിൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തികച്ചും സൗജന്യമായിരിക്കണം. ഒരാൾക്ക് കൺഫേംഡ് ടിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ എല്ലാ സേവനങ്ങളും ന്യായമായും ഉറപ്പുവരുത്തണം. ഉപയോക്താവിനെ വഞ്ചിക്കാനാവില്ല.’’
രോഹിത് കുമാർ സിങ് (ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി)