തിരുവനന്തപുരത്ത് വരുംതലമുറ ഡേറ്റ സെന്റർ തുറക്കാൻ ജിയോ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഐടി–കമ്യൂണിക്കേഷൻ മേഖലയുടെ വളർച്ചയ്ക്ക് ഉപകരിക്കുന്ന രീതിയിൽ വരുംതലമുറ ഡേറ്റ സെന്ററും കേബിൾ സ്റ്റേഷനും സ്ഥാപിക്കുമെന്നും ഇതിന്റെ ആദ്യഘട്ട ചർച്ചകൾ സർക്കാരുമായി നടത്തിയെന്നും റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ . എത്രയും വേഗം പദ്ധതി വിഭാവനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പൂർണമായി 5ജി ലഭ്യമായാൽ താരിഫ് വർധിച്ചേക്കാം. എന്നാൽ അത് 4ജിയിൽ നിന്ന് വളരെ കൂടിയ നിരക്കായിരിക്കില്ല. നിലവിൽ രാജ്യത്ത് 24 കോടിയും സംസ്ഥാനത്ത് 1.53 കോടിയും 2ജി, 3ജി ഉപയോക്താക്കളുണ്ട്. ഇവരെ 5ജിയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. 2ജി ഇല്ലാതാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ 95% പ്രദേശങ്ങളിലും ജിയോ 5ജി ലഭ്യമാണ്.
ഇന്ത്യയിലെ 8 പ്രധാന നഗരങ്ങളിൽ തുടങ്ങിവച്ച ജിയോ എയർ ഫൈബർ സംവിധാനം നവംബർ അവസാനത്തോടെ സംസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹം വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്പേസ് ഫൈബർ പദ്ധതിയിലൂടെ സംസ്ഥാനത്തെ ഉൾഗ്രാമങ്ങളിൽ ഉൾപ്പെടെ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.