ജൈവ് മായുന്നു; വാഴക്കുളം കമ്പനി പ്രതിസന്ധിയുടെ ആഴങ്ങളിൽ
Mail This Article
മൂവാറ്റുപുഴ∙ പൈനാപ്പിൾ മധുരം നിറച്ച ജൈവ് എന്ന ബ്രാൻഡിലൂടെ സംസ്ഥാനത്തിന്റെ ശീതളപാനീയ വിപണിയുടെ 20 ശതമാനവും സ്വന്തമാക്കിയ കമ്പനി ബാധ്യതയുടെ പിടിയിൽ. പൈനാപ്പിൾ സംസ്കരണം ലക്ഷ്യമിട്ടു തുടങ്ങിയ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി ദിനംപ്രതി വർധിക്കുന്ന സാമ്പത്തിക ബാധ്യതയും യന്ത്രങ്ങളുടെ തകരാറും കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. പൈനാപ്പിളിൽ നിന്നുള്ള ഏറ്റവും മികച്ച മൂല്യവർധിത ഉൽപന്നമെന്നു പേരുകേട്ട ജൈവ് ബ്രാൻഡ് അപ്രത്യക്ഷമാകുകയാണ്.
മാസങ്ങളായി കമ്പനിയിൽ പൈനാപ്പിൾ സംസ്കരണം നടക്കുന്നില്ല. കോടികൾ ചെലവഴിച്ചു നടത്തിയ അറ്റകുറ്റപ്പണികൾക്കു ശേഷവും സംസ്കരണ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണു കാരണം. നടുക്കര അഗ്രോ പ്രോസസിങ് കമ്പനി, യുഡിഎഫ് ഭരണകാലത്ത് 2012ൽ സർക്കാർ ഏറ്റെടുത്ത് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയായി മാറ്റിയതോടെയാണു കമ്പനിയുടെ പ്രവർത്തനം താളം തെറ്റിയത്.
ശ്വാസം മുട്ടിക്കുന്ന കടം
പിരിഞ്ഞു പോയ തൊഴിലാളികളുടെ പിഎഫ് ആനുകൂല്യത്തിനു മാത്രം 7.45 കോടി വേണം. തൊഴിലാളികളുടെ ശമ്പളം കുടിശികയാണ്. വൈദ്യുതി കുടിശിക 16 ലക്ഷം രൂപ. എല്ലാ മാസവും 25000 രൂപ വൈദ്യുതിക്ക് പിഴ പലിശ നൽകണം. കെട്ടിട നികുതി ഇനത്തിൽ 7 ലക്ഷം രൂപയും കുടിശികയുണ്ട്. സർക്കാരിന്റെ സഹായത്തിനായി അപേക്ഷകളും പദ്ധതികളും സമർപ്പിച്ചെങ്കിലും ഒരു സഹായവും ലഭിച്ചിട്ടില്ല.
യന്ത്രങ്ങൾക്ക് തകരാർ
∙യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ 24 കോടി രൂപ ചെലവിട്ടു നിർമിച്ച് 1998ൽ കമ്മിഷൻ ചെയ്ത കമ്പനിയിലെ യന്ത്രങ്ങളിൽ ഭൂരിപക്ഷവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
∙1999ൽ സ്ഥാപിച്ച അസെപ്റ്റിക് ലിക്വിഡ് ഫില്ലിങ് മെഷീന്റെ കാലാവധി കഴിഞ്ഞു. 3 വർഷം മുൻപാണ് ഇതിൽ അറ്റകുറ്റപ്പണികൾ നടത്താനായി 27 ലക്ഷം രൂപ ചെലവഴിച്ചത്. പണം ചെലവായെങ്കിലും യന്ത്രം പ്രവർത്തന സജ്ജമായില്ല.
∙ ജൈവ്, ടെട്രാ പാക്കിൽ വിപണിയിലെത്തിച്ചാണു വാഴക്കുളം പൈനാപ്പിൾ കമ്പനി വിപണി പിടിച്ചെടുത്തത്. എന്നാൽ ഇപ്പോൾ ടെട്രാപാക്കിങ് മെഷീനും തകരാറിലാണ്.
∙ 5കോടിയോളം രൂപ ചെലവഴിച്ചു സ്ഥാപിച്ച ബോട്ട്‌ലിങ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. പ്ലാന്റ് സാഥാപിച്ച കമ്പനിയുമായുള്ള തർക്കവും നിയമ നടപടികളുമാണ് കാരണം.
∙ ഫ്രഷ് പൈനാപ്പിളിന്റെ കയറ്റുമതി ലക്ഷ്യമിട്ട് 2005ൽ മൂന്നു കോടി 70 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പായ്ക് ഹൗസ് അനാഥമായി കിടക്കുകയാണ്. 10 ടൺ വീതം സംഭരണ സൗകര്യമുള്ള 5 പ്രീ കൂളിങ് ചേമ്പറുകളും 75 ടൺ വീതം ശേഷിയുള്ള രണ്ടു കോൾഡ് സ്റ്റോറേജുകളും വെറുതേ കിടക്കുന്നു.