സംരംഭങ്ങൾക്ക് എളുപ്പത്തിൽ ഭൂമി ലഭ്യമാക്കാൻ നിയമം വരുന്നു
Mail This Article
തിരുവനന്തപുരം ∙ വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു.
നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ സംരംഭങ്ങൾക്കു സ്ഥലം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്.
തലസ്ഥാന മേഖല വികസന പദ്ധതിയുടെ (സിആർഡിപി–2) ഭാഗമായി തിരുവനന്തപുരം ഔട്ടർ റിങ് റോഡ് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ മാതൃകയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി ലഭ്യമാകുന്ന പ്രദേശങ്ങൾ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. ലാൻഡ് പൂളിങ് രീതിയിൽ സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ പഞ്ചായത്തിൽ ഈ മാതൃക പരീക്ഷിച്ചിരുന്നു.
നിയമത്തിന് അംഗീകാരം ലഭിച്ചാൽ പദ്ധതിക്കായി പ്രത്യേക നിർവഹണ സംവിധാനം (എസ്പിവി) രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങൾ കുറച്ച്, കൂടുതൽ അധികാരം ഈ സംവിധാനത്തിനു നൽകും.