പ്രിസോമി എന്ന സ്വപ്നം, പ്രിജുവിന്റെ 7 വർഷത്തെ പ്ലാനിങ്
Mail This Article
ഗൾഫിലെ മികച്ച ജോലി രാജിവച്ചു സംരംഭകനാകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, ഇവനെന്തോ കാര്യമായ കുഴപ്പമുണ്ട്. പക്ഷേ, അവരുടെ ആശങ്കകൾക്കു ചെവികൊടുത്തില്ല. തീരുമാനത്തിൽ ഉറച്ചുനിന്നു. രണ്ടു വർഷം പിന്നിടുമ്പോൾ കോവിഡ് പ്രതിസന്ധിയെപ്പോലും മറികടന്നു ‘പ്രിസോമി’ എന്ന ബ്രാൻഡു കെട്ടിപ്പടുക്കാനും ഒരു കോടിയിലധികം വിറ്റുവരവിൽ 30 ശതമാനം ലാഭം എന്ന നിലയിലേക്കു സ്വന്തം സംരംഭത്തെ കൈപിടിച്ചുയർത്താനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഈ 35 കാരൻ.‘ഇപ്പോഴും അച്ഛൻ എന്നോടു മിണ്ടാറില്ല. വെറുതെ പൈസ കളയുന്നു എന്നാണു തുടക്കം മുതലേ അദ്ദേഹം പറയുന്നത്. പക്ഷേ, പിൻമാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ,’ ‘പ്രിസോമി’ എന്ന ലേഡീസ് ബോട്ടം വെയർ ബ്രാൻഡിന്റെ ഉടമ എം.പ്രിജു പറയുന്നു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിയുടെ സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വർഷം.
മുറിച്ചത് ഇരുന്ന കൊമ്പ്
ഒമാനിലെ ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ ഓഫിസറായി ജോലി ചെയ്യുമ്പോഴാണ് 2019ൽ രാജിക്കത്തും നൽകി നാട്ടിലെത്തുന്നത്. അപ്പോഴാണ് രാജിവച്ച കാര്യം വീട്ടിൽപോലും പറയുന്നത്. വലിയ പ്രതീക്ഷയോടെയാണു വന്നതെങ്കിലും കോവിഡ് പണി തന്നു. ഒരു വർഷത്തോളം അനങ്ങാൻ പറ്റിയില്ല.
നടത്തിയത് കൃത്യമായ ഹോംവർക്
2021 മുഴുവൻ ബിസിനസിനായുള്ള യാത്രകളായിരുന്നു. മാസങ്ങളോളം തിരുപ്പൂരിൽ മെറ്റീരിയൽ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു പഠിച്ചു. പലതരം മെറ്റീരിയൽ വാങ്ങിക്കൊണ്ടുവന്ന് അലക്കി അവയുടെ ഗുണനിലവാരം ഉറപ്പാക്കി.
പിന്നെ കമ്പനി റജിസ്റ്റർ ചെയ്യാനുള്ള ശ്രമമായി. കമ്പനി ആക്ടിനെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കിയശേഷമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തത്. ഏതു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും ആഴത്തിൽ ഗൃഹപാഠം ചെയ്യണം. ടെക്സ്റ്റൈൽ മേഖലയെക്കുറിച്ചും വിപണിയെക്കുറിച്ചും നല്ല ധാരണയുണ്ടാക്കി. 7 വർഷത്തോളം പഠനത്തിനുവേണ്ടിത്തന്നെ ചെലവഴിച്ചിരുന്നു.
കിഡ്സിൽ കൈപൊള്ളി; നഷ്ടം 4 ലക്ഷം
ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം 2022ൽ ‘പ്രിസോമി’ എന്ന പേരിൽ ടെക്സ്റ്റൈൽ ബിസിനസ് ആരംഭിച്ചു. സമ്പാദ്യമായി ഉണ്ടായിരുന്ന 10 ലക്ഷം രൂപയും സുഹൃത്തുക്കളുടെ 8 ലക്ഷം രൂപയുമായിരുന്നു ആദ്യ നിക്ഷേപം. ഗൾഫിൽക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്ന പൂർണബോധ്യത്തോടെയാണ് ചുവടുവച്ചത്. എന്നിട്ടും പിഴവുകൾ പറ്റി. കിഡ്സ് വെയർ ചെയ്യണം എന്നു കരുതിയാണ് ബിസിനസ്സിലേക്കു വന്നത്. പക്ഷേ, കാര്യങ്ങൾ പഠിച്ചതോടെ പിന്നീടതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ, ലേഡീസ് ബോട്ടം നിർമിക്കാൻ പറ്റിയ വെൻഡറിനെ കിട്ടാതെ ബുദ്ധിമുട്ടിയതോടെ കിഡ്സ് വിഭാഗത്തിൽതന്നെ തലവയ്ക്കാൻ നിർബന്ധിതനായി. മെറ്റീരിയൽ തിരഞ്ഞെടുത്തു തിരുപ്പൂരിൽത്തന്നെ സ്റ്റിച്ച് ചെയ്യിപ്പിച്ചു വിപണിയിലെത്തിച്ചെങ്കിലും വിജയിച്ചില്ല. കൈപൊള്ളി! ഐഡിയ ശരിക്കും വർക്കൗട്ട് ആയില്ല. 4 ലക്ഷം രൂപയോളം നഷ്ടംവന്നു.
കിഡ്സ് Vs ലേഡീസ്
സെഗ്‌മന്റ്‌വച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ വളർച്ച കിഡ്സ് വിഭാഗത്തിലാണ്. പക്ഷേ, അതു ലക്ഷ്യംവയ്ക്കുന്ന വിപണി വളരെ ചെറുതാണ്. ഒട്ടുമിക്ക പ്രധാന ബ്രാൻഡുകൾക്കെല്ലാം കിഡ്സ് വെയർ വിഭാഗമുണ്ടെന്നതും വെല്ലുവിളിയാണ്. പ്രത്യേകമായൊരു വാല്യൂ അഡിഷൻ ഇല്ലാതെ ആ സെഗ്‌മെന്റിൽ കളിച്ചാൽ പിടിച്ചുനിൽക്കാൻ കഴിയില്ല, മാറ്റിപ്പിടിച്ചാലേ രക്ഷയുള്ളൂ എന്നു മനസ്സിലായി. കുർത്തി, ലെഗിൻ എന്നിങ്ങനെ പല സെഗ്‌മെന്റുകളെക്കുറിച്ചും പഠിച്ചു. അങ്ങനെയാണ് ബോട്ടം വെയറിലേക്കു തിരിഞ്ഞത്.
എന്തുകൊണ്ട് ബോട്ടം വെയർ?
ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയിൽ 60 ശതമാനവും വിറ്റുപോകുന്നത് വനിതകൾക്കായുള്ള ഉൽപന്നങ്ങളാണ്. ബാക്കിയേ കുട്ടികളുടെയും പുരുഷന്മാരുടെയും മറ്റും വരൂ. നല്ല ഗുണമേന്മയുള്ള പ്രോഡക്ട് ആണെങ്കിൽ സ്ത്രീകൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. ബോട്ടം വെയറിൽ കൂടുതൽ വിറ്റുപോകുന്നത് നോൺ ബ്രാൻഡിങ് പ്രോഡക്റ്റ്സ് ആണ്. മികച്ച ക്വാളിറ്റിയുള്ളതും ഈടുനിൽക്കുന്നതുമായ പ്രീമിയം ഉൽപന്നങ്ങൾ നൽകുന്ന കമ്പനികൾ വളരെ കുറവാണ്. ഉള്ളതിനു വില കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഇതുമതി എന്നു തീരുമാനിച്ചു.
ലേഡീസ് ഡെയിലി വെയർ
വനിതകളുടെ ഡെയിലി വെയർ ഉൽപന്നങ്ങളാണ് പ്രിസോമിയുടേത്. 12 നിറങ്ങളിൽ ലെഗ്ഗിൻസ് മാത്രമായാണു ബോട്ടം വെയർ തുടങ്ങിയത്. ഇപ്പോൾ ലെഗ്ഗിൻസ് മാത്രം 60 നിറങ്ങളിൽ ലഭ്യമാണ്. കോട്ടൻ പാന്റ്, കുർത്തി പാന്റ്, പലാസ്സോ, ഷോട്സ്, സ്കിമ്മർ ലെഗിൻസ്, ഷോർട്സ്, സാരി ഷേപ്പർ, ജീൻസ്, ആങ്കിൾ ലെഗ്ഗിൻസ്, ഡെനിം ജെഗ്ഗിങ്സ്, ലിനൻ പാന്റ്സ് എന്നിങ്ങനെ ലേഡീസ് ബോട്ടം വെയറിൽ മാത്രം പതിനഞ്ചോളം ഐറ്റംസ് ഉണ്ട്.
എന്നും ഇവിടെ ഇരുന്നാൽ മതിയോ?
സുരക്ഷിതമായി ഇരുന്നിരുന്ന കമ്പ് മുറിക്കാൻ പ്രിജുവിനെ പ്രേരിപ്പിച്ചത് ഒരു ചോദ്യമാണ്. എംബിഎ കഴിഞ്ഞു റിലയൻസ് ട്രെൻഡ്സിന്റെ ഷോറൂമിൽ ജോലിചെയ്യുന്ന സമയത്ത് സീനിയർ ഓഫിസർ എപ്പോഴും ചോദിക്കും: ‘എന്നും ഇവിടെത്തന്നെയിരുന്നാൽ മതിയോ? എന്നാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങുന്നത്?’ അതു മനസ്സിൽക്കൊണ്ടു. അങ്ങനെയാണ് സ്വന്തം സംരംഭം എന്നതു മോഹമായി മാറിയത്. പക്ഷേ, അന്നു ബാധ്യതകൾ ഉണ്ടായിരുന്നു. നല്ലൊരു ഓഫർ കിട്ടിയപ്പോൾ ഗൾഫിൽ പോയി. 9 വർഷം ജോലിചെയ്തതോടെ സഹോദരിമാരുടെ വിവാഹം, വീട്, സ്വന്തം വിവാഹം എല്ലാം നന്നായി നടത്താനായി. ലൈഫ് സെറ്റിലായെന്ന ചിന്ത വന്നതോടെ നാട്ടിലെത്തി സ്വന്തം ബിസിനസ് ആരംഭിക്കണം എന്ന ആഗ്രഹം വീണ്ടും ശക്തമായി. ഓരോ തവണ നാട്ടിൽ വരുമ്പോഴും ടെക്സ്റ്റൈൽ മേഖലയെക്കുറിച്ചു പഠിച്ചു,നിരന്തരം യാത്ര ചെയ്തു. അങ്ങനെയാണ് പ്രിസോമിയെന്ന ബ്രാൻഡ് യഥാർത്ഥ്യമാക്കിയത്.
(നവംബർ ലക്കം മലയാള മനോരമ സമ്പാദ്യം "ബിസിനസ് ഫോർ യു" പംക്തിയിൽ പ്രസിദ്ധീകരിച്ചത്)