'മാലാഖ'മാര്‍ക്ക് നല്ല കാലം; വിസി, പിഇ കമ്പനികള്‍ക്ക് വന്‍നേട്ടം നല്കി ഐപിഒകള്‍
Mail This Article
വിപണിയില്‍ ഐപിഒകള്‍ (പ്രാരംഭ ഓഹരി വില്‍പ്പന) അരങ്ങ് തകര്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ നേട്ടം ലഭിക്കുകയാണ്. ഈ വര്‍ഷം നടന്ന ഐപിഒകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികളുമായി ബന്ധപ്പെട്ടതാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളും നവസംരംഭങ്ങളുമെല്ലാം തുടക്കകാലത്ത് ഫണ്ടിന് വേണ്ടി ഉഴലുമ്പോള്‍ അവര്‍ക്ക് വലിയ സഹായമാകുന്നതാണ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം. എന്നാല്‍ പലപ്പോഴും ഈ നിക്ഷേപത്തിന്റെ പേരില്‍ സമ്മര്‍ദത്തിലാകാറുണ്ട് ഇത്തരം സ്വകാര്യ ഓഹരി നിക്ഷേപകര്‍.
ഈ വര്‍ഷം നവംബര്‍ മൂന്നാം വാരം വരെ നടന്ന ഐപികളിലൂടെ ഇത്തരം സ്വകാര്യ ഓഹരി, വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി പുറത്തുപോയിരിക്കുകയാണ്. 46 ഐപിഒകളിലൂടെ രാജ്യത്തെ പ്രധാനപ്പെട്ട കമ്പനികള്‍ ഈ വര്‍ഷം സമാഹരിച്ചത് 40,773 കോടി രൂപയാണ്. ഇതില്‍ പകുതിയോളം തുക പ്രൊമോട്ടര്‍മാരുടെയോ നിലവിലെ നിക്ഷേപകരുടെയോ എല്ലാം ഓഫര്‍ ഫോര്‍ സെയ്‌ലില്‍ നിന്നാണ്. കമ്പനിയിലെ നിക്ഷേപകര്‍ തങ്ങളുടെ കൈയിലുള്ള ഓഹരികളും കൂടി വില്‍പ്പനയ്ക്ക് വെക്കുന്നതാണ് ഓഫര്‍ ഫോര്‍ സെയില്‍.
മുകളില്‍ പറഞ്ഞ 40,773 കോടി രൂപയില്‍ 10,007 കോടി രൂപ ലഭിച്ചിരിക്കുന്നത് പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കാണ്. 17 ഐപിഒകളിലെ ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെയാണിത്.
വലിയ ഐപിഒ മാന്‍കൈന്‍ഡിന്റേത്
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ മാന്‍കൈന്‍ഡ് ഫാര്‍മയുടേതായിരുന്നു. 3244 കോടി രൂപ നേടിയാണ് മാന്‍കൈന്‍ഡ് ഐപിഒയിലൂടെ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങള്‍ കമ്പനിയില്‍ നിന്ന് പുറത്തുപോയത്. ബീജ്, കെയിന്‍ഹില്‍ സിജിപിഇ, കെയിന്‍ഹില്‍ സിഐപിഇഎഫ്, ലിങ്ക് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നീ കമ്പനികളാണ് മാന്‍കൈന്‍ഡ് ഫാര്‍മയുടെ ഐപിഒയിലൂടെ പുറത്തുപോയത്.
കോണ്‍കോര്‍ഡ് ബയോടെക്, ആര്‍ ആര്‍ കബെല്‍, ടാറ്റ ടെക്‌നോളജീസ് തുടങ്ങിയവയുടെ ഐപിഒകളിലും ഇത് പ്രകടമായി. കോണ്‍കോര്‍ഡിന്റെ ഐപിഒയിലൂടെ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ നേടിയത് 1550 കോടി രൂപയാണ്. ഹെലിക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സാണ് കമ്പനിയില്‍ നിന്നും പുറത്തുപോയത്. മാമ എര്‍ത്തിന്റെ മാതൃകമ്പനിയായ ഹൊനാസ കണ്‍സ്യൂമറിന്റെ ഐപിഒയിലൂടെ 922 കോടി രൂപ നേടിയാണ് ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ് ഫണ്ട്, സോഫിന വെഞ്ച്വേഴ്‌സ്, എസ് എ സ്‌റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പുറത്തുപോയത്. വലിയ പ്രാധാന്യത്തോടെ എത്തിയ ടാറ്റ ഐപിഒയില്‍ നിന്ന് ആല്‍ഫ ടിസി ഹോള്‍ഡിങ്‌സ് പിടിഇ ലിമിറ്റഡ്, ടാറ്റ കാപ്പിറ്റല്‍ ഗ്രോത്ത് ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് 692 കോടി രൂപ നേടി പുറത്തുപോയത്.
സാധ്യതയേറും
വിസി, പിഇ ഫണ്ടുകള്‍ക്കുള്ള ഏറ്റവും വിശ്വസനീയമായ പുറത്തുപോകല്‍ വഴിയായി ഐപിഒകള്‍ മാറുകയാണ്. അതിനാല്‍ തന്നെ ഭാവി സാധ്യതകളുള്ള നവസംരംഭങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമേറും. അടുത്ത വര്‍ഷത്തോടെ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 30 സ്റ്റാര്‍ട്ടപ്പുകള്‍ ഐപിഒ നടത്തുമെന്നാണ് കരുതുന്നത്. ഇതും നിക്ഷേപകര്‍ക്കും വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ നേട്ടം നല്‍കുന്നതിന് സഹായിക്കും.
കൂടുതൽ കമ്പനികളെത്തുന്നു
ഡോംസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഐപിഒ അടുത്ത് ബുധനാഴ്ച ആരംഭിക്കുന്നതിനു പുറമേ ശീതള്‍ യൂണിവേഴ്‌സല്‍, ഗ്രാഫിസാഡ്‌സ്, മറൈന്‍ ട്രാന്‍സ് ഇന്ത്യ, നെറ്റ് അവന്യൂ ടെക്‌നോളജി തുടങ്ങിയ കമ്പനികളുടെ ഐപിഒ കളും ഡിസംബറില്‍ തന്നെ നടക്കാനാണ് സാധ്യത.