ചെറിയ വ്യക്തിഗത വായ്പകളിൽ നിയന്ത്രണം തുടങ്ങി
Mail This Article
ന്യൂഡൽഹി∙ ഈടില്ലാത്ത വായ്പകൾക്ക് ആർബിഐ കടിഞ്ഞാണിട്ടതോടെ വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനസ്ഥാപനങ്ങളും ചെറിയ തുകയുടെ വ്യക്തിഗത വായ്പ നൽകുന്നത് കുറയ്ക്കാൻ ഒരുങ്ങുന്നു. പേയ്ടിഎം 50,000 രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
50,000 രൂപയിൽ കുറഞ്ഞ വായ്പകൾ ഘട്ടം ഘട്ടമായി കുറച്ച് വലിയ തുകയുടെ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പേയ്ടിഎം വ്യക്തമാക്കിരിക്കുന്നത്. പേയ്ടിഎം പോസ്റ്റ്പെയ്ഡ് ലോണുകളിൽ ഏറിയ പങ്കും 50,000 രൂപയിൽ താഴെയുള്ളതാണ്. മറ്റ് പല ധനകാര്യസ്ഥാപനങ്ങളും വരും ദിവസങ്ങളിൽ സമാനപ്രഖ്യാപനങ്ങൾ നടത്തിയേക്കും.
ഈടില്ലാത്ത വായ്പകൾ കുറയ്ക്കാനാണ് കഴിഞ്ഞ മാസം ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും (എൻബിഎഫ്സി) കരുതൽ ധന നീക്കിയിരിപ്പു (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ ആർബിഐ പരിഷ്കരിച്ചത്. വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകളുടെ റിസ്ക് വെയ്റ്റിൽ 25% വർധന വരുത്തി. റിസ്ക് വെയിറ്റ് കൂട്ടിയാൽ വായ്പകൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ കരുതൽധനം നീക്കിവയ്ക്കണം. ഇതോടെ വായ്പകൾ നൽകുന്നത് ധനകാര്യസ്ഥാപനങ്ങൾക്ക് അനാകർഷകമാകും.
കുഞ്ഞൻ വായ്പകൾ പെരുകി
10,000 രൂപയിൽ താഴെയുള്ള കുഞ്ഞൻ വായ്പകൾക്ക് ആവശ്യക്കാർ വൻതോതിൽ വർധിച്ചിരുന്നു. ഇതാണ് ആർബിഐയെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്.
4 വർഷത്തിനിടയ്ക്ക് ഇത്തരം വായ്പകളുടെ എണ്ണത്തിൽ 3 മടങ്ങ് വർധനയും മൂല്യത്തിൽ 2 മടങ്ങ് വർധനയുമാണുണ്ടായത്. 10,000 രൂപ മുതൽ 50,000 രൂപ വരെയുള്ള വായ്പകളുടെ എണ്ണത്തിൽ 4 മടങ്ങും മൂല്യത്തിൽ മൂന്ന് മടങ്ങും വർധനയുണ്ടായി.
പേയ്ടിഎം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി എളുപ്പത്തിൽ വായ്പയെടുക്കാമെന്നതാണ് ഈ വർധനയ്ക്ക് ഒരു കാരണം.
പതിനായിരം രൂപയിൽ താഴെയുള്ള വായ്പകൾ
വർഷം തുക വായ്പകളുടെ എണ്ണം
2019–20 10,060 കോടി രൂപ 2.35 കോടി
2020–21 5,990 കോടി രൂപ 1.54 കോടി
2021–22 15,030 കോടി രൂപ 4.39 കോടി
2022–23 20,650 കോടി രൂപ 6.55 കോടി