വ്യവസായ സൗഹൃദ സൂചികയിൽ കേരളം ഇനിയും മുന്നേറും: മുഖ്യമന്ത്രി
Mail This Article
കൊച്ചി ∙ വ്യവസായ വികസനം കേരളത്തിൽ സാധ്യമല്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നുമുള്ള ധാരണ തിരുത്തിക്കുറിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം 15 –ാമത് എത്തി. ഇനിയും മുന്നോട്ടുപോകാനാണു ശ്രമം.
ഇൻഫോപാർക്കിൽ തുടങ്ങിയ ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 പേർക്കു ജോലി ലഭിച്ചു. ടാറ്റാ എലക്സിക്കു കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി സ്ഥലം കൈമാറി. 3500 പേർ ഇവിടെ ജോലിചെയ്യുന്നു. 2ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇനിയും 5000 പേർക്കു ജോലി ലഭിക്കും. രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10000 പേർക്കും.
കളമശേരിയിൽ നെസ്റ്റ് ഇലക്ട്രോണിക് മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങി. 4000 പേർക്ക് ജോലി ലഭിക്കും. കിൻഫ്രയുടെ 10 ഏക്കറിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നു. മീറ്റ് ദ് ഇൻവെസ്റ്റർ പദ്ധതിവഴി ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടി. 29 വിദേശ കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ തയാറായിട്ടുണ്ട്.
കേന്ദ്ര സർക്കാർ പൊതുമേഖലയെ വിറ്റൊഴിക്കുമ്പോൾ കേരളം അത് ഏറ്റെടുത്തു സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചു കയറ്റുമതി വികസനത്തിനായി ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും. ലാൻഡ് പൂളിലൂടെ ഇതിനു ഭൂമി കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.