ആദായനികുതി റിട്ടേൺ: അവസാന തീയതി 31
Mail This Article
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ കൊടുക്കാൻ വിട്ടുപോയി. ഇനി റിട്ടേൺ ഫയൽ ചെയ്യാൻ പറ്റുമോ? പിഴ എന്തെങ്കിലും ഉണ്ടോ?
∙വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ കൊടുക്കേണ്ടത് ജൂലൈ 31 ആയിരുന്നു. ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും ഇത് ബാധകമാണ്. ഏതെങ്കിലും നിയമത്തിൽ ഓഡിറ്റുള്ള വ്യക്തികളും സ്ഥാപനങ്ങളും ടാക്സ് ഓഡിറ്റ് ഉള്ള പാർട്നർഷിപ് ഫേമുകളിലെ പാർട്നർമാർക്കും റിട്ടേൺ കൊടുക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആയിരുന്നു. എന്നാൽ ഈ തീയതിക്ക് റിട്ടേൺ കൊടുക്കാൻ കഴിയാത്ത എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്.
∙അവസാന അവസരം
2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അത് തിരുത്തി റിട്ടേൺ പുനർ സമർപ്പിക്കാനുള്ള (റിവൈസ്ഡ് റിട്ടേൺ) അവസാന അവസരവും ഈ 31 ആണ്. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്. സമർപ്പിച്ച റിട്ടേണിൽ നികുതിവകുപ്പ് എന്തെങ്കിലും പിശകോ ന്യൂനതയോ കണ്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച അറിയിപ്പ് നികുതിദായകന്റെ റിട്ടേൺ സമർപ്പിച്ച പോർട്ടലിലും ഈമെയിലിലും മാത്രമേ വരികയുളളു. അതുകൊണ്ട് ഇത്തരം അറിയിപ്പുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. സമർപ്പിച്ച റിട്ടേൺ പ്രാഥമിക നടപടിക്രമം പൂർത്തിയാക്കി ഇതു സംബന്ധിച്ച വകുപ്പ് 143(1) അനുസരിച്ചുള്ള അറിയിപ്പ് ലഭിച്ചതിനുശേഷവും റിട്ടേൺ പുനർസമർപ്പിക്കാം. ഒരിക്കൽ പുനർസമർപ്പിച്ച റിട്ടേൺ വീണ്ടും തെറ്റു തിരുത്തി പുനർസമർപ്പിക്കാവുന്നതാണ്.
∙ആരൊക്കെ റിട്ടേൺ കൊടുക്കണം
ആദായനികുതി നിയമപ്രകാരം കുറഞ്ഞ നികുതിരഹിത വരുമാനത്തിന് മുകളിൽ വരുമാനം ഉള്ള എല്ലാ വ്യക്തികളും വാർഷിക റിട്ടേൺ സമർപ്പിക്കണം. ആദായനികുതി നിയമത്തിൽ അനുവദിച്ചിട്ടുള്ള ദീർഘകാല മൂലധന വർധനലാഭത്തിനുള്ള കിഴിവുകൾക്കും 80 സി മുതൽ 80 യു വരെയുള്ള എല്ലാ കിഴിവുകൾക്കും മുൻപുള്ള വരുമാനം ആണ് ഇതിനായി പരിഗണിക്കേണ്ടത്. എന്നാൽ വ്യക്തികൾ അല്ലാത്ത എല്ലാവരും വരുമാനം നോക്കാതെ റിട്ടേൺ സമർപ്പിക്കേണ്ടതാണ്.
∙വരുമാനമില്ലെങ്കിലും റിട്ടേൺ
വ്യക്തികൾ നികുതി വിധേയ വരുമാനം ഇല്ലെങ്കിൽ കൂടി താഴെ പറയുന്ന മൂന്ന് സാഹചര്യങ്ങളിൽ റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്. 1.സഹകരണ ബാങ്ക് ഉൾപ്പെടെ ഉള്ള ഏതെങ്കിലും ബാങ്കിലെ കറന്റ് അക്കൗണ്ടുകൾ എല്ലാം ചേർത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപിച്ചിട്ടുണ്ടാവുക 2.നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ വിദേശ യാത്രയ്ക്കായി നിങ്ങൾ രണ്ടു ലക്ഷം രൂപയ്ക്കു മേൽ ചെലവാക്കിയിട്ടുണ്ടാവുക
3.കഴിഞ്ഞ വർഷം നിങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്കു മേൽ വൈദ്യുതിച്ചെലവ് ഉണ്ടെങ്കിൽ.
ഇതിനുപുറമേ, കച്ചവടത്തിൽനിന്ന് അറുപതു ലക്ഷം രൂപയ്ക്കു മേൽ വിറ്റുവരവ് ഉണ്ടാവുക, പ്രഫഷനിൽ നിന്ന് പത്തു ലക്ഷം രൂപയ്ക്കു മേൽ മൊത്തവരുമാനം ഉണ്ടാവുക, ഇരുപത്തിയയ്യായിരം രൂപയോ അതിലധികമോ (മുതിർന്ന പൗരന്മാർക്ക് അമ്പതിനായിരം രൂപ) സ്രോതസ്സിൽ നികുതി കിഴിവ് അഥവാ ശേഖരിച്ചിട്ടുണ്ടാവുക (ടിഡിഎസ്/ടിസിഎസ്), സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ അമ്പതുലക്ഷം രൂപയോ അതിലധികമോ നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർബന്ധമായും റിട്ടേൺ കൊടുക്കാൻ ബാധ്യസ്ഥരാണ്. കൂടാതെ ഈ വിവരങ്ങൾ വ്യക്തികൾ റിട്ടേണിൽ വെളിപ്പെടുത്തണം.
∙റിട്ടേൺ സ്ഥിരീകരിച്ചിരിക്കണം
ഡിജിറ്റൽ ഒപ്പിടാതെ ഇലക്ട്രോണിക്കായി റിട്ടേൺ സമർപ്പിക്കുന്ന എല്ലാ നികുതിദായകരും ഇത് 30 ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ചിരിക്കണം (വെരിഫിക്കേഷൻ). അല്ലാത്തപക്ഷം റിട്ടേൺ അസാധുവായി കണക്കാക്കും. നികുതി റീഫണ്ട് ഉണ്ടെങ്കിൽ അതും കിട്ടില്ല. സ്ഥിരീകരണത്തോടെ ഇലക്ട്രോണിക്കായി റിട്ടേൺ സമർപ്പിച്ച തീയതിയാണ് റിട്ടേൺ കൊടുത്ത തീയതിയായി കണക്കാക്കുക.
∙നികുതി രഹിത വരുമാന പരിധി
വ്യക്തികൾക്ക് നികുതി രഹിത വരുമാനത്തിന്റെ പരിധി 2,50,000 രൂപ വരെ ആണ്. എന്നാൽ 60 നും 80 നും ഇടയിൽ പ്രായം ഉള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയും, 80 വയസ്സിനു മുകളിൽ ഉള്ളവർക്ക് 5,00,000 രൂപയും ആണ്.
∙വൈകിയ റിട്ടേണിനു പിഴ
അനുവദനീയമായ തീയതിക്ക് ശേഷം വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5,000 രൂപ പിഴ ചുമത്തും. എന്നാൽ മൊത്ത വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1,000 രൂപ പിഴ ഒടുക്കിയാൽ മതി. റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ അടയ്ക്കാനുള്ള നികുതിയിന്മേൽ പിഴ പലിശ ഈടാക്കും. അനുവദനീയമായ സമയത്തിനു ശേഷം വൈകി സമർപ്പിക്കുന്ന റിട്ടേണിൽ നഷ്ടമുണ്ടെങ്കിൽ വരുംകാല ലാഭവുമായി തട്ടിക്കിഴിക്കാനും ആകില്ല.
∙മതധർമ സ്ഥാപനങ്ങൾ
മതജീവകാരുണ്യ സ്ഥാപനങ്ങളുടെ വരുമാനം അവയ്ക്കു മാത്രം അനുവദനീയമായ കിഴിവുകൾക്കു (വകുപ്പ് 11, 12) മുൻപ് നികുതിവിധേയ വരുമാനമുണ്ടെങ്കിൽ കണക്കുകൾ ഓഡിറ്റ് ചെയ്ത് ഒക്‌ടോബർ 31 നകം റിട്ടേൺ കൊടുക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ വൈകിയ റിട്ടേണിനുള്ള മേൽപറഞ്ഞ പിഴയ്ക്കു പുറമേ റിട്ടേൺ വൈകുന്ന ഓരോ ദിവസത്തിനും പ്രതിദിനം 500 രൂപ പിഴ ഒടുക്കണം. കൂടാതെ വകുപ്പ് 11, 12 എന്നിവ അനുസരിച്ചുള്ള കിഴിവുകൾ ആ വർഷം ലഭിക്കുകയും ഇല്ല.