ബജറ്റ് 2024; ശമ്പളക്കാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ തുക ലഭിക്കുമോ?
Mail This Article
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വരുന്നത്. അതിനാല്‍തന്നെ ഈ ബജറ്റില്‍ വലിയ ഇളവുകളാണ് സാധാരണ നികുതിദായകര്‍ പ്രതീക്ഷിക്കുന്നത്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അടിസ്ഥാന ഇളവ് പരിധിയിലും എച്ച്ആര്‍എ ഇളവിലും വര്‍ധനവ് പ്രതീക്ഷിച്ചിരിക്കുകയാണ് ശമ്പളക്കാര്‍.
ഉയര്‍ന്ന പണപ്പെരുപ്പം മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ് ശമ്പളക്കാരായ വിഭാഗം. അതിനാല്‍തന്നെ ബജറ്റില്‍ ഇവര്‍ കാര്യമായ ഇളവുകള്‍ ലഭിക്കുമെന്ന് കരുതുന്നു. 2014 മുതല്‍ നികുതി സ്ലാബുകള്‍ക്ക് വലിയ മാറ്റമില്ല. പലതരത്തിലുള്ള നികുതിനിരക്കുകളുടെ വര്‍ധന ഇടത്തരക്കാരെ വരിഞ്ഞുമുറുക്കുന്നുമുണ്ട്.
വാങ്ങല്‍ ശേഷി കൂടുന്നതിന് ടേക്ക് ഹോം സാലറിയില്‍ ഇടിവുണ്ടാകാത്ത അവസ്ഥ വരണം. 2023-24ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് പുതിയ നികുതി വ്യവസ്ഥയില്‍ ആദായനികുതി റിബേറ്റ് പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നായിരുന്നു. നികുതി നല്‍കേണ്ട വരുമാന പരിധിയില്‍ കൂടുതല്‍ വര്‍ധനവുണ്ടായാല്‍ അത് ശമ്പളവിഭാഗത്തിന്റെ ടേക്ക്-ഹോം സാലറി വര്‍ധിപ്പിക്കും.
വലിയ തോതില്‍ ആദായ നികുതി കുറച്ചില്ലെങ്കില്‍ പോലും ട്രാന്‍സ്‌പോര്‍ട്, ഹൗസിങ്, ലീവ് ട്രാവല്‍ അലവന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നികുതി ഇളവുകളും ആനുകൂല്യങ്ങളും നല്‍കാവുന്നതാണ്. വീട്ടുവാടക പിടിച്ചുനിര്‍ത്തുന്നതിനും സ്വകാര്യ വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കുന്നതിനും നീക്കങ്ങളുണ്ടായാല്‍ ഇടത്തരക്കാര്‍ സന്തുഷ്ടരാകും.
പിഎഫിലും പ്രതീക്ഷ
പിഎഫ് തുകയിലേക്കുള്ള തൊഴില്‍ ദാതാവിന്റെ വിഹിതം 12 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന ആവശ്യം പരിഗണിക്കപ്പെട്ടാല്‍ ശമ്പളക്കാരായ ഇടത്തരക്കാരെ തൃപ്തിപ്പെടുത്താനാകും മോദി സര്‍ക്കാരിന്. ഭവനവായ്പാ നിരക്കുകള്‍ പിടിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാരിന് രാഷ്ട്രീയപരമായി ഗുണം ചെയ്യുന്നതിനൊപ്പം ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്യും.
80 ഡി ഇളവുകള്‍
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള സെക്ഷന്‍ 80 ഡി പ്രകാരമുള്ള കിഴിവ് പരിധി സാധാരണ വ്യക്തികള്‍ക്ക് 25,000 രൂപയില്‍ നിന്ന് 50,000 രൂപയായും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. വര്‍ധിച്ചുവരുന്ന ആരോഗ്യ ചികില്‍സാ ചെലവുകളുടെ പശ്ചാത്തലത്തില്‍ ഈ ക്രമീകരണം ആവശ്യമാണെന്നാണ് വിലയിരുത്തലുകള്‍.