ADVERTISEMENT

കൊച്ചി∙ വനവിഭവങ്ങൾ ശേഖരിച്ചു സംസ്കരിച്ചു വിപണനം ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രസർക്കാർ വൻധൻ വികാസ്  കേന്ദ്രങ്ങൾ തുടങ്ങും. ഇന്ത്യയിലെ 100 ജില്ലകളിലായി 500 കേന്ദ്രങ്ങൾ തുടങ്ങാനാണു കേന്ദ്ര തീരുമാനം. പ്രത്യേക ദുർബല ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പിഎം ജൻമൻ ( പ്രധാൻമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഭാഗമായാണു വൻധൻ വികാസ് കേന്ദ്രങ്ങൾ തുടങ്ങുക.   

മൂന്നു വർഷത്തിനുള്ളിൽ ദുർബല ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കുകയാണു ലക്ഷ്യം. പദ്ധതിയുടെ പ്രഖ്യാപനം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 

ആദ്യഘട്ടത്തിൽ കേരളത്തിൽ 15 കേന്ദ്രങ്ങൾ തുടങ്ങും. വയനാട്, അട്ടപ്പാടി, നിലമ്പൂർ, പറമ്പിക്കുളം ആദിവാസി മേഖലയിലാവും വൻധൻ വികാസ് കേന്ദ്രങ്ങൾ. കേരളത്തിലെ കൊറഗ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കുറുമ്പർ, കാടർ ( കൊച്ചിക്കാടർ) എന്നീ ആദിവാസി വിഭാഗങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കൂടാതെ വയനാട് ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു കേന്ദ്രങ്ങൾ തുടങ്ങാനും വനംവകുപ്പ് ശുപാർശ നൽകി. 

ഓരോ വൻധൻ കേന്ദ്രത്തിനും 15 ലക്ഷം രൂപയാണു കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം അനുവദിക്കുക. ട്രൈഫെഡ് മുഖേന ഈ തുക സംസ്ഥാന വനംവകുപ്പിനു കൈമാറും. വനംവകുപ്പിനു കീഴിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിക്കാണു കേരളത്തിൽ നടത്തിപ്പ് ചുമതല. 

വൻധൻ വികാസ് കേന്ദ്രം തുടങ്ങാനുള്ള കെട്ടിടം, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. 

ആദിവാസി കുടുംബങ്ങൾ അംഗങ്ങളായ 44 വൻധൻ വികാസ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് വനംവകുപ്പിന്റെ കീഴിൽ നിലവിലുണ്ട്. 31 എണ്ണം വനംവകുപ്പ് നേരിട്ടും 13 എണ്ണം വയനാട്  കലക്ടറുടെ നിയന്ത്രണത്തിലുമാണ്. വനവിഭവങ്ങൾ ശേഖരിച്ചു വിൽപന നടത്തുന്ന ഈ കേന്ദ്രങ്ങൾ വിജയിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സഹായത്തോടെ ആരംഭിക്കുന്ന വൻധൻ കേന്ദ്രങ്ങൾ ദുർബല ആദിവാസി മേഖലയിൽ വ്യാപിപ്പിക്കാനാണു തീരുമാനം. 

English Summary:

Marketing of forest resources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com