മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല
Mail This Article
ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജിഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.
ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടി തോറ്റ്, ഋഷി സുനക് പുറത്തായി ലേബർ പാർട്ടി അധികാരത്തിൽ വരുമെന്നാണു കരുതപ്പെടുന്നത്. കുറേ വർഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധി ബ്രിട്ടിഷുകാർക്കു മടുത്തു. അമേരിക്കയിൽ ട്രംപ് തിരിച്ചു വരുമെന്ന സ്ഥിതി! റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വേറെ ആർക്കും മത്സരിക്കാൻ യോഗ്യത കിട്ടില്ല. അതിനായി മത്സരിക്കുന്ന നമ്മുടെ വിവേക് രാമസ്വാമി ഉൾപ്പെടെ. മൂത്തുപഴുത്ത ജോ ബൈഡനെ ആർക്കും മതിപ്പുമില്ല.
ട്രംപ് വന്നാലോ? ചൈനയുമായി ഉഗ്രൻ വാണിജ്യ ഗുസ്തിയാണ് എല്ലാവരും പ്രവചിക്കുന്നത്. വർഷങ്ങളായി തുടരുന്ന ട്രേഡ് വാർ കടുക്കും. തയ്‌വാനിൽ ചൈന അലമ്പുണ്ടാക്കിയാൽ സംഗതി വഷളാവും. ഇലക്‌ഷനുകളേക്കാൾ ജിയോ പൊളിറ്റിക്സ് എന്ന ആഗോള രാഷ്ട്രീയമായിരിക്കും ബിസിനസിന്റെ ഗതി നിയന്ത്രിക്കുന്നത്. യുക്രെയ്നും ഗാസയും പോരാഞ്ഞിട്ട് തയ്‌വാൻ പോലെ വേറെ വല്ല കോടാലി കൂടി വരുമോ എന്നു കണ്ടറിയണം. തയ്‌വാനിലും ഇലക്‌ഷനായിരുന്നു!
പക്ഷേ വളരെ പോസിറ്റീവ് പ്രവചനങ്ങളാണ് 2024നെക്കുറിച്ചുള്ളത്. അമേരിക്കയിൽ വിലക്കയറ്റം കുറഞ്ഞതും ജിഡിപി വളർച്ച കഴിഞ്ഞ ത്രൈമാസം 5% കവിഞ്ഞതും ഉദാഹരണം. ഇന്ത്യ 6.2% നിരക്കിൽ വളരുമെന്ന് ഐഎംഎഫ് പറയുന്നു. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ച 2.9% ആയിരിക്കും. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.5% വരെ കട്ട് ചെയ്തേക്കും. അതോടെ പലിശ ലാക്കാക്കി ബാങ്കിൽ കിടക്കുന്ന കാശെല്ലാം വിപണിയിലേക്ക് ഇറങ്ങും.
ഏതൊക്കെ ബിസിനസുകൾ പച്ചപിടിക്കും? ഐടിക്ക് ഇന്ത്യയിൽ മേൽഗതിയാണ് പ്രവചനം. നമ്മുടെ ഐടി വരുമാനം 2025 ആകുമ്പോഴേക്ക് 30000 കോടി ഡോളർ കവിയും. 24 ലക്ഷം കോടി രൂപ! സോഫ്റ്റ്‌വെയറും ബിപിഒയും അതിന്റെ കയറ്റുമതിയും എല്ലാം ചേർത്ത് 24500 കോടി ഡോളർ വരുമാനമാണ് 2023ൽ നേടിയത്.
ഹരിത സാങ്കേതികവിദ്യകളും സോളർ പോലെ ഹരിത വൈദ്യുതിയും ഇ–കൊമേഴ്സും ഇക്കൊല്ലം വച്ചടി കേറും. ഇതൊക്കെ നേരത്തേ കണ്ടറിഞ്ഞ് മുതലാക്കാൻ അറിയുന്നവർക്ക് ഗുണമാവും. ആരോഗ്യ പ്രവചന അനലിറ്റിക്സ് ബിസിനസും കൂട്ടത്തിലുണ്ട്.
ഒടുവിലാൻ∙ ആഗോള കമ്പനി മേധാവികൾക്കിടയിൽ പിഡബ്ല്യുസി നടത്തിയ സർവേയിൽ 40% പേരും അഭിപ്രായപ്പെട്ടത് തങ്ങളുടെ കമ്പനികളുടെ ഇപ്പോഴുള്ള ബിസിനസ് മോഡൽ ഇനി അധികകാലമില്ല എന്നാണ്. മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല.