ആകാശ എയർ 150 വിമാനം വാങ്ങുന്നു
Mail This Article
ന്യൂഡൽഹി∙ പുതിയ 150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. 737 മാക്സ് 10, 737 മാക്സ് 8–200 ജെറ്റ് വിമാനങ്ങൾ ഇതിലുൾപ്പെടും.
ഇതോടെ ഇന്ത്യയിലെ മൂന്നു വിമാനക്കമ്പനികളും കൂടി ഒരു വർഷത്തിനിടെ ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 1,120 ആയി. എയർ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ 470 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ജൂണിൽ ഇൻഡിഗോ 500 വിമാനങ്ങളും ഓർഡർ ചെയ്തു.
ഇൻഡിഗോയുടെ ആകെ 1000 വിമാനങ്ങൾക്കുള്ള ഓർഡർ നിലവിലുണ്ട്. ആഭ്യന്തര വിമാനക്കമ്പനികൾ എല്ലാംകൂടി വരുംവർഷങ്ങളിൽ ഡെലിവറി എടുക്കാൻ പോകുന്നത് 1600 വിമാനങ്ങളാണ് എന്നാണ് കണക്ക്. നിലവിൽ ഇന്ത്യയിൽ സർവീസിലുള്ളത് 730 വിമാനങ്ങളാണ്.
ഇന്ത്യയിലെ കമ്പനികളുടെ വിമാനങ്ങളുടെ എണ്ണം 2030ൽ 1500–2000 ആകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2030ൽ പ്രതിവർഷം 30 കോടിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 15.3 കോടിയാണ്. ഹൈദരാബാദിൽ നടക്കുന്ന ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യ 2024ലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോയിങ്ങിന്റെ രണ്ടാമത്തെ വലിയ ക്യാംപസ് ബെംഗളൂരുവിൽ
ബെംഗളൂരു∙ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ദേവനഹള്ളിയിലെ പുതിയ ക്യാംപസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബോയിങ്ങിന്റെ യു.എസ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നിർമാണ കേന്ദ്രമാണിത്. ആഗോള വ്യോമയാന രംഗത്തെ പുതുതലമുറ ഉൽപന്നങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ള ക്യാംപസ് 43 ഏക്കറിലായി 1600 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.