'പേപ്പർ കപ്പിൽ' ഒരു കേരളാ കൊടുങ്കാറ്റ്
Mail This Article
ചൈനയിൽ നിന്ന് പേപ്പർ കപ്പുകളിൽ വലിയ മത്സരം ആണ് ഞങ്ങൾ നേരിട്ടത്. ഏറ്റവും മികച്ച ഉല്‍പ്പന്നം തന്നെ നിർമിച്ചു നൽകിയാണ് അതിനെ മറികടന്നത്. ഇപ്പോൾ ചൈന, തായ്‌വാൻ റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങള്‍ ഞങ്ങളുടെ ടെക്നോളജിയുടെ ഉപഭോക്താക്കളാണ്. പേപ്പർ കപ്പിലല്ല മറിച്ച് അവയുടെ അസംസ്കൃത വസ്തുക്കളും ടെക്‌നോളജിയും കയറ്റുമതി ചെയ്യുന്നതിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്.
കൃത്യമായ ഇൻഡസ്ട്രി സ്റ്റാൻഡേർഡുകൾ പിന്തുടരുന്നതിലൂടെയാണ് ആഗോളവിപണിയിൽ മുന്നേറുന്നത്. ഓരോ രാജ്യങ്ങൾക്കും ഓരോ കമ്പനികൾക്കും അവരവരുടെ ക്വാളിറ്റി ചെക്കിങ്ങും സോഷ്യൽ ഓഡിറ്റും ഉണ്ടാകും. അതെല്ലാം കൃത്യമായി പാലിക്കുക വഴി വിപണി ഉറപ്പാക്കാൻ കഴിയുന്നു. പ്രകൃതിയോട് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് ലോകമെമ്പാടും ഇപ്പോൾ പ്രത്യേക ഡിമാൻഡാണ്. സുസ്ഥിരതാണ് ബിസിനസിന്റെ കരുത്ത്.കപ്പ് മണ്ണിലിട്ടാൽ അലിഞ്ഞുപോണം, വെള്ളത്തിലിട്ടാൽ ചെറുജീവികൾക്ക് തിന്നുന്നതായിരിക്കണം, കത്തിച്ചാൽ വിഷാംശമുള്ള പുക വരരുത്. പ്രകൃതിക്ക് ഒരു ദോഷവും സംഭവിക്കാത്ത ബയോ ഡീഗ്രേഡബിൾ, പ്ലാസ്റ്റിക് ഫ്രീ പേപ്പർ കപ്പ് ഉണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം കമ്പനികളിൽ ഒന്നാണ് ലീത്ത. സ്വയം ഡെവലപ് ചെയ്ത ടെക്‌നോളജിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്.
ആഗോളതലത്തിലേയ്ക്ക്
പേപ്പർ കപ്പ് നിർമാണം ദക്ഷിണേന്ത്യയിലേക്ക് കൊണ്ടുവന്ന ഞങ്ങൾ ആദ്യം ഇന്ത്യൻ വിപണിയിൽ തന്നെയാണ് പയറ്റിയത്. ആ സമയത്ത് ലാലുപ്രസാദ് യാദവ് പ്ലാസ്റ്റിക് കപ്പ് നിരോധിച്ചത് ഞങ്ങൾക്ക് വലിയ ഗുണം ചെയ്തു. പക്ഷേ വിപണി വ്യാപിച്ചതോടെ കൂടുതൽ കമ്പനികൾ വരികയും ഇവിടെ മത്സരം ശക്തമാകുകയും ചെയ്തു. അതോടെയാണ് ദുബായിലേക്ക് സപ്ലൈ ചെയ്തുകൊണ്ട് കയറ്റുമതിയിലേക്ക് തിരിയുന്നത്.
കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നവയിൽ ഭൂരിപക്ഷവും കറിപൗഡർ പോലെ മലയാളി ഉപയോഗിക്കുന്നതാവും. എന്നാൽ ഇവിടെ ഞങ്ങളുടെ കപ്പിൽ കാപ്പി കുടിക്കുന്നത് സായിപ്പാണ്. അവരിലേക്ക് എത്താൻ ഒരു ഇന്ത്യൻ ഉൽപ്പന്നത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്താണ് യുഎൻ, നാറ്റോ സംഘങ്ങൾക്കായി അഫ്ഗാനിസ്ഥാനിലും ഇറാഖിലും കപ്പു നൽകാൻ അവസരം ലഭിച്ചത്. ചൈനീസ് ഉല്‍പ്പന്നം അവർക്ക് സ്വീകാര്യമായിരുന്നില്ല. അതാണ് ഞങ്ങൾക്ക് ഗുണമായത്. യുദ്ധം നിന്നതോടെ കയറ്റുമതിയും നിന്നു.
പക്ഷേ യുഎന്നിന് കപ്പു നൽകിയപ്പോൾ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. ഈ മേഖലയിൽ പരിസ്ഥിതി, സുസ്ഥിരത എന്നിവ വളരെ പ്രധാനമാണെന്ന തിരിച്ചറിവോടെ കാര്യമായ ഗവേഷണവും തുടങ്ങി. അതുകൊണ്ട് യൂറോപ്യൻ യൂണിയൻ സിംഗിൾ യൂസ്ഡ് പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ ഞങ്ങൾ പ്ലാസ്റ്റിക് ഫ്രീ പേപ്പർ കപ്പുകളുമായി തയ്യാറായിരുന്നു. ഒരു സായിപ്പ് കപ്പെടുത്തിട്ട് നല്ലതാണെന്ന് പറഞ്ഞാൽ മതിയായിരുന്നു. അതു സാധിച്ചതോടെ ആഗോളതലത്തിൽ കൂടുതൽ ഉപഭോക്താക്കളെ ഉറപ്പാക്കാനായി. കളമശേരിയിലും മുരിങ്ങൂരുമുള്ള ഫാക്ടറികളിൽ പേപ്പർ കപ്പ്, ലിഡ്, പേപ്പർ റോൾ എന്നിവ നിർമിക്കുന്നു. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന പേപ്പർ കപ്പുകളുടെ 52 ശതമാനവും ലീത ഇൻഡസ്ട്രിയിൽ നിന്നാണ്. ഏറ്റവും വലിയ കമ്പോസ്റ്റബിൾ കോട്ടട് ബോർഡ് നിർമാതാക്കൾ കൂടിയാണ് ലീത.
കാപ്പിക്കൊപ്പം തന്ത്രങ്ങൾ
പിതാവ് ചേർത്തല വന്യം പറമ്പിൽ വി.ജെ. മാത്യു പേപ്പർ കാർട്ടൺ നിർമാണത്തിനായി തുടങ്ങിയ കമ്പനിയാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പേപ്പർ കപ്പ് കയറ്റുമതി സ്ഥാപനമായി വളർന്നത്. സഹോദരൻ ഡോണാണ് പ്ലാസ്റ്റിക് ഫ്രീ ടെക്‌നോളജി വികസിപ്പിച്ചത്. ടെക്‌നിക്കൽ കാര്യങ്ങൾ ഡോണ്‍ നോക്കും. കുടുംബത്തിൽ 10 പേരാണ്. എല്ലാ ദിവസവും രാവിലെ വീട്ടിൽ കാപ്പിയും കുടിച്ച് മീറ്റിങ് കൂടി അവിടെ വെച്ചാണ് ബിസിനസ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത്.