കാനഡയിലേക്ക് ഭക്ഷ്യവസ്തു കയറ്റുമതി നാലിരട്ടിയായി
Mail This Article
കൊച്ചി∙ കാനഡയിലേക്ക് പഠനത്തിനും ജോലിക്കും കുടിയേറ്റം വർധിച്ചതോടെ കഴിഞ്ഞ 2 വർഷത്തിനിടെ കേരള ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിയിലും ഡോളർ വരുമാനത്തിലും നാലിരട്ടിയിലേറെ വർധന. കേരളത്തിൽ നിന്ന് കാനഡയിലേക്ക് പന്ത്രണ്ടോളം ബ്രാൻഡഡ് കയറ്റുമതിക്കാരും അസംഘടിത മേഖലയിൽ അത്രതന്നെ മറ്റു കയറ്റുമതിക്കാരും രംഗത്തുണ്ട്.
ജർമനി, ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ തുടങ്ങി മലയാളികൾ കുടിയേറുന്ന നാടുകളിലേക്കെല്ലാം ഭക്ഷ്യവിഭവങ്ങളുടെ കയറ്റുമതിയിൽ വർധനയുണ്ട്. പക്ഷേ, മറ്റു രാജ്യങ്ങളിലേക്ക് പരമാവധി 20–30% വർധന കഴിഞ്ഞ 2 വർഷത്തിനിടെ ഉണ്ടായപ്പോൾ 300–400% വർധനയാണ് കാനഡയിലേക്ക്.
കേരള ഭക്ഷ്യോൽപന്നങ്ങൾ കാനഡയിലേക്ക് അയയ്ക്കുന്ന ഏറ്റവും പ്രമുഖ 2 കമ്പനികളുടെ കണക്കുകൾ ഇങ്ങനെ: വർഷം വെറും 6 കണ്ടെയ്നർ ഭക്ഷ്യവിഭവങ്ങൾ 4 വർഷം മുൻപു വരെ അയച്ച കമ്പനി ഇപ്പോൾ 24 കണ്ടെയ്നർ അയയ്ക്കുന്നു. നാലിരട്ടി. 40 അടി നീളമുള്ള കണ്ടെയ്നറിൽ 2000 പെട്ടി വിഭവങ്ങളുണ്ടാവും. ഒരു പെട്ടി 12 കിലോഗ്രാം കണക്കാക്കിയാൽ 24 ടൺ ലോഡ്.
കറിപൗഡറുകളും മസാലകളും കയറ്റുമതി ചെയ്യുന്ന മറ്റൊരു കമ്പനി 3 മാസം കൂടുമ്പോൾ ഒരു കണ്ടെയ്നർ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മാസം 4 എണ്ണം അയയ്ക്കുന്നു; 96 ടൺ! കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വർധനയാണിത്. ഇതേ ട്രെൻഡ് തന്നെയാണ് മറ്റു കമ്പനികൾക്കും. ഓണക്കാലത്തെ സദ്യ വിഭവങ്ങളും ക്രിസ്മസ് കാലത്തെ കേരള സ്റ്റൈൽ പ്ലം കേക്കും പോലെ സീസൺ അനുസരിച്ചുള്ള കയറ്റുമതിയിലും ഇതുപോലെ വർധനയുണ്ട്.
ഫ്രീസറുള്ള കണ്ടെയ്നറിൽ പൊറോട്ടയും തേങ്ങാപ്പീരയും കപ്പയും കൂർക്കയും മാങ്ങയും ഇലയടയും ഉഴുന്ന്–പരിപ്പ് വടകളും മാത്രമല്ല മാമ്പഴ പുളിശ്ശേരി, ചേന മെഴുക്കുപുരട്ടി, പയർതോരൻ എന്നിവയൊക്കെ പോകുമ്പോൾ ഏത്തക്കാ– കപ്പ ചിപ്സും അച്ചപ്പവും കുഴലപ്പവും മുറുക്കും എള്ളുണ്ടയും അരിയുണ്ടയും മിക്സചറുമെല്ലാം ഫ്രീസർ വേണ്ടാതെയും കടൽ കടക്കുന്നു.
ചൂടാക്കി കഴിക്കാവുന്ന വിഭവങ്ങൾക്കാണ് കയറ്റുമതി മൂല്യം കൂടുതൽ. കറിപ്പൊടികൾ മാത്രമെങ്കിൽ അൽപം കുറയും. ഒരു കണ്ടെയ്നർ പോകുമ്പോൾ 40000 ഡോളർ മുതൽ 70000 ഡോളർ വരെയാണ് വിദേശനാണ്യം നേടുന്നത്. 32 ലക്ഷം മുതൽ 56 ലക്ഷം വരെ രൂപ!