ഓഹരി വിറ്റഴിക്കല്‍; സര്‍ക്കാര്‍ തന്ത്രം പാളിയോ?
Mail This Article
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടാണ്. ഓഹരി വിറ്റഴിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം 51,000 കോടി രൂപയായിരുന്നു.
ഓഹരി വിറ്റഴിക്കലിലൂടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയുടെയും എന്‍ഐഎന്‍എലിന്റെയും സ്വകാര്യവല്‍ക്കരണത്തിന് ശേഷം സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളായി തന്നെ അവശേഷിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ഓഹരിവിറ്റഴിക്കല്‍ തന്നെ ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് സാധ്യമായത്.
കഴിഞ്ഞ ബജറ്റില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് 51,000 കോടി രൂപയായിരുന്നു. അതില്‍ 10,051.73 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് സമാഹരിക്കാനായതെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകളില്‍ പറയുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കോണ്‍കര്‍ തുടങ്ങിയ കമ്പനികളുടെ ഐപിഒ 2019ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ അതെല്ലാം നീണ്ടുപോവുകയാണുണ്ടായത്.
ബിഇഎംഎല്‍, എസ് സിഐ, എച്ച്എല്‍എല്‍ ലൈഫ് കെയര്‍, എന്‍എംഡിസി സ്റ്റീല്‍, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഐപിഒ ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം നടക്കാനേ സാധ്യതയുള്ളൂ.