സപ്ലൈകോ സബ്സിഡി 35% ആക്കിയേക്കും
Mail This Article
തിരുവനന്തപുരം∙സപ്ലൈകോ വഴി വിൽക്കുന്ന സാധനങ്ങളുടെ സബ്സിഡി 35 ശതമാനമായി നിശ്ചയിക്കാൻ സാധ്യത. ഇതു സംബന്ധിച്ചു വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചെങ്കിലും പുതുക്കി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
എല്ലാ ഇനങ്ങൾക്കും വിപണി വിലയെക്കാൾ ശരാശരി 25% വില കുറയുന്ന രീതിയിൽ സബ്സിഡി നൽകണമെന്നാണ് സമിതി നിർദേശിച്ചത്. എന്നാൽ 35% സബ്സിഡി എങ്കിലും ഉണ്ടെങ്കിലേ ഉപയോക്താക്കൾക്കും സപ്ലൈകോയ്ക്കും പ്രയോജനം ഉണ്ടാകൂ എന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇപ്പോൾ സബ്സിഡി 50 ശതമാനത്തിലേറെയാണ്. 13 ഉൽപന്നങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ സബ്സിഡി കുറയ്ക്കുന്നതിലൂടെ വിലക്കയറ്റം ഉണ്ടായാൽ തിരിച്ചടിയാകും.
മന്ത്രിസഭ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. നിരക്ക് പുനഃപരിശോധിച്ച ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.വിദഗ്ധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലുള്ള പുതുക്കിയ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭയിൽ വരാനാണ് സാധ്യത. 3 മാസത്തിലൊരിക്കൽ നിരക്ക് പരിഷ്കരിക്കണം എന്നാണ് ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.