കേരളം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ വേണം ഈ പരിഹാരങ്ങൾ
Mail This Article
കേരളവൂം കേരളീയരും കേരളം ഭരിക്കുന്നവരും ഏറക്കുറെ സമ്പന്നരാണ്. ഇന്ത്യയിലെ ഉയർന്ന ജീവിതനിലവാരവും ഉയർന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, കേരള സർക്കാർ സാമ്പത്തിക ചുഴിയിൽപെട്ടു നട്ടം തിരിയുകയാണ്. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും പലിശ നൽകാനും ക്ഷേമവികസന പ്രവർത്തനങ്ങൾ നടത്താനും പണമില്ലാതെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ കേരള സർക്കാർ കഠിന ദാരിദ്ര്യത്തിലാണ്. ഗവൺമെന്റിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ഈ പ്രതിസന്ധിക്കു കാരണം. സംസ്ഥാനം ഭരിച്ചിരുന്നവരും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നവരും ഈ പ്രതിസന്ധിക്ക് ഉത്തരവാദികളാണ്. പരിമിതങ്ങളായ വിഭവങ്ങളും അപരിമിതങ്ങളായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് സൂക്ഷ്മവും യുക്തവുമായ ആസൂത്രണ പ്രക്രിയയിലൂടെയാണു പരിഹരിക്കപ്പെടേണ്ടത്. എത്രയും വേഗത്തിൽ കൊടുത്തുതീർക്കേണ്ട കുടിശ്ശികകൾതന്നെ 50,000 കോടി രൂപയിലധികമാണ്.
ഹ്രസ്വകാലത്ത് പരിഹരിക്കപ്പെടാൻ കഴിയുന്നതല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾ. മുണ്ടു മുറുക്കിയുടുത്തതുകൊണ്ടു തീരുന്നതല്ല പ്രശ്നം. കീമോതെറപ്പിതന്നെ വേണ്ടിവരും. ചിലപ്പോൾ മുറുകെപ്പിടിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളിൽവരെ വെള്ളം ചേർക്കേണ്ടിയും വരും. പ്രശ്നപരിഹാരത്തിനായി ഈ ലേഖനത്തിൽ നിർദേശിക്കുന്നതിൽ മിക്കതും ഇന്നല്ലെങ്കിൽ നാളെ ഭരിക്കുന്നവർക്ക് അംഗീകരിക്കേണ്ടിവരും. അല്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും. ശ്രീലങ്കയും പാക്കിസ്ഥാനും ഇവിടെ ആവർത്തിക്കപ്പെടാതിരിക്കട്ടെ.
1. ഭരണസംവിധാനത്തിന്റെ വലുപ്പം മൊത്തത്തിൽ കുറയ്ക്കുക
142 കോടിയിലേറെ ജനങ്ങളും എണ്ണൂറോളം എംപിമാരുമുള്ള ഇന്ത്യയിൽ 29 കാബിനറ്റ് മന്ത്രിമാരും 50 സഹമന്ത്രിമാരുമാണുള്ളത്. അതേസമയം 3.5 കോടി ജനങ്ങളും 140 എംഎൽഎമാരുമുള്ള കേരളത്തിൽ 21 കാബിനറ്റ് മന്ത്രിമാരും കാബിനറ്റ് റാങ്കുള്ള മറ്റു പത്തോളം പേരുമുണ്ട്. കേന്ദ്രത്തിലേതുപോലെ, കേരളത്തിലെ മന്ത്രിമാരുടെ എണ്ണം മൊത്തം നിയമസഭാംഗങ്ങളുടെ പത്തു ശതമാനമായി കുറച്ച് 14 മന്ത്രിമാരിൽ ഒതുക്കുക. അതുപോലെതന്നെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം ഇന്നുള്ള 25–30ൽനിന്ന് 15 ആയി ചുരുക്കുക. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തലാക്കിയതുപോലെ നിർത്തലാക്കുക.
2. നിയമസഭാംഗങ്ങളുടെ ആജീവനാന്ത പെൻഷൻ നിർത്തലാക്കുക
ജനപ്രതിനിധികൾ ഉദ്യോഗസ്ഥരല്ല. അവർ പൊതുപ്രവർത്തകരാണ്. അവർ എംഎൽഎമാരും മന്ത്രിമാരുമായി ഇരിക്കുന്നിടത്തോളം കാലം മാന്യമായ പ്രതിഫലം നൽകണം. അതിനുശേഷം അഗ്നിവീർസേനാംഗങ്ങൾക്കു നൽകുന്നതുപോലുള്ള മാന്യമായ പ്രതിഫലം നൽകി അവരെ ഒഴിവാക്കുക. ഒരു കമ്മിഷനെ നിയമിച്ച് അവരുടെ ശുപാർശപ്രകാരം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും നിശ്ചയിക്കുക.
3. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും എണ്ണം10–15% വെട്ടിക്കുറയ്ക്കുക
നാം ഇന്നു ജീവിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജിയുടെയും നിർമിതബുദ്ധിയുടെയും കാലത്താണ്. ഇന്നു നിലവിലുള്ള പല തസ്തികകളും കാലഹരണപ്പെട്ടതും ആവശ്യമില്ലാത്തവയുമാണ്. സർക്കാർ ജീവനക്കാരുടെ എണ്ണം 10–15% കുറച്ചാൽ ഇവിടെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.
4. ശമ്പളപരിഷ്കരണം പത്തുകൊല്ലത്തിലൊരിക്കൽ
കേരളത്തിൽ അഞ്ചു കൊല്ലത്തിലൊരിക്കലാണ് ശമ്പളപരിഷ്കരണം നടത്തുന്നത്. അതാണു കേരളത്തിലെ ധനപ്രതിസന്ധിക്കു കാരണമെന്നു വാദിക്കുന്നവരുണ്ട്. ഈ വാദം അടിസ്ഥാനരഹിതമാണ്. എന്നിരുന്നാലും കേന്ദ്രപരിഷ്കരണത്തോടൊപ്പം കേരളത്തിലും ശമ്പളം പരിഷ്കരിച്ചു നടപ്പിലാക്കുന്നതു നന്നായിരിക്കും.
5. ഉദ്യോഗസ്ഥ പുനർവിന്യാസം ഉടനടി നടപ്പിലാക്കുക
മൂന്നു പതിറ്റാണ്ടിലേറെയായി കേൾക്കുന്ന ഉദ്യോഗസ്ഥ പുനർവിന്യാസം ഇന്നും ഒരു മരീചികയായി അവശേഷിക്കുന്നു. അത് ഉടനടി നടപ്പിലാക്കി സെക്രട്ടേറിയറ്റിന്റെ വലുപ്പം കുറയ്ക്കുകയും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കുകയും ചെയ്യുക.
6. പുനർനിയമനം ഒഴിവാക്കുക
പെൻഷൻ പറ്റിയ ഉന്നത ഉദ്യോഗസ്ഥരുടെ പുനർനിയമനം ഒരു കാരണവശാലും അനുവദിക്കരുത്. സർക്കാരിനെ തെറ്റായ വഴിക്കു നയിക്കുകയും ഖജനാവ് ശുഷ്കമാക്കുകയും ചെയ്യുന്ന ഒരു വർഗമാണിവർ.
7. പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കുക
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ ചെയർമാനടക്കം പതിനൊന്നു പേരാണുള്ളത്. അതുപോലെ കേരള പിഎസ്‌സി അംഗങ്ങളുടെ എണ്ണം 21ൽനിന്ന് 11 ആയി ചുരുക്കുക. യോഗ്യതയും കഴിവുമുള്ളവരെ കക്ഷിരാഷ്ട്രീയത്തിനതീതമായി നിയമിക്കുക. രാഷ്ട്രീയക്കാർക്ക് ഓഹരി വയ്ക്കാനുള്ളതല്ല പിഎസ്‌സി.
8. ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം കുറയ്ക്കുക
ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം പടിപടിയായി ഇന്നുള്ളതിന്റെ മൂന്നിലൊന്നായി ചുരുക്കുക. അവയെ കാലാവധി കഴിഞ്ഞ രാഷ്ട്രീയക്കാരെ പ്രതിഷ്ഠിക്കാനുള്ള വേദിയാക്കാതെ ബന്ധപ്പെട്ട മേഖലയിലെ പ്രഫഷനലുകളെയും ടെക്നോക്രാറ്റുകളെയും നിയമിക്കുക.
9. കെഎസ്ആർടിസി
കെഎസ്ആർടിസിയെ മൂന്നോ നാലോ കമ്പനികളോ കോർപറേഷനുകളോ ആക്കിമാറ്റി അവയുടെ തലപ്പത്ത് പ്രഫഷനലുകളെയും മാനേജ്മെന്റ് വിദഗ്ധരെയും നിയമിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. നശിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തെ രക്ഷിക്കുന്നതിന് അതിന്റെതന്നെ കുറച്ചു സ്ഥലം വിറ്റോ, പാട്ടത്തിനു നൽകിയോ തൽക്കാലം പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുക.
10. സർക്കാർ വക്കീലന്മാർ ഒഴിവാക്കപ്പെടേണ്ടവർ
സർക്കാരിന്റെ ഖജനാവു മുടിക്കുന്ന ഒരു വിഭാഗമാണവർ. രാഷ്ട്രീയത്തിന്റെ മേൽവിലാസത്തിൽ കയറിക്കൂടി കേസുകൾ ജയിക്കാൻ കഴിവില്ലാത്ത ഇവരെ ഉടനടി സ്ഥനത്തുനിന്നു മാറ്റുക. അല്ലെങ്കിൽ പുറമെനിന്നു കൊണ്ടുവരുന്ന വക്കീലന്മാരുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം ഇവരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുക. ജയിക്കില്ലെന്നുറപ്പുള്ള കേസുകൾപോലും ഉന്നത കോടതികളിലെത്തിച്ച് പൊതുപണം ധൂർത്തടിക്കാൻ ഉപദേശിക്കുന്ന ഉപദേശകരെ പുറത്താക്കുക.
11. ബജറ്റിനു പുറത്തുനിന്നുള്ള കടം വാങ്ങൽ
കഴിവതും ഒഴിവാക്കുക. കേരളത്തിന്റെ ധനക്കമ്മി കുറച്ചു കാണിക്കാൻവേണ്ടിയാണ് കിഫ്ബിവഴി കടമെടുത്ത് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്താൻ കേരള സർക്കാർ തീരുമാനിച്ചത്. ഇന്നതു പ്രതിസന്ധിക്കു കാരണമായിരിക്കുകയാണ്. കേന്ദ്രം കിഫ്ബിവഴിയുള്ള വായ്പയും ധനക്കമ്മിയിൽ ഉൾപ്പെടുത്തിയാണ് കേരളത്തിന്റെ കടമെടുപ്പിനു തടയിട്ടിരിക്കുന്നത്. ബജറ്റിനു പുറത്തുനിന്നുള്ള കടംവാങ്ങൽ കഴിവതും ഒഴിവാക്കുക.
അൻപതു വർഷത്തേക്കു പലിശരഹിത വായ്പ വാഗ്ദാനം ചെയ്യുന്ന കേന്ദ്രത്തിന്റെ പ്രത്യേക സഹായധനപദ്ധതി സംസ്ഥാനങ്ങളുടെ പലിശബാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നതർ പറയുന്നു. കേരളത്തിന് ഈ പദ്ധതി ഉപയോഗപ്പെടുത്തിക്കൂടെ? അതിൽ എന്തെങ്കിലും കാണാക്കുടുക്കുകൾ ഉണ്ടോ?
12. നമുക്ക് എന്തിനാണ് ഇത്രയധികം സർവകലാശാലകൾ?
ഒരു ചെറിയ സംസ്ഥാനമായ കേരളത്തിൽ കേന്ദ്ര സർവകലാശാലയടക്കം 23 സർവകലാശാലകളുണ്ട്. ഇവയുടെ എണ്ണം പകുതിയാക്കി കുറച്ച് അവയുടെ ഗുണമേന്മ കൂട്ടുന്നതല്ലേ അഭിലഷണീയം. ഇന്നുള്ള പല സർവകലാശാലകളും ഉണ്ടാക്കുന്ന ധനനഷ്ടവും മാനനഷ്ടവും എത്രയാണ്. ഖജനാവ് മുടിക്കുന്ന വെള്ളാനകളാണവ.
13. പുതിയ തദ്ദേശസ്ഥാപനങ്ങളും താലൂക്കുകളും ജില്ലകളും രൂപീകരിക്കാതിരിക്കുക
ആവശ്യമെങ്കിൽ ഇവയെ പുനഃക്രമീകരിക്കുക. പുതിയ സ്ഥാപനങ്ങൾ വലിയ സാമ്പത്തികഭാരമാണുണ്ടാക്കുക.
14. കേരളത്തെ ഉൽപാദക സംസ്ഥാനമായി മാറ്റുക
നമ്മുടെ ഉപഭോഗവസ്തുക്കളിൽ 85 ശതമാനത്തോളം പുറത്തുനിന്നു വരുന്നതാണ്. മറ്റു സംസ്ഥാനങ്ങളുമായുള്ള നമ്മുടെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയിൽ കൂടുതലാണ്. അതുകൊണ്ട് ഉപഭോഗസംസ്ഥാനമെന്ന പേരു മാറ്റി ഉൽപാദക സംസ്ഥാനമായി കേരളത്തെ മാറ്റണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. സ്റ്റാർട്ടപ് രംഗത്തു കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടം ഈ മേഖലയിലേക്കും വ്യാപിപ്പിക്കണം.
15. ധനക്കമ്മി കുറയ്ക്കുകയും മൂലധനച്ചെലവു കൂട്ടുകയും വേണം
ധനക്കമ്മി സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമായി കുറയ്ക്കുകയും മൂലധനച്ചെലവ് സംസ്ഥാന ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയർത്തുകയും വേണം.
16. ഉറപ്പുള്ള വരുമാനപദ്ധതി
സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം ഉൾക്കൊണ്ട് അതിദരിദ്ര കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ പ്രതിമാസം 5,000 രൂപവച്ച് എല്ലാ മാസവും ബാങ്കുവഴി വിതരണം ചെയ്യുക. ഇത് ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കും.
17. ടൂറിസം ശക്തിപ്പെടുത്തുക
ടൂറിസം മേഖലയുടെ അനന്തസാധ്യതകൾ മുൻകൂട്ടിക്കണ്ട് ആ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുക.
18. തൊഴിൽരംഗത്തെ പുതിയ മാറ്റങ്ങളുൾക്കൊള്ളുക
അടുത്ത 10–15 വർഷത്തിനകം ഇന്നുള്ള പല തൊഴിലുകളും ഇല്ലാതാകും. തൊഴിൽരംഗത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പുതുതലമുറയെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാക്കുക.
19. സർവകലാശാലകളിലെ അധ്യാപകനിയമനം
പിഎസ്‌സിക്കു വിട്ട് കള്ളനാണയങ്ങളുടെ രംഗപ്രവേശം തടയുക.
20. നികുതിപിരിവ് ഊർജിതപ്പെടുത്തിയും നികുതി കുടിശ്ശികകൾ യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ചുപിടിച്ചും സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ ക്രമീകരിക്കുക.
21. സ്വകാര്യമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിന്റെ വളർച്ചയ്ക്കു വഴിയൊരുക്കിക്കൊടുക്കുക.
22. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
പൊതുമേഖലയിലുള്ളവ ഉൾപ്പെടെ എല്ലാ താൽക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടപ്പിലാക്കുക. പിൻവാതിൽ നിയമനം ഒഴിവാക്കുക.
മേൽപറഞ്ഞ കാര്യങ്ങൾ ഹ്രസ്വകാല, ഇടക്കാല, ദീർഘകാലങ്ങളിലായി നടപ്പിലാക്കുകയാണെങ്കിൽ അതു സംസ്ഥാനത്തിനു നേട്ടമല്ലാതെ ദോഷമൊന്നും ഉണ്ടാക്കില്ല.
ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്