പടിയിറങ്ങാനൊരുങ്ങി വായ്പാ നിരക്കുകൾ
Mail This Article
കൊച്ചി ∙ വായ്പാ നിരക്കുകളുടെ പടിയിറക്കത്തിനു വാതിലുകൾ തുറന്നിടുകയാണു നടപ്പു സാമ്പത്തിക വർഷത്തെ അവസാന പണ, വായ്പ നയ പ്രഖ്യാപനത്തിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പടിയിറക്കം എപ്പോൾ ആരംഭിക്കുമെന്നു പറയാറായിട്ടില്ലെങ്കിലും, പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽത്തന്നെയുണ്ടാകുമെന്നു നയരേഖയിലെ വരികൾക്കിടയിൽനിന്നു വായിക്കാം.
നിലവിലെ നിരക്കുകൾ തുടരാനുള്ള പണനയ നിർണയ സമിതി (എംപിസി) യുടെ തീരുമാനം ഏകകണ്ഠമല്ല എന്നതും ശ്രദ്ധേയം. വിയോജിച്ച ഏക അംഗം നിരക്കു കുറയ്ക്കണമെന്ന നിർദേശമാണു മുന്നോട്ടുവച്ചത്. ഈ ആവശ്യം ആറംഗ സമിതിയിലെ കൂടുതൽ അംഗങ്ങൾ അടുത്ത യോഗങ്ങളിൽ ഉന്നയിച്ചേക്കാം.
2022 മേയ് – 2023 ഫെബ്രുവരി കാലയളവിൽ റീപ്പോ നിരക്ക് 2.5% വർധിപ്പിച്ച ആർബിഐ ഇതു തുടർച്ചയായ ആറാം തവണയാണു നിലവിലെ നിരക്കു തുടരാൻ തീരുമാനിക്കുന്നത്. ധനക്കമ്മി കുറയ്ക്കുന്നതിന് ഊന്നൽ നൽകിയ ഇടക്കാല ബജറ്റ് പണപ്പെരുപ്പ നിയന്ത്രണത്തിന് വലിയൊരളവു സഹായകമാകുമെന്നിരിക്കെ നിരക്കു
വർധനയ്ക്കുള്ള സാഹചര്യം ദുർബലമാകുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയാണെങ്കിൽ ദ്രുതഗതിയിലാണെന്ന് ആർബിഐ വിശ്വസിക്കുന്നു. ഈ പശ്ചാത്തലത്തിലാണു നിരക്കിളവിന്റെ കാലം അകലെയല്ലെന്നു നിരീക്ഷകർ അനുമാനിക്കുന്നത്.
ഭക്ഷ്യോൽപന്ന വില സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രധാനമായും നിരക്കിളവിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുന്നത്. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ റാബി വിളകളെ എങ്ങനെ ബാധിക്കുമെന്നു നിശ്ചയമില്ല. ഭക്ഷ്യോൽപന്ന വിലക്കയറ്റം പൊതു വിലക്കയറ്റത്തിലേക്കു നയിക്കുന്ന സാഹചര്യമുണ്ടാകാം. അസംസ്കൃത എണ്ണ വിലയിലെ വ്യതിയാനങ്ങളും വെല്ലുവിളിയാണ്.
ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെയാണ് എംപിസിയുടെ അടുത്ത യോഗം. അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ യോഗമാണത്. ആ യോഗം തന്നെ നിരക്കിളവു തീരുമാനം കൈക്കൊണ്ടേക്കാം. സെപ്റ്റംബർ 30നു മുമ്പ് എന്തായാലും നിരക്കുകളുടെ പടിയിറക്കത്തിനു തുടക്കമാകുമെന്ന പ്രതീക്ഷയാണു സാമ്പത്തിക നിരീക്ഷകർ പങ്കുവയ്ക്കുന്നത്. മറ്റു കേന്ദ്ര ബാങ്കുകളുടെ നിരക്കിളവു പ്രഖ്യാപനങ്ങൾക്കായി ആർബിഐ കാത്തിരിക്കുകയാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
നിരക്കിളവു സംബന്ധിച്ചു വ്യക്തമായ അറിയിപ്പൊന്നും ആർബിഐയിൽനിന്നുണ്ടാകാത്തത് ഓഹരി വിപണിയെ നിരാശയിലാഴ്ത്തി. സെൻസെക്സിൽ 723.57 പോയിന്റ് ഇടിവാണുണ്ടായത്; നിഫ്റ്റിയിൽ 212.55 പോയിന്റ്. സെൻസെക്സ് 71,428.43 പോയിന്റ് വരെ താഴ്ന്നു; നിഫ്റ്റി അവസാനിച്ചത് 21717.95 പോയിന്റിൽ.
തിരിച്ചടവ് ബാധ്യത അറിയാം, ഒറ്റനോട്ടത്തിൽ
വായ്പയെടുക്കുന്നവർക്ക് പലിശ, ചാർജുകൾ അടക്കമുള്ള ഇനത്തിൽ പ്രതിവർഷം എത്ര തുക അടയ്ക്കണമെന്ന കാര്യത്തിൽ ഇനി കൂടുതൽ വ്യക്തത ലഭിക്കും. ഇതിനുള്ള സർക്കുലർ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.
നിലവിൽ ചില വിഭാഗത്തിൽപ്പെട്ട വായ്പകൾക്ക് ബാധകമായിരുന്ന കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് (കെഎഫ്എസ്) എംഎസ്എംഇ അടക്കം എല്ലാത്തരം വായ്പകൾക്കും ബാധകമാകും. പലിശയ്ക്കു പുറമേ വിവിധ ചാർജുകളുമടക്കം പ്രതിവർഷമുള്ള നിരക്ക് വ്യക്തമാക്കുന്ന ആനുവൽ പെർസെന്റേജ് റേറ്റ് (എപിആർ) അടങ്ങിയ കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് ബാങ്കുകൾ ലഭ്യമാക്കാനാണ് നിർദേശം.
ഡിജിറ്റൽ കറൻസി ഓഫ്‍ലൈനായും
ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി' ഇന്റർനെറ്റ് കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ ഓഫ്‍ലൈൻ ആയി ഉപയോഗിക്കാനും വൈകാതെ സംവിധാനം വരും. ഇതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കും. നിശ്ചിത ആവശ്യത്തിനു മാത്രമായി ഇ–റുപ്പിയുടെ ഉപയോഗം താൽകാലികമായി പരിമിതപ്പെടുത്താനും സംവിധാനം ഒരുങ്ങും.
പണമിടപാടിന് ഒടിപി മാത്രമല്ല
എസ്എംഎസ് വഴിയുള്ള ഒടിപിക്ക് പകരം വാട്സാപ്/ഇമെയിൽ ഒടിപി, ഓതന്റിക്കേഷൻ ആപ്, പാസ്കീ, സെക്യൂരിറ്റി കീ, ബയോമെട്രിക്സ് അടക്കമുള്ള സുരക്ഷാരീതികളും ഡിജിറ്റൽ പേയ്മെന്റുകൾക്ക് ബാധകമാക്കാൻ ആർബിഐ ചട്ടക്കൂട് തയാറാക്കും. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ (എഇപിഎസ്) സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വ്യവസ്ഥകളും ആർബിഐ കൊണ്ടുവരും.