ADVERTISEMENT

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ആസൂത്രണ സമിതി അംഗവുമായ അനിത ടീച്ചർ വീട്ടിൽ ആരംഭിച്ച നാനോ സംരംഭമാണ് മൈക്രോ ലോൺട്രി. സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ ജോലി ചെയ്തപ്പോൾ ലഭിച്ചിരുന്ന വരുമാനം ജില്ലാ പഞ്ചായത്ത് അംഗം ആയതോടെ നിലച്ചു. ലഭിക്കുന്ന ഓണറേറിയം പൊതുപ്രവർത്തനത്തിന്റെ ഭാഗമായ യാത്രകൾക്കു‌പോലും തികയാതെയായി. അങ്ങനെയാണ് സ്വന്തം വീടിന്റെ ടെറസ്സിൽ മൈക്രോ ലോൺട്രി യൂണിറ്റ് ആരംഭിക്കുന്നത്.

അനിത
അനിത

15 കിലോഗ്രാം തുണി അലക്കാവുന്ന ഇൻഡസ്‌ട്രിയൽ വാഷിങ് മെഷീൻ (1 HP), വെള്ളം വലിച്ചുകളയുന്ന സ്‌പിന്നർ (1 HP), ഹെവി ഡ്യൂട്ടി ഇസ്തിരിപ്പെട്ടി എന്നിവയടക്കം യന്ത്രങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ മൂന്നു ലക്ഷം രൂപ ചെലവായി. വീട്ടിൽ നിലവിലുള്ള വൈദ്യുതി കണക്‌ഷൻതന്നെയാണ് ഉപയോഗിക്കുന്നത്.

വരുമാനം
പ്രതിദിനം 100 തുണികൾ മിനിമം അലക്കി തേക്കും. തൊഴിലാളികളുടെ വേതനവും ഇലക്‌ട്രിസിറ്റി ചാർജും കെമിക്കലുകളുടെ ചെലവും അടക്കം 2000 രൂപ ചെലവു വരും. ഒരു തുണി അലക്കി തേച്ചു നൽകുന്നതിന് 60 രൂപ നിരക്കിൽ ചാർജ് ചെയ്യുന്നു. ദിവസം 4000 രൂപയോളം വരുമാനം ലഭിക്കുന്നു. പൊതുപ്രവർത്തകർ സ്വന്തമായി വരുമാനം നേടുന്നവരാകണം എന്നും അതു പൊതുപ്രവർത്തനം കൂടുതൽ സുതാര്യമാക്കും എന്നുമാണ് ടീച്ചറുടെ പക്ഷം

നിങ്ങൾക്കും തുടങ്ങാം മൈക്രോ ലോൺട്രി ഹബ് 
വസ്‌ത്രങ്ങൾ അലക്കി തേച്ചുനൽകുന്ന സേവനസംരംഭമാണ് മൈക്രോ ലോൺട്രി ഹബ്. വീട്ടിലോ, വീടിനോട് അനുബന്ധിച്ചോ ആരംഭിക്കാവുന്ന നാനോ സംരംഭമാണിത്.  വലിയ ലോൺട്രികൾ, വൻകിട യന്ത്രങ്ങൾ ഉപയോഗിച്ച് ഹോട്ടലും ഹോസ്പിറ്റലും പോലുള്ളവയ്ക്ക് ഇത്തരം സേവനങ്ങൾ നൽകുമ്പോൾ മൈക്രോ ലോൺട്രി ഹബ്, ചെറിയ യന്ത്രങ്ങൾ‌ വഴി ഒരു ഗ്രാമത്തിലെ വീടുകളിലെ വസ്‌ത്രങ്ങൾ അലക്കി, പശ മുക്കി തേച്ചുനൽകുന്നു.

ജീവിതവേഗം വർധിക്കുകയും ഭാര്യയും ഭർത്താവും ജോലിക്കാരാവുകയും ചെയ്തതോടെ വസ്‌ത്രങ്ങൾ അലക്കിത്തേച്ചു വാങ്ങുന്ന രീതി ഗ്രാമങ്ങളിലും വ്യാപകമായി. വസ്‌ത്രങ്ങൾ ഭംഗിയോടെ ധരിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നതും വസ്‌ത്രധാരണത്തിൽ വന്ന മാറ്റങ്ങളും ഈ ബിസിനസിനു ഗുണകരമാണ്. വീട്ടിൽ‌ ചെയ്യുമ്പോൾ അലക്കിനും തേപ്പിനും ഫിനിഷിങ് കുറവായതിനാൽ ചെറുകിട യൂണിറ്റിനെ ആശ്രയിക്കാൻ ഭൂരിഭാഗവും തയാറാണ്. 

അനിതയുടെ വീടിന്‍റെ ടെറസിൽ പ്രവർത്തിക്കുന്ന മൈക്രോ ലോൺട്രി യൂണിറ്റ്
അനിതയുടെ വീടിന്‍റെ ടെറസിൽ പ്രവർത്തിക്കുന്ന മൈക്രോ ലോൺട്രി യൂണിറ്റ്

വൻകിട ലോൺട്രികൾ കലക്‌ഷൻ സെന്ററുകൾവഴി തുണി ശേഖരിച്ച് അലക്കി തേച്ച് തിരിച്ചെത്തിക്കാൻ 7 മുതൽ 10 ദിവസംവരെ എടുക്കുന്നു. പ്രാദേശിക ഹബ്ബുകൾക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിച്ചു നൽകാൻ കഴിയും. വീട്ടിലുള്ളവരെയും ചുറ്റുവട്ടത്തെ ഒന്നോ രണ്ടോ സ്‌ത്രീകളെയും ഉൾപ്പെടുത്തി സുഗമമായി പ്രവർത്തിക്കാം. 

വെള്ളം സുലഭമായി ലഭിക്കുന്ന സ്ഥലത്തു വേണം യൂണിറ്റ് ആരംഭിക്കാൻ. കെമിക്കലുകൾ ഉപയോഗിക്കാതെ സോപ്പുപൊടിയോ ലിക്വിഡ് ഡിറ്റർജന്‍റോ ഉപയോഗിച്ചു യന്ത്രത്തിൽ അലക്കുന്നതിനാൽ യൂണിറ്റിനെ പരിസ്ഥിതി സൗഹൃദമായി നിലനിർത്താം.

മൂലധന നിക്ഷേപം
∙ഹെവി ഡ്യൂട്ടി വാഷിങ് മെഷീൻ & സ്പിന്നർ - 1,75,000
∙തേപ്പുപെട്ടി - 10,000
∙അനുബന്ധ ചെലവ് - 15,000
∙ആകെ 20,0000.00
∙പ്രവർത്തന മൂലധനം 50,000

വരവു–ചെലവു കണക്ക്
ചെലവ് – പ്രതിദിനം 100 വസ്ത്രം അലക്കി തേച്ചു നൽകാൻ 
തൊഴിലാളികളുടെ വേതനം – 1650
ലിക്വിഡ് സോപ്പ് – 100
ഇലക്ട്രിസിറ്റി ചാർജ് – 150
ഇതര ചെലവുകൾ – 100, മൊത്തം – 2000.00
വരവ് – 100 എണ്ണം x 50.00 = 5000.00
ലാഭം – 5000-2000= 3000

മാർക്കറ്റിങ്
പ്രാദേശികമായി സ്ഥാപിക്കുന്ന ചെറിയ പരസ്യ ബോർഡും സമൂഹ മാധ്യമ കൂട്ടായ്മവഴിയുള്ള പ്രചാരവും ധാരാളം. ആവശ്യക്കാർ തേടിയെത്തും. 10–15 സ്ഥിരം കസ്റ്റമേഴ്‌സുണ്ടെങ്കിൽ സുഗമമായി മുന്നോട്ടുപോകാം.

പ്രവർത്തനരീതി
വസ്‌ത്രങ്ങൾ തരംതിരിച്ച് ടാഗ് ചെയ്‌ത്‌ ലിക്വിഡ് സോപ്പിൽ മുക്കിവച്ചു നിശ്ചിത സമയത്തിനു ശേഷം ഹെവി ഡ്യൂട്ടി വാഷിങ് മെഷീനിൽ അലക്കുക. തുടർന്ന് സ്പിന്നറിൽ ലോഡ് ചെയ്‌തു പിഴിഞ്ഞെടുക്കണം. പശ മുക്കേണ്ട തുണികൾ റെഡിമെയ്‌ഡ്‌ സ്റ്റാർച്ചിലോ ചൗവരിപ്പശയിലോ മുക്കി ഉണക്കണം. തുടർന്ന് വെള്ളം നനച്ചു കനമുള്ള തേപ്പുപെട്ടി‌കൊണ്ടു തേച്ചെടുത്തു തരംതിരിച്ച് ഉപഭോക്താക്കൾക്കു നൽകാം.

ലൈസൻസ്, സബ്‌സിഡി
ഉദ്യം, കെ–സ്വിഫ്റ്റ് റജിസ്‌ട്രേഷൻ നേടി യൂണിറ്റ് ആരംഭിക്കാം. പദ്ധതി ചെലവിന് ആനുപാതികമായി വ്യവസായ‌വകുപ്പിൽ‌നിന്നു സബ്‌സിഡി ലഭിക്കും. 
(പിറവം അഗ്രോപാർക്ക് ചെയർമാനാണ് ലേഖകൻ)

English Summary:

MSME Success Story-Micro Laundry Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com