മിഠായി വില്‍ക്കാനും അംബാനി; 27 കോടിക്ക് ഈ മിഠായികൾ വാങ്ങി
Mail This Article
മധുരം വിറ്റും കാശ് വാരാന്‍ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി മിഠായി ബിസിനസിലും സജീവമാകുന്നു. ഇതിന്റെ ഭാഗമായി വിഖ്യാത മിഠായി ബ്രാന്‍ഡുകളായ മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടൂട്ടി ഫ്രൂട്ടി, പാന്‍ പസന്ത്, ചോക്കോ ക്രീം, സുപ്രീം എന്നിവയെ അംബാനി സ്വന്തമാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡാണ് റാവല്‍ഗാവ് ഷുഗര്‍ ഫാമില്‍ നിന്ന് ഈ കാന്‍ഡി ബ്രാന്‍ഡുകളെ വാങ്ങിയത്. 27 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. മിഠായി ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട ട്രേഡ്മാര്‍ക്കുകളും രുചിക്കൂട്ടുകളും മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളുമെല്ലാം അംബാനി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം റാവല്‍ഗാവ് ഷുഗര്‍ കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തിട്ടില്ല. ബ്രാന്‍ഡുകള്‍ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബില്‍ഡിങ്, എക്യുപ്മെന്റ്, മെഷിനറി, മറ്റ് ആസ്തികള്‍ തുടങ്ങിയവയെല്ലാം റവല്ഗാവിന്റേതായി തുടരും.
അസംഘടിത, സംഘടിത മേഖലകളില്‍ നിന്നുള്ള കടുത്ത മല്സരത്തെതുടര്ന്ന് റാവല്ഗാവിന് മിഠായി വിപണിയില്‍ ക്ഷീണം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബ്രാന്‍ഡുകളുടെ വില്‍പ്പന. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റാവല്‍ഗാവ് ഷുഗര്ഫാം.