സാമ്പത്തിക വളർച്ച: ജപ്പാന് തിരിച്ചടി, നാലാം സ്ഥാനത്ത്
Mail This Article
ടോക്കിയോ∙ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന് സ്ഥാനം നഷ്ടമായി. ജർമനിക്ക് താഴെ നാലാം സ്ഥാനത്തെത്തി ജപ്പാൻ. 2023ലെ കണക്കു പ്രകാരം ജപ്പാന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 4.2 ലക്ഷം കോടി ഡോളറായി. ജർമനിയുടേത് 4.5 ലക്ഷം കോടി ഡോളറും. കഴിഞ്ഞ വർഷം ജൂലൈ– സെപ്റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ചയിൽ 3.3 ശതമാനവും ഒക്ടോബർ– ഡിസംബർ കാലയളവിൽ 0.4 ശതമാനവും ഇടിവാണ് ഉണ്ടായത്. ജീവിതച്ചെലവ് വർധിച്ചതോടെ ജപ്പാനിൽ ആഭ്യന്തര ഉപഭോഗത്തിൽ 0.2 ശതമാനം കുറവ് വന്നതാണ് സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായത്. കൂടാതെ, കഴിഞ്ഞ വർഷം യെന്നിന്റെ മൂല്യത്തിൽ 7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ട് പാദങ്ങളിൽ വളർച്ചയിൽ പിന്നാക്കം പോയാൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി കണക്കാക്കും. കടുത്ത നടപടികളിലേക്ക് ബാങ്ക് ഓഫ് ജപ്പാൻ ഉടൻ നീങ്ങുമെന്ന് കരുതുന്നില്ലെന്ന് വിലയിരുത്തുന്നു. 2010 വരെ സാമ്പത്തിക വളർച്ചയിൽ രണ്ടാം സ്ഥാനത്തായിരുന്നു ജപ്പാൻ. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന യുഎസ്സിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 27.94 ലക്ഷം കോടി ഡോളറാണ്. ചൈനയുടേത് 17.5 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 3.7ലക്ഷം കോടി ഡോളറുമാണ്.