എയർപോർട്, ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ വിപുലീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ്
Mail This Article
എയർപോർട്ട് വിപുലീകരണത്തിനും, ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്കുമായി 260 കോടി ഡോളർ വരെ സമാഹരിക്കുന്നതിന് പശ്ചിമേഷ്യയിലെ സോവറിൻ ഫണ്ടുകളുമായി ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ് വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. 2024 മാർച്ചോടെ 80,000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്ന അദാനി ഗ്രൂപ്പ് സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനായി ലണ്ടൻ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ റോഡ്ഷോകൾ നടത്തി. അദാനി ഗ്രൂപ്പിന്റെ ഭാവി പരിപാടികൾ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് റോഡ്‌ഷോകൾ സംഘടിപ്പിക്കുന്നത്. എയർപോർട്ട് മേഖലയിലെ വിപുലീകരണത്തിലും ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്കുള്ള കടന്നുകയറ്റത്തിലും ശ്രദ്ധവെക്കാനും അദാനി ഗ്രൂപ്പിന് താല്പര്യമുണ്ട്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (എംഎസ്ആർഡിസി) സ്ഥാപിച്ച 24 ഏക്കർ ബാന്ദ്ര റിക്ലമേഷൻ ലാൻഡ് പാഴ്സൽ പുനർവികസനം ചെയ്യുന്നതിനുള്ള കരാർ അദാനി റിയൽറ്റി നേടിയിട്ടുണ്ട്. കൂടാതെ, അദാനി ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ഇന്ത്യയിലെ ഖാവ്ദയിൽ ഒരു വലിയ പദ്ധതിയോടെ 30 GW റിന്യൂവബിൾ എനർജി പ്ലാൻ്റ് വികസിപ്പിക്കാൻ പദ്ധതിയിടുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പദ്ധതിയായി മാറും. ഇതിൽ നിന്നും പ്രതിവർഷം 8100കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 16.1 ദശലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാനും ഓരോ വർഷവും 58 ദശലക്ഷം ടൺ CO2 പുറത്തു വിടൽ തടയാനും ശേഷിയുള്ളതായിരിക്കും.