ഹിറ്റുകളുമായി മലയാളസിനിമ വ്യവസായം വൻ വരുമാനം നേടുന്നതിനിടെ പ്രതിസന്ധിയായി സംഘടനാ തർക്കം
Mail This Article
കൊച്ചി ∙ ബിഗ് സ്ക്രീനിൽ മലയാള സിനിമകളുടെ പണം വാരൽ യുഗം; സ്ക്രീനിനു പുറത്ത് അണിയറക്കാരുടെ തമ്മിലടിയുടെ യുഗം. നാളെ മുതൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കുമെന്ന തിയറ്റർ സംഘടനയായ ഫിയോക്കിന്റെ പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായി നിർമാതാക്കളും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും രംഗത്തു വന്നതോടെ പ്രതിസന്ധി പുകയുകയാണ്. മലയാള ചലച്ചിത്രങ്ങൾ തിയറ്ററിൽ ആൾക്കൂട്ടം സൃഷ്ടിക്കുകയും വമ്പൻ കലക്‌ഷൻ നേടുകയും ചെയ്യുന്നതിനിടെ, റിലീസ് വിലക്കു പ്രഖ്യാപിച്ചതു മലയാള ചലച്ചിത്ര വ്യവസായത്തിനു വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് അവർ.
∙3 ചിത്രം, 100 കോടി വരുമാനം
മൂന്നു മലയാള ചിത്രങ്ങൾ ചേർന്നു 12 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയതു 100 കോടിയോളം രൂപയുടെ വരുമാനമാണ്. രാഹുൽ സദാശിവൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 6 ദിവസം കൊണ്ട് ആഗോള തലത്തിൽ 37 കോടി രൂപ നേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. എ.ഡി.ഗിരീഷ് സംവിധാനം ചെയ്ത യുവതാര ചിത്രം ‘പ്രേമലു’ ഇതിനകം നേടിയത് 50 കോടി രൂപയിലേറെ. ടോവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 13 കോടി രൂപയാണു നേടിയത്. ഡാർവിൻ കുര്യാക്കോസാണു ചിത്രമൊരുക്കിയത്. ഭ്രമയുഗവും പ്രേമലുവും തിയറ്ററുകളിൽ വൻ ഹിറ്റുകളായി മാറുന്ന സമയത്താണു പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനുള്ള ഫിയോക് തീരുമാനമെന്നത് സിനിമ വ്യവസായരംഗത്തുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്.
∙തർക്കത്തിൽ ഒടിടി, ഡിജിറ്റൽ പ്രിന്റ്
42 ദിവസത്തിനു ശേഷമേ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകൾക്കു നൽകുകയുള്ളു എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നതിലുള്ള പ്രതിഷേധമാണു റിലീസ് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നു ഫിയോക് പറയുന്നു. 42 ദിവസം കഴിഞ്ഞ് ഒടിടി വിൽപന കരാറുണ്ടാക്കാം, പകരം തിയറ്ററുകാർ 3 ആഴ്ച സിനിമ കളിച്ചു നൽകുമെന്ന ഗാരന്റി നൽകുമോയെന്നാണ് നിർമാതാക്കളുടെ ചോദ്യം. സിനിമ പരാജയപ്പെട്ടാൽ ആദ്യം തന്നെ ചിത്രം മാറ്റുന്ന തിയറ്ററുകാർക്ക് ഒടിടി പറഞ്ഞ് എങ്ങനെ വിലപേശാനാകുമെന്നാണ് അവരുടെ ചോദ്യം.
നിർമാതാക്കളിൽ ചിലർ ചേർന്നു ഡിജിറ്റൽ മാസ്റ്ററിങ് യൂണിറ്റ് ആരംഭിക്കുകയും, ആ പ്രിന്റുകൾ ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിനാൽ വൻ തുക മുടക്കി പുതിയ പ്രൊജക്ടർ വാങ്ങേണ്ട സ്ഥിതിയിലാണെന്നു തിയറ്ററുകാർ കുറ്റപ്പെടുത്തുന്നു. എന്നാൽ, മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക് നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.