1200 കോടിയുടെ ലാഭമെന്ന് കേരള ബാങ്ക്; 176 കോടിയുടെ നഷ്ടമെന്ന് നബാർഡ്
Mail This Article
തിരുവനന്തപുരം ∙ 1200 കോടിയുടെ ലാഭത്തിലാണെന്ന കണക്കുമായി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയ കേരള ബാങ്ക് യഥാർഥത്തിൽ 176 കോടിയുടെ നഷ്ടത്തിലാണെന്ന് നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട്. ആർബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേൽനോട്ടവും കേന്ദ്ര ഏജൻസിയായ നബാർഡിനാണ്. തകർച്ചയിൽപ്പെട്ട കരുവന്നൂർ, കണ്ടല, പുൽപ്പള്ളി സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് നൽകിയതും കിട്ടാക്കടമായതുമായ 140 കോടിയുൾപ്പെടെ 1160 കോടി രൂപ നബാർഡ് ചെലവിനത്തിലേക്ക് മാറ്റി. ഇത് ആസ്തിയായി പരിഗണിച്ച് ലാഭപ്പട്ടികയിലാണ് കേരള ബാങ്ക് ഉൾപ്പെടുത്തിയിരുന്നത്.
ദീർഘനാളായി തിരികെ കിട്ടാതെ കിടക്കുന്നതാണ് ഈ 1160 കോടി രൂപ. ഇതുൾപ്പെടുത്തിയാണ് കേരള ബാങ്ക് ലാഭം കാണിച്ചിരുന്നത്. ഇങ്ങനെയുള്ള തുക ചെലവിനത്തിലേക്ക് മാറ്റണമെന്നാണു വ്യവസ്ഥ.
കെഎസ്ആർടിസിക്ക് വായ്പ നൽകാനായി കെടിഡിഎഫ്സി പാലക്കാട് ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത 200 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത 150 കോടിയും ലയനത്തിനു ശേഷം കേരള ബാങ്കിന്റെ കടമായി മാറി. ഇതിപ്പോൾ പിഴപ്പലിശയുൾപ്പെടെ 504 കോടിയായി. നെല്ലുസംഭരണത്തിനായി സർക്കാർ കേരള ബാങ്കിൽ നിന്നെടുത്ത 514 കോടിയും തിരിച്ചടച്ചിട്ടില്ല. ഇതിന് സർക്കാർ ഗാരന്റിയും നൽകിയില്ല. ഇതെല്ലാം ഉൾപ്പെടുത്തിയാണ് 1160 കോടി ആസ്തി കാണിച്ചത്. കേരള ബാങ്കിന്റെ കീഴിലുള്ള ജില്ലാ ബാങ്കുകളിലും നബാർഡ് ഇപ്രാവശ്യം ഓഡിറ്റ് നടത്തി. അവിടെയും കിട്ടാക്കടവും മൂല്യനിർണയത്തിലെ പാളിച്ചയും കണ്ടെത്തി.
മാർച്ച് 31ന് മുൻപ് കിട്ടാക്കടം പരാമവധി പിരിച്ചെടുക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മനോരമയോട് പ്രതികരിച്ചു. സാധാരണനിലയിലെ വായ്പകളുടെ തിരിച്ചടവിന് തടസ്സമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹായവും ഇനി സഹകരണമേഖല വഴി
കേന്ദ്ര സർക്കാരിന്റെ സഹായപദ്ധതികളും സബ്സിഡിയും സഹകരണമേഖല വഴി വിതരണം ചെയ്യുന്നതിന് നീക്കം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്ര സഹകരണവകുപ്പ് തീരുമാനിച്ചു. നാളെ കേന്ദ്ര സഹകരണ റജിസ്ട്രാർ സംസ്ഥാനത്തെ റജിസ്ട്രാർമാരുടെയും ജില്ലാ റജിസ്ട്രാർമാരുടെയും ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. നേരത്തേ ഇങ്ങനെ യോഗം വിളിച്ചെങ്കിലും ജില്ലാ റജിസ്ട്രാർമാർ പങ്കെടുക്കേണ്ടെന്ന് സഹകരണവകുപ്പ് നിർദേശം നൽകുകയായിരുന്നു. സഹകരണ റജിസ്ട്രാർ മാത്രം പങ്കെടുത്തു. ഇത്തവണ സംസ്ഥാന സഹകരണവകുപ്പു വഴിയല്ല യോഗം വിളിച്ചത്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ വഴിയും മറ്റു സ്ഥാപനങ്ങൾ വഴിയും നൽകുന്ന കേന്ദ്രസഹായവും സബ്സിഡിയും സഹകരണ സംഘങ്ങൾ വഴി നൽകുന്നതിനാണ് നീക്കം.