റെക്കോർഡ് നിരക്കിന് തൊട്ടരികെ സ്വർണ വില
Mail This Article
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് തൊട്ടരികെ സ്വർണ വില. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2024 ൽ ഇത് വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ജനുവരി 2 നും ഇതേ വിലയിലാണ് സംസ്ഥാനത്ത് വ്യാപാരം നടന്നത്. അതിന് ശേഷം സ്വർണ വില ചാഞ്ചാട്ടത്തിലായി. വരും ദിവസങ്ങളിൽ പവന് 120 രൂപയ്ക്ക് മുകളിൽ വില വർധിച്ചാൽ സ്വർണം വീണ്ടും റെക്കോർഡ് ഇടും. 2023 ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. അതേ സമയം ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 5790 രൂപയിലും പവന് 46,320 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വർധിച്ചു. സമ്മർദത്തിലായിരുന്ന രാജ്യാന്തര സ്വർണ വില തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നതാണ് സംസ്ഥാന വിപണിയിലും വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ യുഎസ് പണപ്പെരുപ്പ് റിപ്പോർട്ട് പ്രതീക്ഷിച്ചതിലുംമെച്ചപ്പെട്ടതിനാൽ യു എസ് ഫെഡ് നിരക്കുകൾ കുറയ്ക്കും എന്ന വിലയിരുത്തലാണ് രാജ്യാന്തര സ്വർണവില ഉയരാൻ കാരണം. സ്വർണത്തിൽ നിക്ഷേപിച്ചിരിക്കുന്നവർക്ക് നിലവിലെ വിലവർധനവ് പ്രതീക്ഷ നൽകുന്നതാണെങ്കിലും സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് ആശങ്കാജനകമാണ്. വില കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്കിങ് പോലെയുള്ള ഓഫറുകൾ പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.