ലോജിസ്റ്റിക്സ് പാർക്കുകൾക്ക് സബ്സിഡി 7 കോടി രൂപ വരെ
Mail This Article
കൊച്ചി ∙ ലോജിസ്റ്റിക്സ് കരടു നയം വാഗ്ദാനം ചെയ്യുന്നതു ലോജിസ്റ്റിക്സ് പാർക്കുകൾക്ക് 7 കോടി രൂപ വരെ സബ്സിഡി. 10 ഏക്കർ സ്ഥലമുള്ള പാർക്കിന് 7 കോടി രൂപയും 5 ഏക്കറുള്ള മിനി പാർക്കുകൾക്കു 3 കോടി രൂപയുമാണു സബ്സിഡി ശുപാർശ. ലോജിസ്റ്റിക്സ് പാർക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും അനുമതിക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നുമാണു കരട് നയം പറയുന്നത്. ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായി വ്യവസായ ഭൂമി പുനർപാട്ടം ചെയ്യാനാകുമെന്നു കരടു നയം പ്രഖ്യാപിച്ച മന്ത്രി പി.രാജീവ് പറഞ്ഞു.
കരടു നയത്തിലെ പ്രധാന നിർദേശങ്ങൾ:
ലോജിസ്റ്റിക്സ് മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസന പദ്ധതികൾ ആവിഷ്കരിക്കും. സ്റ്റോറേജ്, ഗതാഗതം, മറ്റു സേവനങ്ങൾ എന്നീ മേഖലകളിലാണു പദ്ധതികൾ. ലോജിസ്റ്റിക്സ് പാർക്കുകൾ, മിനി ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയ്ക്കു സ്റ്റാംപ് ഡ്യൂട്ടി ഇളവ് നൽകും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന ലോജിസ്റ്റിക്സ് കോഓർഡിനേഷൻ സമിതി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്സ് സെൽ, നഗരങ്ങൾക്കായി പ്രത്യേക സമിതി എന്നിവ രൂപീകരിക്കും.