അതിവേഗപാതയിൽ കുതിപ്പോടെ ‘പോപ്പുലർ’; 602 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് ഐപിഒ 12ന്
Mail This Article
കൊച്ചി∙ലോകത്തെ വാഹന വിപണികളിൽ ഏറ്റവും വലുത് ഇന്ത്യയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന വിൽപന ശൃംഖലകളിലൊന്നിന്റെ ആസ്ഥാനം കേരളത്തിൽ. വാഹന വ്യവസായത്തിൽ ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞ കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന് അവകാശപ്പെട്ടതാണ് ആ നേട്ടം. വളർച്ചയുടെ അതിവേഗപാതയിലൂടെ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിലാണു ‘പോപ്പുലർ’ എന്ന ജനകീയ ബ്രാൻഡ്. ആ മുന്നേറ്റത്തിന് ഇന്ധനമാകേണ്ട മൂലധനം സ്വരൂപിക്കാൻ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടത്തുകയാണു കമ്പനി. 602 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഐപിഒ 12ന് ആരംഭിക്കുന്നു.
നീണ്ട കാലത്തെ പ്രവർത്തന പാരമ്പര്യത്തിലൂടെ ആർജിച്ച ജനവിശ്വാസമാണു പോപ്പുലറിന്റെ വളർച്ചയ്ക്കു തുണയായത്. അതിനിടെ തന്ത്രപരമായ ഏറ്റെടുക്കലുകളും കമ്പനിയെ വലുതാക്കി മാറ്റി. വൈവിധ്യവൽകരണം കൂടിയായപ്പോൾ വാഹന വിപണിയിലെ ഏറ്റവും മത്സരക്ഷമതയുള്ള സ്ഥാപനവും പോപ്പുലർതന്നെയായി. കേരളത്തിൽ മാത്രമല്ല ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യയിലേതുൾപ്പെടെയുള്ള വിപണികളിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.
ഡ്രൈവിങ് സ്കൂളുകളുടെ ശൃംഖല
ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെയുള്ളവയുടെ വിൽപനയും സർവീസിങ്ങും നടത്തുന്ന പോപ്പുലർ ‘പ്രീ – ഓൺഡ്’ വാഹനങ്ങളുടെ വിൽപന, പരസ്പര കൈമാറ്റം എന്നിവയ്ക്കുള്ള സൗകര്യവും നൽകുന്നു. വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനി ‘തേഡ് പാർട്ടി’ ഇൻഷുറൻസ് ഉൽപന്നങ്ങളും ധനസേവന ഉൽപന്നങ്ങളും വിപണനം നടത്തുന്നുണ്ട്. കടന്നുപോയ വർഷത്തെ കണക്കനുസരിച്ച് 61 ഷോറൂമുകളാണു ഗ്രൂപ്പിനുള്ളത്. വിൽപനശാലകളും ബുക്കിങ് ഓഫിസുകളുമായി 133 കേന്ദ്രങ്ങൾ. ‘പ്രീ – ഓൺഡ്’ വാഹന ഷോറൂമുകൾ 32. സർവീസ് സെന്ററുകളുടെ എണ്ണം 139. റീട്ടെയ്ൽ ഔട്‌ലെറ്റുകൾ 42; വെയർഹൗസുകൾ 24. ഇവയ്ക്കെല്ലാം പുറമെ ഡ്രൈവിങ് സ്കൂളുകളുടെ വിപുലമായ ശൃംഖലയുമുണ്ട്.
മാരുതി സുസുക്കി, ഹോണ്ട, ജെഎൽആർ ഡീലർഷിപ്പുകളിലൂടെ എൻട്രി ലെവൽ കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ വിപണനം ചെയ്യുന്ന ഗ്രൂപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെയും ഭാരത് ബെൻസിന്റെയും പ്രമുഖ വിൽപനക്കാരാണ്. വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽ എഥർ, പിയാജിയോ എന്നിവയുടെ ഡീലർഷിപ്പാണു ഗ്രൂപ്പിനുള്ളത്.
സർവീസ്, റിപ്പയർ കേന്ദ്രങ്ങളുടെ അതിവിപുലമായ ശൃംഖല സജ്ജമാക്കിയിട്ടുള്ള ഗ്രൂപ്പ് സേവന സംതൃപ്തി സൂചികയിൽ മുന്തിയ സ്ഥാനം ഉറപ്പാക്കുന്നതിൽ കണിശക്കാരാണ്. 2023 സെപ്റ്റംബർ 30ന് അവസാനിച്ച ആറുമാസ കാലയളവിൽ 2,762 ആഡംബര വാഹനങ്ങൾ ഉൾപ്പെടെ 4,19,729 പാസഞ്ചർ വാഹനങ്ങളും 1,03,116 വാണിജ്യ വാഹനങ്ങളും 4,118 വൈദ്യുത ഇരുചക്ര വാഹനങ്ങളും 883 വൈദ്യുത മുച്ചക്ര വാഹനങ്ങളുമാണ് ഈ കേന്ദ്രങ്ങളുടെ സേവനം തേടിയത്. 5,611 ‘പ്രീ – ഓൺഡ്’ വാഹനങ്ങൾ വിൽപന നടത്തി. 3200ൽ ഏറെ ഉപയോക്താക്കളെയാണു സ്പെയർ പാർട്സ്, അക്സസറീസ് വിഭാഗങ്ങളിലായി ലഭിച്ചത്. ഇൻഷുറൻസ് ഉൽപന്നങ്ങളുടെയും മറ്റും വിൽപനയിലും വലിയ നേട്ടമാണു കൈവരിച്ചത്. ഡ്രൈവിങ് സ്കൂളുകളുടെ സേവനം ഉപയോഗപ്പെടുത്തിയവരും ഏറെ.
പ്രവർത്തനങ്ങളിലെ മികവിന്റെയും സ്വീകാര്യതയുടെയും പ്രതിഫലനത്താൽ ശ്രദ്ധേയമാണു കണക്കുപുസ്തകം. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2919.25 കോടി രൂപയായിരുന്നു ആകെ വരുമാനം. അടുത്ത വർഷം 3484.20 കോടി. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയതാകട്ടെ 4892.63 കോടിയാണ്. ഈ മൂന്നു വർഷങ്ങളിലെ അറ്റാദായം 32.46 കോടി, 33.67 കോടി, 64.07 കോടി. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 5.17 രൂപയായിരുന്ന പ്രതിയോഹരി വരുമാനം (ഇപിഎസ്) അടുത്ത വർഷം 5.37 രൂപയിലേക്കും 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 10.22 രൂപയിലേക്കും ഉയർന്നു.
വാഹനങ്ങളുടെ അനുബന്ധ ഘടക വിൽപനയുമായി 1953ൽ തുടക്കമിട്ട കുറ്റൂക്കാരൻ ഗ്രൂപ്പിനു വിപണിയിൽ ഗണ്യമായ വിഹിതം നേടിയെടുക്കാനായപ്പോൾ ഒട്ടേറെ പുരസ്കാരങ്ങളാണു കൈവന്നത്.
വിജയത്തിന് പിന്നിൽ വിപണന തന്ത്രങ്ങൾ
വിപണി വിഹിതത്തിലെ വർധനയ്ക്കു സഹായകമായതു പല കാരണങ്ങളാണ്. തനിമയും പുതുമയുമുള്ള വിപണന തന്ത്രങ്ങൾ, ഉപയോക്താക്കൾക്കു ബുക്കിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഓൺലൈൻ പോർട്ടൽ, ഉപഭോക്തൃ സംഗമങ്ങൾ, ബ്രാൻഡ് പ്രചാരണം, ഉപസ്ഥാപനങ്ങളുടെ സേവനം, ഫ്ലീറ്റ് മാനേജ്മെന്റ് വെബിനാറുകൾ, തന്ത്രപരമായ ഏറ്റെടുക്കലുകൾ, വിപണന സാധ്യതയുള്ള കേന്ദ്രങ്ങൾ കണ്ടെത്തൽ, പരിചയ സമ്പത്തുള്ള സംരംഭകരുടെയും മാനേജ്മെന്റ് ടീമിന്റെയും പിന്തുണ, വിൽപന ശൃംഖലയുടെ വ്യാപനം, മികച്ച കസ്റ്റമർ കെയർ എന്നിങ്ങനെ പട്ടിക നീളുന്നു. ഇവയുടെ എല്ലാം ബലത്തിലാണ് ഐപിഒ വിപണിയിലെത്തുന്നതും.
ഐപിഒ വഴി വിൽപനയ്ക്കു ലഭ്യമാക്കുന്നതിൽ 84 ലക്ഷം പുതിയ ഓഹരികളാണ്. സ്വകാര്യ ഇക്വിറ്റി ഫണ്ടായ ബന്യൻ ട്രീ ഗ്രോത്ത് ക്യാപ്പിറ്റലിന്റെ കൈവശമുള്ള 1.19 കോടി ഓഹരികളുടെ ‘ഓഫർ ഫോർ സെയിൽ’ (ഒഎഫ്എസ്) കൂടി ഉൾപ്പെടുന്ന ഇഷ്യു ‘ബുക് ബിൽഡിങ്’ പ്രക്രിയയിലൂടെയാണ്. 35% ഓഹരികളാണു ചില്ലറ നിക്ഷേപകർക്കായി നീക്കിവയ്ക്കുന്നത്. 280 – 295 രൂപയാണു ‘പ്രൈസ് ബാൻഡ്’. 14ന് ഇഷ്യു അവസാനിക്കും. 19ന് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.