പ്രവചനാതീതം സ്വർണവില; പിന്നിൽ ആഗോള ഘടകങ്ങൾ
Mail This Article
കൊച്ചി∙ സ്വർണവില തുടരെ വർധിക്കുന്നതെന്തുകൊണ്ട്? വർധന തുടരുമോ അതോ കുറയുമോ...? ഡോളറിന്റെ മൂല്യം കുറയുന്നതും രാജ്യാന്തര വില കൂടുന്നതും അനുസരിച്ച് സ്വർണ വിലയും കൂടുമെന്നത് ലളിതമായ ഉത്തരം മാത്രമാണ്. അതിലുപരി ഒട്ടേറെ ഘടകങ്ങളുണ്ട് വിലക്കയറ്റത്തിനു പിന്നിൽ.
1.യുഎസ് പലിശ നിരക്ക്
പണപ്പെരുപ്പം മൂലം യുഎസിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടിക്കൊണ്ടിരുന്നു. 5.5% വരെ അടിസ്ഥാന പലിശ നിരക്ക് ഉയരുകയും ചെയ്തു. അതനുസരിച്ച് അമേരിക്കയിൽ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് 7% വരെ പലിശ ഉയർന്നു. അങ്ങനെ ഓഹരിവിപണിയിൽ നിന്നും സ്വർണത്തിൽ നിന്നും നിക്ഷേപം നേരെ ബാങ്കിലേക്കും കടപ്പത്രത്തിലേക്കും മാറി. എന്നാൽ ഇപ്പോൾ പണപ്പെരുപ്പം കുറയാൻ തുടങ്ങിയതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായി. ജൂൺ മുതൽ പലിശ നിരക്കുകൾ കുറയാം. നാല് തവണയായി കാൽ ശതമാനം വീതം കുറച്ച് പലിശ നിരക്ക് 4.5% ആവുമെന്നാണ് വിലയിരുത്തൽ. ഈ പ്രതീക്ഷയിൽ സ്ഥിരനിക്ഷേപങ്ങളും കടപ്പത്രങ്ങളും പിൻവലിച്ച് നിക്ഷേപകർ സ്വർണത്തിൽ മുടക്കാൻ തുടങ്ങി. വലിയ നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും ഇതു കൂടുതലായി ചെയ്യുമ്പോൾ സ്വർണവില കയറും.
2.കരുതൽ സ്വർണം വാങ്ങി കേന്ദ്ര ബാങ്കുകൾ
ലോകമാകെ കേന്ദ്ര ബാങ്കുകൾ കരുതൽ ധനമായി അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ പണം നിക്ഷേപിച്ചിരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ അമേരിക്ക റഷ്യയുടെ ഡോളർ നിക്ഷേപമെല്ലാം മരവിപ്പിച്ചു. അതോടെ വിരണ്ട വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ യുഎസ് ട്രഷറി ബോണ്ടിൽ നിന്നു മാറി സ്വർണത്തിൽ പണം നിക്ഷേപിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം വിവിധ കേന്ദ്ര ബാങ്കുകൾ 1037 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്. ആവശ്യം വർധിച്ചപ്പോൾ സ്വാഭാവികമായി വിലയും കൂടി.
3.ഡോളർ മൂല്യം
ഡോളർ മൂല്യത്തിന്റെ ഇൻഡക്സ് ഇടിഞ്ഞ് 102.7ലേക്കെത്തി. അതിനു കാരണവും പലിശ കുറയുമെന്ന അഭ്യൂഹം തന്നെ. ഡോളർ നിക്ഷേപങ്ങളും ഭാഗികമായി സ്വർണത്തിലേക്ക് മാറി. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രാഥമിക കാരണം ഇതാണ്.
4.യുദ്ധവും അസ്ഥിരതയും
ഗാസയിലെ യുദ്ധം ലോകമാകെ പടർന്നേക്കാമെന്ന പേടിയും സുരക്ഷിത നിക്ഷേപമായ മഞ്ഞലോഹത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു.
ഇനിയും കൂടുമോ വില
ഈ മാസം ആദ്യവാരം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 5% വർധനയാണുണ്ടായത്. ഇന്നലത്തെ വില ഗ്രാമിന് 6075 രൂപ. പവന് 48600രൂപ. ഇന്ത്യ വർഷം 900 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ രാജ്യാന്തര വിലയിലെ കയറ്റിറക്കങ്ങൾ ഇവിടെ പ്രതിഫലിക്കും. പ്രതീക്ഷ പോലെ ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ സംഭവിച്ചില്ലെങ്കിലോ? ഇത്രയേറെ ഘടകങ്ങൾ സ്വാധീനിക്കുന്നതിനാൽ വില പ്രവചിക്കാൻ കഴിയില്ലെന്നതു വ്യക്തമാണല്ലോ.