ബൈജു രവീന്ദ്രനെ പുറത്താക്കുന്നത് തടയുന്ന സ്റ്റേ നീട്ടി
Mail This Article
ബെംഗളൂരു∙ എജ്യു–ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ തീരുമാനം നടപ്പാക്കുന്നതിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി 28 വരെ നീട്ടി. കഴിഞ്ഞമാസത്തെ അസാധാരണ ജനറൽ മീറ്റിങ്ങിലാണ് (ഇജിഎം) ബൈജു രവീന്ദ്രൻ, കമ്പനി ഡയറക്ടർമാരായ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെ പുറത്താക്കാൻ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകർ പ്രമേയം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്യുന്ന ബൈജുവിന്റെ ഹർജിയിൽ ഇന്നു വരെ അനുവദിച്ച സ്റ്റേയാണ് നീട്ടിയത്. കേസ് വീണ്ടും 28ന് പരിഗണിക്കും.
ബിസിസിഐ ഹർജി 20ന് പരിഗണിക്കും
160 കോടി രൂപയുടെ സ്പോൺസർഷിപ് തുക ബൈജൂസ് കുടിശിക വരുത്തിയെന്ന് ആരോപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) നൽകിയ ഹർജി 20ന് ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ പരിഗണിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജഴ്സിയിൽ ലോഗോ പതിക്കുന്നതിനുള്ള തുകയാണിത്.