ഫൈബർ വിപ്ലവം: ബിഎസ്എൻഎൽ ലാൻഡ്ഫോണുകളുടെ തലവര മാറും
Mail This Article
കോട്ടയം ∙ പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്നു പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്കു മാറുകയാണു ബിഎസ്എൻഎൽ ലാൻഡ്ഫോണുകൾ. ജൂണോടെ കേരളത്തിലെ വിവിധ ബിസിനസ് ഏരിയകളിൽ മാറ്റം അവസാന ഘട്ടത്തിലേക്ക് എത്തുമെന്നാണു കരുതുന്നത്. ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്കു മാറും. ഇതോടെ പരമ്പരാഗത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനവും അവസാനിക്കും.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ലാൻഡ്ഫോണുകൾ വരുന്നതോടെ ഫോൺ വിളികൾക്ക് അപ്പുറം അതിവേഗ ഇന്റർനെറ്റ് സാധ്യമാകും. വൈഫൈ മോഡം വഴി വീടിനുള്ളിലെ വിവിധ ഗാഡ്ജറ്റുകൾ കണക്ട് ചെയ്യാൻ സാധിക്കും. ഫൈബർ ടു ദ് ഹോം (എഫ്ടിടിഎച്ച്) കണക്‌ഷൻ വഴി വിവിധ പ്ലാനുകൾ തിരഞ്ഞെടുത്ത് അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ ഫോൺ വിളിക്ക് ഒപ്പം ഉപയോഗിക്കാൻ സാധിക്കും.
കോപ്പർ കേബിളുകൾ വീണ്ടെടുത്ത് വിൽക്കാനും ബിഎസ്എൻഎൽ ശ്രമം നടത്തുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള കോപ്പർ കേബിളുകൾ വിൽക്കുന്നതു വഴി വരുമാനം നേടാനും സാധിക്കും.
കേരളത്തിലെ ലാൻഡ്ഫോൺ കണക്‌ഷനുകളുടെ ആകെ എണ്ണം – 9.79 ലക്ഷം (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം)
നിലവിൽ കേരളത്തിലെ ഫൈബർ കണക്‌ഷൻ– 6 ലക്ഷം. (പുതുതായി എടുത്തതും പഴയ കണക്‌ഷനുകൾ മാറിയതും)
ഇനി മാറാനുള്ള കോപ്പർ കണക്‌ഷനുകൾ– 3.79 ലക്ഷം.
ഏറ്റവും കൂടുതൽ ലാൻഡ് ഫോൺ കേരളത്തിൽ
ബിഎസ്എൻഎലിന് ഏറ്റവും കൂടുതൽ ലാൻഡ്ഫോൺ കണക്‌ഷൻ ഉള്ളത് കേരളത്തിലാണ്. ട്രായിയുടെ പ്രകാരം 9.79 ലക്ഷം ലാൻഡ്ഫോണുകൾ കേരളത്തിലുണ്ട്. 9 ലക്ഷം കണക്‌ഷൻ ഉള്ള തമിഴ്നാടാണു രണ്ടാം സ്ഥാനത്ത്.
പിഒടിഎന്നിൽ നിന്ന് എൻജിഎന്നിലേക്ക്
കോപ്പർ കേബിളിലൂടെ അനലോഗ് സിഗ്നലുകൾ വഴി ശബ്ദതരംഗങ്ങൾ കൈമാറ്റം ചെയ്യുകയാണു പരമ്പരാഗത പ്ലെയിൻ ഓൾഡ് ടെലിഫോൺ നെറ്റ്‌വർക്കിൽ (പിഒടിഎൻ) ചെയ്തിരുന്നത്. ടെലിഫോൺ ഉപയോഗിക്കുന്നതിനു പ്രത്യേക പവർ വേണ്ടെന്നതായിരുന്നു ഇതിന്റെ പ്രയോജനം.
കോപ്പർ കേബിളുകൾക്കു പകരം ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക് വഴി വോയ്സും ഡേറ്റയും അയയ്ക്കുകയാണ് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക് (എൻജിഎൻ) എന്ന പുതുതലമുറ സേവനത്തിൽ ചെയ്യുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനമാണ് ഇതു വഴി ലഭിക്കുക. വോയ്സ് ക്ലാരിറ്റിയും വർധിക്കും.