ADVERTISEMENT

ശുഭ വിവാഹത്തിന് പൊരുത്തം നോക്കുന്നത് സാധാരണം. എന്നാൽ `പണപ്പൊരുത്തം’ കൂടി ചേർന്നു വന്നാലേ ഇനിയുള്ള കാലം വിവാഹ ബന്ധങ്ങളിൽ വർധിച്ചു വരുന്ന അസ്വാരസ്യങ്ങൾ ഒഴിവാക്കാനാകൂ.  വിദ്യാഭ്യാസ യോഗ്യതയും ഉന്നത ഉദ്യോഗങ്ങളും ഉള്ളവരാണെങ്കിൽ കൂടി വിവാഹം സംബന്ധിച്ചുള്ള ആലോചനകളിൽ പണപ്പൊരുത്തം ഒഴിവാക്കുന്നത് പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും താഴ്ത്തിക്കാണിക്കുന്നതിനും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതിനും കാരണമാകുന്നു. 

പണപ്പൊരുത്തത്തിന്റെ അടിസ്ഥാനം

കുടുംബ പാരമ്പര്യം, സാമ്പത്തിക ചുറ്റുപാടുകൾ, സൗന്ദര്യം, ജാതകം എന്നിങ്ങനെ ഇണക്കിച്ചേർക്കലുകൾക്ക് ഒട്ടേറെ കാര്യങ്ങളും കാരണങ്ങളും കണ്ടെത്താറുണ്ടെങ്കിലും എങ്ങനെയും പെൺകുട്ടികളുടെ വിവാഹം നടത്തിയെടുക്കുന്നതിനാണ് മാതാപിതാക്കളുടെ ആകാംക്ഷ.  ഈ വൈകാരികത ചൂഷണം ചെയ്ത് പെൺകുട്ടികൾക്കെതിരെ നിയമ ലംഘനങ്ങളും ക്ഷുദ്രമായ പീഡനങ്ങളും അരങ്ങേറുന്നത് പലപ്പോഴും വാർത്തകളാകുന്നുണ്ടെങ്കിലും, പുറത്തു വരുന്നതിനെക്കാൾ കൂടുതൽ സംഭവങ്ങൾ മൂടിവയ്ക്കപ്പെടുന്നു.  ഇവിടെയെല്ലാം യഥാർഥ  വില്ലൻ പണം തന്നെ. സാമ്പത്തിക ഘടകങ്ങൾ  ഉൾപ്പെടുന്ന പണപ്പൊരുത്തം കൂടി ഉപയോഗിച്ച് വധൂവരൻമാരുടെ ചേർച്ച കണ്ടെത്താനായാൽ വിവാഹ സമയത്തും തുടർന്നും ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഭീഷണികൾക്കും പരിഹാരമാകും. ഭാവിവരന്റെയും കുടുംബത്തിന്റെയും തൻപ്രമാണിത്തം, പണമിടപാട് സ്വഭാവം, ആഡംബര ഭ്രമം, വായ്പകളോടുള്ള അമിതാവേശം, ചൂതാട്ട പ്രവണത, ഉത്തരവാദിത്ത ബോധം തുടങ്ങിയവ പണപ്പൊരുത്തത്തിൽ വിശകലനം ചെയ്ത് ചേർച്ച കണ്ടെത്തേണ്ടത്. 

ധൂർത്തനോ? പിശുക്കനോ

വരുമാനത്തിനുള്ളിൽ ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തിക മിതത്വം പാലിക്കുന്നവർ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കെൽപ്പുള്ളവരായിരിക്കും. ആസ്തികൾ വിറ്റു പോലും ധാരാളിത്തം കാട്ടുന്നവരാണെങ്കിൽ സന്തോഷകരമായ ജീവിതയാത്ര ചോദ്യചിഹ്നമാകും.  ഏതു വിധേനയും വായ്പകളെടുത്ത് ചെലവിടുന്ന സ്വഭാവക്കാർ കുടുംബത്തെ  കടക്കെണിയിലാക്കും.  ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരു പിശുക്കനാണെങ്കിൽ ജന്മം തന്നെ വരണ്ടു പോകും.  പണത്തിലും ആസ്തികളിലും ആക്രാന്തമുള്ള വ്യക്തികളെ നേരത്തെ മനസ്സിലാക്കി ഒഴിവാക്കുകയല്ലേ ബുദ്ധി.  വരന്റെ മാത്രമല്ല, ചെന്നു കയറുന്ന വീട്ടിലെ അംഗങ്ങളുടെ കൂടി പണമിടപാടു സ്വഭാവം മനസ്സിലാക്കിയാലേ യോജിച്ചു പോകാൻ കഴിയുമോ എന്ന് തീരുമാനിക്കാവൂ.  

തൻപ്രമാണിത്തം

`ഉടൻ എന്തു കിട്ടും’ എന്ന് തൻപ്രമാണിത്തം കാണിക്കുന്ന വരനെയും കുടുംബാംഗങ്ങളെയും മാംസം കവർന്നെടുത്ത് മറയുന്ന മുതലയോട് മാത്രമേ ഉപമിക്കാനാകൂ. പണം സംബന്ധിച്ച തീരുമാനങ്ങളിൽ പെൺകുട്ടികളുടെ അഭിപ്രായം ഇത്തരക്കാർ പാടേ അവഗണിക്കും. പണസംബന്ധിയായ കാര്യങ്ങൾ വരനും വരന്റെ മാതാപിതാക്കളെയും കണ്ണും പൂട്ടി ഏൽപ്പിക്കുന്നതിനു പകരം വരനും വധുവിനും  കൂട്ടുത്തരവാദിത്തമുള്ള രീതിയിലാണെങ്കിൽ മാത്രമേ കുടുംബം ഭദ്രമാകുകയുള്ളൂ. എന്റേത്, നിന്റേത്, നമ്മുടേത് എന്നിങ്ങനെ സാമ്പത്തിക കാര്യങ്ങളിൽ യാഥാർഥ്യ ബോധമുള്ളവരെയും ആയിരിക്കണം ജീവിത പങ്കാളിയായി കണ്ടെത്തേണ്ടത്.

ആഡംബരഭ്രമം

മുന്തിയ ആഡംബര കാറുകളും സുഖലോലുപ സൗകര്യങ്ങളും പെൺകുട്ടിയുടെ കുടുംബത്തിന്റെ ചെലവിൽ ഇങ്ങു പോരട്ടെയെന്ന് കരുതുന്നവർക്ക് ചൂതാട്ടക്കാരുടെ മനസ്സാണ്. കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്ത് വരന്റെ ആഡംബരഭ്രമം പൂർത്തീകരിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന മാതാപിതാക്കൾ യഥാർഥത്തിൽ മകളെ കുരുതിക്ക് കൊടുക്കുകയാണ്.    

ക്രെഡിറ്റ് റിപ്പോർട്ട് സൂചന 

ജാതകം കൈമാറുന്നതോടൊപ്പം വരന്റെയും കുടുംബാംഗങ്ങളുടെയും വധുവിന്റെയും കുടുംബാംഗങ്ങളുടെയും ക്രെഡിറ്റ് റിപ്പോർട്ട് കൂടി എടുത്ത് പരസ്പരം പരിശോധിക്കണം. പുറത്തറിയിക്കാത്ത വായ്പകൾ തിരിച്ചടയ്ക്കാനും മെനക്കെടാറില്ല. നിയമ നടപടികൾ വരുമ്പോൾ പെൺകുട്ടിയുടെ സ്വർണാഭരണങ്ങളായിരിക്കും ആദ്യമെടുത്ത് വിൽക്കുക.  

വേണ്ടെന്ന് വയ്ക്കുമ്പോഴും നഷ്ടം  സ്ത്രീക്ക്

മിക്ക വിവാഹമോചന കേസുകളിലും വൈകാരികമായും സാമ്പത്തികമായും നഷ്ടം സംഭവിക്കുന്നത് സ്ത്രീകൾക്കാണ്.  ബാധ്യതകളെല്ലാം ബുദ്ധിപരമായി സ്ത്രീകളുടെ ചുമലിൽ ചാർത്തി ആസ്തികൾ കൈക്കലാക്കി പുരുഷൻമാർ സ്ഥലം വിടുന്ന അവസ്ഥയുണ്ട്.  വ്യത്യസ്ത കാരണങ്ങളാൽ പിരിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ പോലും  അർഹമായ ജീവനാംശം ഉറപ്പു വരുത്താനും ആസ്തികളുടെ ന്യായമായ പങ്കുവയ്ക്കലിനും പണപ്പൊരുത്തമുണ്ടെങ്കിൽ സാധിക്കും. 

English Summary:

Smart money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com