ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര വിപണിയിൽ കൊക്കോ വില ടണ്ണിനു 10,000 ഡോളർ (8,33,000 രൂപ) കടന്നു. ന്യൂയോർക്കിലെയും ലണ്ടനിലെയും ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിൽ 10,080 ഡോളർ നിരക്കിലാണ് ഏറ്റവും ഒടുവിൽ അവധി വ്യാപാരം നടന്നത്.  ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധന. ലോകത്തു മറ്റൊരു കാർഷികോൽപന്നത്തിനും ഇതേ അളവിൽ വില ഉയർന്നിട്ടില്ല. 

ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണു റെക്കോർഡ് വില നിലവാരത്തിനു കാരണം. ഉൽപന്ന ക്ഷാമം ഒരു വർഷമെങ്കിലും തുടർന്നേക്കുമെന്നാണ് അറിയുന്നത്. 40 വർഷത്തിനിടയിൽ ആദ്യമാണു ക്ഷാമം ഇത്ര രൂക്ഷമാകുന്നത്. 

ഐവറി കോസ്‌റ്റിൽ അടുത്ത മാസം ഇടക്കാല വിളവെടുപ്പു നടക്കുമെങ്കിലും അതു ക്ഷാമപരിഹാരത്തിനു തീരെ മതിയാകില്ല. അവസരം മുതലെടുത്ത് ഉൽപാദന വർധനയ്‌ക്ക് ഇക്വഡോറും ബ്രസീലും ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും സമീപഭാവിയിൽ അതിന്റെ പ്രയോജനം അനുഭവപ്പെടുകയുമില്ല. ലഭ്യത വലിയ തോതിൽ കുറയുമെന്നും വില ആനുപാതികമായി വർധിക്കുമെന്നും ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷൻ അനുമാനിക്കുന്നു. യൂറോപ്പിൽ കൊക്കോ ബട്ടറിന്റെ സ്‌റ്റോക്ക് തീർന്നിരിക്കുന്നു. യുഎസിൽ കൊക്കോ പൗഡറിന്റെ സ്‌റ്റോക്ക് നന്നേ കുറവ്.

ചോക്ലേറ്റ് വിലയും മേലോട്ട്

ക്ഷാമവും വിലക്കയറ്റവും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നതു ചോക്ലേറ്റ് നിർമാതാക്കളെയാണ്. 500 ഗ്രാം ചോക്ലേറ്റ് നിർമിക്കാൻ 400 കൊക്കോ കുരു വേണം. ഒരു മരത്തിൽനിന്ന് ഒരു വർഷം ലഭിക്കുന്നതാകട്ടെ പരമാവധി 2500 കുരു മാത്രം.  ലോകത്താകെ ഒരു വർഷം ആവശ്യമുള്ളത് 75 ലക്ഷം ടൺ ചോക്ലേറ്റാണ്. ബാർ ചോക്ലേറ്റ്, ഹോട്ട് ചോക്ലേറ്റ്, ചോക്ലേറ്റ് കോഫി തുടങ്ങി വിവിധ ഉൽപന്നങ്ങൾക്ക് എല്ലാ രാജ്യങ്ങളിലും വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. 

കേരളത്തിലെ കർഷകർക്ക് അവസര നഷ്‌ടം

രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ മധുരം ആസ്വദിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ കർഷകർക്ക് അവസരമില്ല. വിളവെടുപ്പുകാലമല്ലാത്തതാണു കാരണം. അങ്ങിങ്ങ് ഉൽപാദനമുണ്ടെങ്കിലും അതു 10 ശതമാനത്തിലും താഴെ മാത്രം.

കേരളത്തിൽ ഉണക്ക കൊക്കോ വില 650 – 670 രൂപ വരെ എത്തിയിട്ടുണ്ട്. ഇതു റെക്കോർഡാണ്.  കഴിഞ്ഞ വർഷം വില 250 രൂപ വരെ മാത്രമാണ് ഉയർന്നത്. നിലവിൽ 225 രൂപയ്‌ക്കു വരെ പച്ച കൊക്കോയുടെ വ്യാപാരം നടക്കുന്നുണ്ട്. കൊക്കോ തൈകൾക്കും പ്രിയം ഏറുകയാണ്.

English Summary:

Chocolate price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com