മലയാളി ദമ്പതികളുടെ 'ദോശ പാരഗൺ' കാനഡയിൽ ഹിറ്റ്!
Mail This Article
ഒരു ദോശ തിന്നാൽ കൊതി വന്നപ്പോൾ രണ്ടര മണിക്കൂർ ദൂരം യാത്ര ചെയ്യേണ്ടി വന്നതാണ് പ്രശാന്ത് ബാബു ഉണ്ണികൃഷ്ണന്റെയും ഭാര്യ ലതികയുടെയും ജീവിതത്തിൽ വഴിത്തിരിവായത്. ഇന്ന് കാനഡയിൽ അറിയപ്പെടുന്ന ദോശ പാരഗൺ എന്ന റസ്റ്ററന്റുകളുടെ ഉടമകളാണ് ഇരുവരും. 20 പേർക്ക് ഇരുന്ന് കഴിക്കാവുന്ന തട്ടുകടയിൽ നിന്ന് വെറും നാലുവർഷം കൊണ്ട് ഒരേസമയം 85 പേർക്ക് ഇരുന്ന് കഴിക്കാവുന്ന രണ്ടാമത്തെ റസ്റ്ററന്റ് തുറക്കാൻ ഇവർക്കായി. കാനഡയിലെ വാൻകൂവർ ഐലന്റിലെ വിക്ടോറിയയിൽ ഇവരുടെ ദോശ എത്ര പ്രിയപ്പെട്ടതാണെന്ന് അറിയാൻ അതുമാത്രം മതി. ഇപ്പോൾ രണ്ടര മണിക്കൂർ യാത്ര ചെയ്ത് ആളുകൾ വിക്ടോറിയയിൽ എത്തും പ്രശാന്തിന്റെയും ലതികയുടെയും ദോശയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ രുചികളറിയാൻ.
പാലക്കാട് നിന്ന് കാനഡയിലേക്കുള്ള വഴി
പാലക്കാട് സ്വദേശിയാണ് പ്രശാന്ത് ഉണ്ണികൃഷ്ണൻ. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തു. അതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഒരു ആഡംബര കപ്പലിൽ ജോലി ലഭിച്ചു. കപ്പലിലെ ജോലി സമയത്ത് പ്രശാന്ത് ബാബു ഉണ്ണികൃഷ്ണൻ എന്ന പേര് വിദേശികള്‍ക്ക് പറയാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയപ്പോൾ നാട്ടിൽ അടുപ്പമുള്ളവർ വിളിക്കുന്നത് പോലെ ബാബു എന്ന് പരിചയപ്പെടുത്തിത്തുടങ്ങി. അവർ വിളിച്ചു വിളിച്ച് ബാബു ബോബ് ആയി. അന്നുമുതൽ പ്രശാന്ത് അറിയപ്പെടുന്നത് ബോബ് എന്നാണ്. പിന്നീട് കപ്പലിലെ ജോലി മതിയാക്കി നാട്ടിൽ തിരികെയെത്തി പാലക്കാട് നഗരത്തിൽ ഭക്ഷണസുഖം എന്ന പേരിൽ ഒരു ഹോട്ടൽ ആരംഭിച്ചു. മുതലാളിയായി മേൽനോട്ടം വഹിച്ചു. നഗരത്തിലെ പല സ്ഥാപനങ്ങളിലേക്കും ഉച്ചഭക്ഷണം സ്ഥിരമായി നൽകാനൊക്കെ ആവശ്യപ്പെട്ട് ആളുകൾ എത്തിയെങ്കിലും തൊഴിലാളി ക്ഷാമം മൂലം ഹോട്ടൽ പൂട്ടി. അങ്ങനെ വീണ്ടും ഷെഫിന്റെ കുപ്പായമണിഞ്ഞ് ബ്രിട്ടനിലേക്ക് പോയി. ആ സമയത്തായിരുന്നു അച്ഛൻ ഉണ്ണികൃഷ്ണന്റെ സുഹൃത്തിന്റെ മകൾ ലതികയുമായുള്ള വിവാഹം. കാനഡയിലെ ജോലി സാധ്യതകൾ മനസ്സിലാക്കിയപ്പോൾ കാനഡയിലേക്ക് പോകാനുള്ള ശ്രമമായി. 12 വർഷം മുമ്പാണ് കാനഡയിലെത്തിയത്.
കാനഡയിലെ പല നഗരങ്ങളിലും മുൻനിര ഹോട്ടലുകളിൽ ജോലി ചെയ്തു. കുടുംബത്തെ കാനഡയിലേക്ക് കൊണ്ടുവരാൻ നഗരപരിധിയിൽ നിന്ന് മാറി ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനമായ വിക്ടോറിയയിലെ ഗ്രാമാന്തരീക്ഷത്തിൽ വീടെടുത്തു. അങ്ങനെ എട്ടുവർഷം മുമ്പ് മക്കളായ അനുശോഭിനിയെയും പ്രവേക് ശ്രീനിവാസിനെയും കൊണ്ട് ലതികയും പ്രശാന്ത് എന്ന ബോബിനരികിലെത്തി.
ദോശപാരഗൺ ഹിറ്റായ വഴി
പ്രധാന നഗരങ്ങളിൽ നിന്ന് ദൂരെയായത് കൊണ്ട് ദക്ഷിണേന്ത്യൻ വിഭവങ്ങൾ കഴിക്കണമെങ്കിൽ രണ്ടര മണിക്കൂറെങ്കിലും യാത്ര ചെയ്യണമായിരുന്നു. ഒരിക്കൽ ദോശ തിന്നാൻ കൊതി തോന്നി നടത്തിയ അത്തരമൊരു യാത്രയിലാണ് വിക്ടോറിയയിൽ ഒരു ദോശക്കട നടത്തിയാലോ എന്ന ആലോചന വരുന്നത്. എന്നാൽ, അത് നടപ്പിലാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ചെറിയ തട്ടുകട ഇടാൻ പോലും 30 ലക്ഷം ഇന്ത്യൻ രൂപയായിരുന്നു ചെലവ്. മറ്റെല്ലാ ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുന്ന കാനഡയിലെ ബാങ്കുകളിൽ നിന്ന് ലോണോ മറ്റു സാമ്പത്തിക സഹായങ്ങളോ ലഭിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. നാട്ടിലെ ബാങ്കുകളിൽ സ്വർണം പണയം വച്ചും സുഹൃത്തുക്കളുടെ സഹായത്തോടെയും പണം സംഘടിപ്പിച്ചു. അങ്ങനെ 2019 ജൂലായ് 8ന് വിക്ടോറിയ നഗരത്തിന്റെ ഹൃദയഭാഗത്ത് സെന്റ് ആൻഡ്രൂസ് മാളിൽ ദോശ പാരഗൺ എന്ന പേരിൽ തങ്ങളുടെ സ്വപ്നത്തിന് ഇരുവരും തുടക്കം കുറിച്ചു.
നാട്ടിലെ ഹോട്ടൽ അനുഭവത്തിന്റെ വെളിച്ചത്തിൽ മുതലാളി വേഷം അഴിച്ചുവയ്ക്കാൻ പ്രശാന്ത് തീരുമാനിച്ചു. പാചകവും വിതരണവും കാശുവാങ്ങുന്നതുമെല്ലാം ഇരുവരും കൈകാര്യം ചെയ്തു. ഇന്ത്യക്കാരെ പോലെ ഭക്ഷണം ഇരുന്ന് ആസ്വദിച്ച് കഴിക്കുന്നതല്ല അവരുടെ ശീലമെന്ന് അറിയാമായിരുന്നു. എങ്കിലും ദോശയും കറികളും നാട്ടിലെ പോലെ പാഴ്സൽ ആയി നൽകുക ബുദ്ധിമുട്ടായിരുന്നു. ഇരുകൂട്ടർക്കും പ്രശ്നമാകാതെ എങ്ങനെ ദോശ നൽകാനാകുമെന്ന ചിന്തയിൽ നിന്നാണ് പിസാബോക്സിൽ ദോശ എന്ന ആശയമെത്തുന്നത്. പിസാബോക്സ് കണ്ട് പിസ വാങ്ങാനെത്തിയവർക്ക് മുന്നിലേക്ക് ബട്ടർ ചിക്കൻ മസാലദോശ എത്തി. ഒരിക്കൽ കഴിച്ചവർ വീണ്ടും വാങ്ങാനെത്തിയതോടെ ദോശ പാരഗൺ ഹിറ്റായി. ടൈംസ് കോളനിസ്റ്റ് എന്ന അവിടുത്തെ പ്രമുഖ പത്രം വർഷാവർഷം നടത്തുന്ന, ഏറ്റവും പ്രിയപ്പെട്ട രുചി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന റീഡേഴ്സ് ചോയ്സ് അവാർഡ് കഴിഞ്ഞ നാലുവർഷവും തുടർച്ചയായി വിജയിച്ചത് ദോശപാരഗൺ തന്നെ!
കൂട്ടാണ് വിജയമന്ത്രം
പ്രശാന്തിന്റെയും ലതികയുടെയും കൂട്ടുകെട്ട് തന്നെയാണ് ദോശപാരഗണിന്റെയും വിജയം. കാനഡയിലും തൊഴിലാളികൾക്ക് ക്ഷാമമാണ്. മുതലാളി തന്നെ തൊഴിലാളി ആകാനെടുത്ത തീരുമാനമാണ് ശരിക്കും ദോശപാരഗണിനെ തുടക്കത്തിൽ രക്ഷിച്ചതെന്ന് പറയുന്നു പ്രശാന്ത്. കട തുടങ്ങി ആറുമാസത്തിനുള്ളിൽ കോവിഡ് വന്നു. ഇത്തവണ തോറ്റുപിന്മാറില്ല എന്ന തീരുമാനിച്ചു. കച്ചവടം കുറഞ്ഞെങ്കിലും ടേക്ക് എവേ ആയി ദോശ നൽകുന്നത് തുടർന്നു. ആദ്യത്തെ രണ്ടരവർഷം വരവും ചെലവും തട്ടിയും മുട്ടിയും പോകുന്ന അവസ്ഥയായിരുന്നു. പതിയെ ലാഭത്തിലേക്കുള്ള യാത്ര തുടങ്ങി. കിട്ടുന്നത് മുഴുവൻ കച്ചവടം വളർത്താനെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നാലുവർഷത്തിന് ശേഷം കൂടുതൽ സൗകര്യങ്ങളോടെ ദോശപാരഗൺ എന്ന റസ്റ്ററന്റിന് തുടക്കമാകുന്നത്.
ദോശപാരഗണിന്റെ ആദ്യദിനം 40 പേരാണ് ദോശ വാങ്ങിയതെങ്കിൽ ഇന്ന് രണ്ടു കടകളിലുമായി ദിനവും മുന്നൂറോളം പേരെത്തുന്നുണ്ട്. അതിൽ 60 ശതമാനം തദ്ദേശീയരും 40 ശതമാനം ഇന്ത്യക്കാരും. രണ്ടിടത്തുമായി 17 പേർ ജോലിക്കാർ. ആദ്യത്തെ ദോശപാരഗൺ ഇപ്പോൾ പ്യുവർ വെജിറ്റേറിയൻ കടയാക്കി. രണ്ടാമത്തെ റസ്റ്ററന്റിൽ മൈസൂർ മസാലദോശ ഉൾപ്പെടെ വിവിധതരം ദോശയോടൊപ്പം ഇഡലി, വട, പൊറോട്ട, അപ്പം, ബീഫ്, ചിക്കൻ, കൊത്തുപൊറോട്ട തുടങ്ങി ദക്ഷിണേന്ത്യൻ രുചികൾ പലതും ഇവിടുത്തുകാരുടെ പ്രിയരുചികളായി മാറി. ചായയും ഹോട്ട് ഡ്രിങ്ക്സും ഒക്കെയുണ്ടെങ്കിലും ഇവിടുത്തെ സൗത്ത് ഫിൽട്ടർ കോഫിയ്ക്ക് ആരാധകർ ഏറെയാണ്. എരിവ് അൽപം കുറച്ച സാമ്പാർ സൂപ്പ് പോലെ ആസ്വദിച്ചാണ് ആളുകൾ കഴിക്കുന്നത്. എല്ലാ രുചികളുടെയും വിജയക്കൂട്ട് കൃത്യമായി തൊഴിലാളികൾക്ക് പഠിപ്പിച്ച് കൊടുത്ത് രുചി രണ്ടിടത്തും ഒരുപോലെ ആണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പാചകമുൾപ്പെടെ ആദ്യത്തെ റസ്റ്ററന്റിന്റെ മേൽനോട്ടം പ്രശാന്തും രണ്ടാമത്തേതിന്റേത് ലതികയുമാണ് നിർവഹിക്കുന്നത്. വർഷത്തിൽ അതിശൈത്യം വരുന്ന മാസങ്ങളിൽ മാത്രമേ ഇവിടെ മഞ്ഞ് മൂടുകയുള്ളൂ. അതുകൊണ്ട് തന്നെ ഓരോ രാത്രിയും ദോശമാവ് തയ്യാറാക്കി അടുപ്പിനരികിൽ വച്ചാൽ തന്നെ പിറ്റേന്ന് രാവിലെ 11 മണിയാകുമ്പോഴേക്കും മാവ് തയ്യാറാകും. 11.30 മുതൽ രാത്രി 8 വരെയാണ് ഹോട്ടലുകളുടെ പ്രവൃത്തിസമയം.
മഞ്ഞ് മൂടുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറവായതിനാൽ കച്ചവടം കുറവായിരിക്കും. ഓരോ ദിവസത്തേക്കും വേണ്ടി തയ്യാറാക്കുന്ന മാവും മറ്റു കറികളും അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുന്നില്ല എന്നതും ആളുകളിൽ വിശ്വാസമുണ്ടാക്കി.
ദോശപാരഗണിന്റെ വിശേഷങ്ങൾ തീരുന്നില്ല. തങ്ങളുടെ പ്രദേശത്ത് ദോശപാരഗൺ തുടങ്ങണമെന്ന് പലരും ആവശ്യപ്പെടാറുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള നനൈമോ എന്ന നഗരത്തിൽ ദോശപാരഗണിന്റെ മറ്റൊരു ബ്രാഞ്ച് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പ്രശാന്തും ലതികയും. ഇന്ത്യൻ രുചികൾ ഗുണമേന്മയും രുചിയും ചോരാതെ ആളുകളിലേക്ക് എത്തിക്കാൻ കഴിയുന്നതാണ് തങ്ങളുടെ വിജയമന്ത്രമെന്ന് പ്രശാന്തും ലതികയും പറയുന്നു.