ADVERTISEMENT

നാട്ടിൻപുറത്ത് ഒരു ചെറിയ സ്റ്റോർ. വേനൽ കടുക്കുമ്പോൾ അവിടെ റോഡ് സൈഡിൽ വണ്ടികളുടെ നീണ്ട നിര. എന്താ കാര്യം? വെറും നാരങ്ങാ വെള്ളമാണത്രെ കാരണം. ഇതെന്താണെന്നു കണ്ടുപിടിക്കണമല്ലോ എന്നു കരുതി അവിടെ കയറി.

ഒരു മുഴുവൻ നാരങ്ങ പിഴിഞ്ഞ് സോഡ ഒഴിച്ച് കാന്താരിമുളക് കുനുകുനാ അരിഞ്ഞ് ഐസുമിട്ട് മിക്സിയിലിട്ടടിച്ച് ബീർ ഗ്ലാസ്പോലുള്ള വലിയ ഗ്ലാസിലാക്കി കൊടുക്കുകയാണ്. കുടിച്ചു കഴിയുമ്പോഴേക്കു ചൂടും ക്ഷീണവുമൊക്കെ മാറിയപോലെ. ‘മാനത്തുനിന്നെങ്ങാനും വന്നതാണോ’ എന്ന് വടക്കൻപാട്ടിൽ പാണൻമാർ പാടുംപോലെയാണ് നാരങ്ങാവെള്ളത്തിന്റെ പ്രശസ്തി.

സാദാ ലൈം സോഡയ്ക്ക് 10–15 രൂപ ഈടാക്കുമ്പോൾ ഇവിടെ 25 രൂപയാണ്. പക്ഷേ, വില ആർക്കും പ്രശ്നമല്ല. അതിന്റെകൂടെ ഒരു ജ്യൂസിന്റെ കച്ചവടവുമുണ്ട്. കുട്ടികളാണ് അതിന്റെ പിറകേപോകുന്നത്. കുറച്ചു ഫ്രൂട്സ് അരിഞ്ഞതു ചേർത്തുള്ള ജ്യൂസാണ്. സ്പൂൺകൂടി കൊടുക്കും കോരി കഴിക്കാൻ, 30 രൂപ. രണ്ടിനും തകർത്ത് കച്ചവടം.

വെറും 100 നാരങ്ങാ വെള്ളം വിറ്റാൽതന്നെ 2500 രൂപ കിട്ടുമെന്നതു ശ്രദ്ധിക്കുക. ആളുകൾക്ക് ഇപ്പോൾ ക്വാളിറ്റിയാണു വേണ്ടത്, വിലക്കുറവല്ല. ഗൃഹോപകരണ കടകളിൽ ഏറ്റവും മുന്തിയ സാധനങ്ങൾക്കാണു പ്രിയം. വില കുറഞ്ഞ ഇനങ്ങൾക്കല്ല. പഴയ 26, 32 ഇഞ്ച് ടിവി ഇന്നാർക്കും വേണ്ട. വലുതുതന്നെ വേണം.

വേനൽക്കാല ബിസിനസുകൾ

വേനൽക്കാലത്ത് ഇങ്ങനെ അനേകം ബിസിനസുകളുണ്ട്. ജ്യൂസുകളും ഫലൂദകളും ഐസ്ക്രീമുകളും പാലും ചേർത്തുള്ള ജ്യൂസുകളും തകൃതിയായിപോകുന്നു. വെറും സ്റ്റോർ നടത്തുന്നവർ അതിലേക്കു മാറിയാൽ കോളാണ്.

പലവ്യഞ്ജന സ്റ്റോറുകൾക്ക് ഇപ്പോൾ കച്ചവടം മോശമാണ്. ഇൻസ്റ്റ‌മാർട്ട്പോലുള്ള ഓൺലൈൻ ഇടപാടുകളിലാണ് വീട്ടമ്മമാർക്കു താൽപര്യം. ഓർഡർ ചെയ്ത് 10 മിനിറ്റിനകം സാധനം വീട്ടിലെത്തും. ‘പലോഞ്ഞനക്കട’വരെ സഞ്ചിയുമായി നടന്നുപോകാൻ ആർക്കും താൽപര്യമില്ല.

ലാസ്റ്റ്പോസ്റ്റ് : കാലത്തിനനുസരിച്ചു മാത്രമല്ല സീസൺ അനുസരിച്ചും ബിസിനസിൽ മാറ്റം വരുത്തിയേ പറ്റൂ. പഴയ സ്പോഞ്ച് കേക്കും പഫ്സും ക്രീം ബണ്ണുമല്ലാതെ പുതിയ പലഹാരങ്ങളിലേക്കു മാറാൻ മടിച്ച എത്ര ബേക്കറികൾ പൂട്ടിപ്പോയിരിക്കുന്നു!! 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com