ബൈജു രവീന്ദ്രന്റെ നേരിട്ടുള്ള മേൽനോട്ടത്തിലേക്ക് ബൈജൂസ്
Mail This Article
ന്യൂഡൽഹി∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ സിഇഒ അർജുൻ മോഹൻ രാജിവച്ചു. ഇനി ദൈനംദിന പ്രവർത്തനങ്ങൾക്ക് സ്ഥാപകൻ ബൈജു രവീന്ദ്രൻ മേൽനോട്ടം വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. ലേണിങ് ആപ്പും ഓൺലൈൻ ക്ലാസും, ട്യൂഷൻ സെന്റർ, ടെസ്റ്റ് പ്രിപ്പറേഷൻ എന്നിങ്ങനെ കമ്പനിയുടെ ബിസിനസ് മൂന്ന് ഡിവിഷനുകളാക്കി തിരിക്കും. ഇവയ്ക്ക് പ്രത്യേക മേധാവികളെയും നിയമിക്കുമെന്ന് കമ്പനി പറഞ്ഞു. നാലു വർഷമായി ബൈജു രവീന്ദ്രൻ മൂലധന സമാഹരണത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അർജുൻ മോഹൻ ഉപദേശകനായി തുടരും.
അതേസമയം, ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി മൂലധനം ഉയർത്തുന്നതിന് ഭൂരിപക്ഷം ഓഹരി ഉടമകളും അനുമതി നൽകി. അവകാശ ഓഹരി വിറ്റ് കൂടുതൽ തുക സമാഹരിക്കാനായി, മാർച്ച് 29ന് ചേർന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങിൽ(ഇജിഎം) ആണ് ഓഹരി മൂലധനം ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ ഒരു കൂട്ടം നിക്ഷേപകർ ഇത് എതിർത്തു. വോട്ടെടുപ്പിലൂടെ 55 ശതമാനം നിക്ഷേപകരും ഇപ്പോൾ അനുമതി നൽകിയെന്ന് കമ്പനി അറിയിച്ചു. ശമ്പള കുടിശിക അടക്കം തീർക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. അവകാശ ഓഹരി വിറ്റു സമാഹരിച്ച തുക നിക്ഷേപ പങ്കാളികളായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ എന്നിവരുടെ പരാതിയെ തുടർന്ന് നിലവിൽ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണൽ മരവിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി വെട്ടിക്കുറച്ചതാണ് നിക്ഷേപകർ ചോദ്യം ചെയ്തത്. 23ന് ട്രൈബ്യൂണൽ വീണ്ടും വാദം കേൾക്കും. 20 കോടി ഡോളറാണ് അവകാശ ഓഹരി വിൽപന വഴി സമാഹരിച്ചത്.