തട്ടിപ്പ് വ്യാപകം, സമൂഹമാധ്യമങ്ങളിലെ ഉപദേശം വിശ്വസിക്കരുതെന്ന് സെബി
Mail This Article
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്.
‘25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. തട്ടിപ്പുകാർ ഇരകളെ വാട്സാപ് ഗ്രൂപ്പുകളിൽ ചേർത്ത് പിന്നീട് അവർ നിർദേശിക്കുന്ന ട്രേഡിങ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കും. ഇത്തരം ആപ്പുകളിൽ യഥാർഥ ഓഹരി വ്യാപാരത്തിന് പകരം 'പേപ്പർ ട്രേഡിങ്' ആണ് നടക്കുന്നത്. 'മെസ്സേജിങ് ആപ്പുകളും' നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നുണ്ട്. 'സെബിയിൽ റജിസ്റ്റർ ചെയ്ത ഏജന്റ് ' ആണെന്ന നിലയിലും നിക്ഷേപകരെ പലരും ചതിക്കുഴിയിൽ വീഴ്ത്തുന്നുണ്ട്. ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ഏജന്റുമാരുടെ വിവരങ്ങൾ ലഭ്യമാണ്. നിക്ഷേപ ഉപദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ തന്നെ ബിഎസ്ഇ വെബ്സൈറ്റ് നോക്കി അംഗീകൃത ഏജന്റ് ആണോയെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം തീരുമാനങ്ങളെടുക്കാവൂ’– നിക്ഷേപകർക്ക് അയച്ച കത്തിൽ സെബി അറിയിച്ചു.