വില കുറവ്, പുതുതരംഗമായി 18 കാരറ്റ് സ്വർണാഭരണങ്ങൾ; ആകർഷണീയതകൾ ഏറെ
Mail This Article
ഫാഷൻ ട്രെൻഡിങ് ലിസ്റ്റിൽ മാത്രം ഇടം പിടിച്ചിരുന്ന 18 കാരറ്റ് സ്വർണ ആഭരണങ്ങൾ ഇപ്പോൾ വിവാഹ പർച്ചേസിംഗിൽ അടക്കം താരമായി മാറുകയാണ്. അനുദിനം വർധിച്ചു വരുന്ന സ്വർണ വിലയാണ് 22 കാരറ്റ് സ്വർണത്തെക്കാൾ 18 കാരറ്റിൽ നിർമിക്കുന്ന ആഭരണങ്ങളിലേക്ക് ആളുകൾ ചുവട് മാറ്റാനുള്ള പ്രധാന കാരണം. ഇതു വരെ 916 മാത്രം വാങ്ങിയിരുന്നവർ 18 കാരറ്റ് ആഭരണം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ആവശ്യക്കാർ ക്രമേണ വർധിക്കുകയാണെന്നു വിവാഹത്തിനുൾപ്പെടെ 18 കാരറ്റ് ആഭരണങ്ങൾ വലിയൊരു ട്രെൻഡ് ആയി മാറും എന്നും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ്.അബ്ദുൽ നാസർ പറയുന്നു.
-
Also Read
സ്വർണവില കുതിക്കാൻ കാരണം ഡീഡോളറൈസേഷൻ?
നിലവിൽ 22 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങൾ തമ്മിൽ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. ഇന്നത്തെ വില വച്ച് നോക്കുമ്പോൾ 18 കാരറ്റിന് ഗ്രാമിന് 5,525 രൂപയും പവന് 44,200 രൂപയുമാണ്. 22 കാരറ്റ് സ്വർണ വില കണക്കാക്കുമ്പോൾ 8,800 രൂപയുടെ ലാഭമാണ് 18 കാരറ്റിലുള്ള ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് ലഭിക്കുന്നത്. അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 18 കാരറ്റ് സ്വർണം സ്വന്തമാക്കാവുന്നതാണ്.
18 കാരറ്റ് ആഭരണങ്ങളുടെ പ്രത്യേകത
വളരെ ചെറുതും അതി മനോഹരവുമായ ഡിസൈനുകളാണ് 18 കാരറ്റിൽ കൂടുതലായി കാണുന്നത്. ഏതു വേഷത്തോടൊപ്പം ഇണങ്ങും. നിത്യേന ഉപയോഗിക്കാനും മികച്ചത്. അതുകൊണ്ട് തന്നെ ഈ ന്യൂജൻ ആഭരണങ്ങൾ പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ടതാണ്. പരമ്പരാഗത ഡിസൈൻ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ 18 കാരറ്റ് ആഭരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. വിവിധ ആഭരണങ്ങൾ അടങ്ങുന്ന സെറ്റ് ആയും സിംഗിൾ പീസ് ആയും വാങ്ങാം, അണിയാം എന്നതാണ് മറ്റൊരു പ്രത്യേകത. ലളിതമായ പെൻഡന്റു മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസു വരെ ഈ കളക്ഷനിൽ ലഭ്യമാണ്. കല്ലു പതിപ്പിച്ച സ്വർണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും നിലവിൽ 18 കാരറ്റ് സ്വർണമാണ് കൂടുതലായി ഉപയോഗിച്ച് വരുന്നത്.
വിൽക്കാമോ? പണയം വയ്ക്കാമോ?
22 കാരറ്റ് എന്നാൽ 91.6 ആണെങ്കിൽ 18 കാരറ്റ് 75.0 ശുദ്ധത ഉള്ളതാണ്. അതായത് 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വർണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളാണ്. 22 കാരറ്റിലെന്ന പോലെ 18 കാരറ്റിനും അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന് ആനുപാതികമായ വില വിൽക്കുമ്പോൾ ലഭിക്കും. 18 കാരറ്റ് ആഭരണങ്ങൾക്ക് പ്രചാരം കൂടുന്നതോടെ അവ പണയമായി സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.